സുഡാനില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരിച്ചെത്തിക്കണം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച് ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ നടപടികള്‍ കൈക്കൊള്ളണമെന്നഭ്യര്‍ത്ഥിച്ചാണ് കത്തെഴുതിയിരിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകരും വിദഗ്ധ തൊഴിലാളികളുമായി സുഡാനില്‍ ജോലിചെയ്യുന്ന നിരവധി മലയാളികള്‍ ഇപ്പോള്‍ കുടുങ്ങി കിടക്കുകയാണ്. അവര്‍ക്ക് കുടിവെള്ളവും ഭക്ഷണവും വൈദ്യുതിയും മരുന്നുകളും അടക്കമുള്ള അവശ്യവസ്തുക്കള്‍ ലഭ്യമല്ലാത്ത സാഹചര്യമാണുള്ളത്. ഏതാനും കേരളീയര്‍ സുഡാന്റെ ഒറ്റപ്പെട്ട ഉള്‍പ്രദേശങ്ങളില്‍ കുടുങ്ങിയിട്ടുള്ളതായും വിവരം ലഭിച്ചിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവരുടെ ദുരിതാവസ്ഥ സംബന്ധിച്ച് നിരവധി പരാതികള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍, വിഷയത്തില്‍ ഇടപെടണമെന്നും സുഡാനിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും അവരെ തിരിച്ചെത്തിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെടുന്നു. സുഡാനിൽ ആഭ്യന്തരയുദ്ധം ആറാംദിവസത്തിലേക്ക് കടന്നതോടെ മരണം 300 ആയി ഉയര്‍ന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. 50 ലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്ന ഖാര്‍ത്തൂമിന്റെ ചരിത്രത്തിലെ ഏറ്റവുംവലിയ രക്തച്ചൊരിച്ചിലാണ് നടന്നത്. നിരവധി ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തില്‍ പ്രശ്‌നം ചര്‍ച്ചചെയ്യുന്നതിന് പ്രധാനമന്ത്രി വെള്ളിയാഴ്ച ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്

