KSDLIVENEWS

Real news for everyone

ചെര്‍ക്കളയിലെ സ്‌കൂളിലെത്താന്‍ കുട്ടികള്‍ക്ക് ദേശീയപാതയില്‍ സഞ്ചാരപാത ഒരുക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രതിഷേധ സംഗമം നടത്തി

SHARE THIS ON

“ചെര്‍ക്കള: ദേശീയപാതയില്‍ ചെര്‍ക്കളയില്‍ വരുന്ന മേല്‍പ്പാലം ദീര്‍ഘിപ്പിക്കുക, ചെര്‍ക്കള ഗവ. ഹയര്‍സെക്കണ്ടറി സകൂളിലെ കുട്ടികള്‍ക്ക് എന്‍.എച്ചില്‍ സഞ്ചാരപാത ഒരുക്കുക എന്നീ ആവശ്യങ്ങളുമായി നാഷണല്‍ ഹൈവേയില്‍ നടത്തിയ പ്രതിഷേധ സംഗമം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദ്‌രിയ അധ്യക്ഷത വഹിച്ചു. മാര്‍ത്തോമാ ബധിര സ്‌കൂള്‍ മാനേജര്‍ ഫാദര്‍ മാത്യു ബേബി, ചെങ്കള പഞ്ചായത്ത് വൈസ് പ്രസിഡന്റ് സഫിയ ഹാഷിം, മൂസ ബി. ചെര്‍ക്കള, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ബ്ലോക്ക് മെമ്പര്‍ ജെയിംസ് സി.വി., ഹനീഫ പാറ, ഇസ്മായില്‍ ബി.എ, അബ്ദുല്‍ റഹ്‌മാന്‍ ധന്യവാദ്, നാസര്‍ ചെര്‍ക്കളം, മുഹമ്മദ് ശരീഫ് ബി.എ., ആസ്മാസ്സ് അഹമ്മദ് ഹാജി, ഹസൈനാര്‍ ബദ്രിയ, മുഹമ്മദ് കുഞ്ഞി സി.എച്ച്., എന്‍.എ. ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ദേശീയപാതയ്ക്ക് ഇരുവശത്തുമുള്ള കെട്ടിടത്തിലാണ് മൂവായിരത്തില്‍പ്പരം കുട്ടികള്‍ പഠിക്കുന്ന ചെര്‍ക്കള സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. ദേശീയപാത വികസനം പൂര്‍ത്തിയാകുമ്പോള്‍ മേല്‍പ്പാലത്തിന്റെ ഭിത്തി വരുന്നതോടെ കുട്ടികള്‍ക്ക് സ്‌കൂളിലേക്ക് എത്താനുള്ള സഞ്ചാരപാത നഷ്ടപ്പെടുകയും പഠനം മുടങ്ങുന്ന അവസ്ഥയുമാണ് വരാന്‍ പോകുന്നത്. കൂടാതെ ചെര്‍ക്കള സ്‌കൂളില്‍ മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള ഓട്ടിസം സെന്റര്‍, ജില്ലയിലെ പ്രധാനപ്പെട്ട സ്‌പേസ് സെന്റര്‍, ഇന്‍ക്ലൂസീവ് എജുക്കേഷന്‍ സെന്റര്‍ എന്നിവയും തൊട്ടടുത്തായി മാര്‍ത്തോമ ബധിര വിദ്യാലയം, ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്‌ലാം മദ്രസ്സ എന്നീ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും അതുപോലെ കൃഷി ഓഫീസ്, ബ്ലോക്ക്, ഐ.സി.ഡി.എസ്. ഓഫീസ്, പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നീ സ്ഥാപനങ്ങളിലെയെല്ലാം ആശ്രയിക്കുന്ന ആളുകള്‍ക്ക് സഞ്ചാരപാത മുടങ്ങുകയാണ്. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ പ്രതിഷേധ സമരം തുടരാനാണ് കര്‍മ്മ സമിതിയുടെ തീരുമാനം. പ്രതിഷേധ സംഗമത്തില്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, വ്യാപാരികള്‍, രക്ഷിതാക്കള്‍, പി.ടി.എ. കമ്മിറ്റി പ്രതിനിധികള്‍, നാട്ടുകാര്‍, സംഘടനകള്‍, വിവിധ ക്ലബ് അംഗങ്ങള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!