ഷിന്‍ഡെയും ശിവസേന വിമതരും ഗുജറാത്തില്‍, ഉദ്ധവ് സര്‍ക്കാരിനെ വീഴ്ത്താന്‍ ദ്വിമുഖ തന്ത്രവുമായി ബിജെപി

മുംബൈ: മഹാരാഷ്ട്രയിലെ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് കൂട്ടുകക്ഷി സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയില്‍. മന്ത്രിയും മുതിര്‍ന്ന ശിവസേന നേതാവുമായ ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം പാര്‍ട്ടി എംഎല്‍എമാര്‍ ബിജെപിയില്‍ ചേക്കേറുമെന്നാണ് സൂചനകള്‍. വിമത നീക്കത്തിന്റെ ഭാഗമായി ഷിന്‍ഡെയും പതിനൊന്നോളം എംഎല്‍എമാരും ഗുജറാത്തിലെ സൂറത്തിലുള്ള പഞ്ച നക്ഷത്ര ഹോട്ടലിലേക്ക് മാറി. ഇവിടെ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തി വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ദിവസം നടന്ന മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ വോട്ട് മറിച്ചതിന് പിന്നാലെയാണ് വിമതരെ കാണാതായത്. കൂടുതല്‍ ശിവസേന എംഎല്‍എമാരെ ഗുജറാത്തിലേക്ക് കടത്താനുള്ള നീക്കങ്ങളും നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നാടകീയ നീക്കങ്ങള്‍ക്കിടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എംഎല്‍എമാരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. എന്‍സിപി നേതാവ് ശരദ് പവാറുമായും കോണ്‍ഗ്രസ് നേതാക്കളുമായും ഉദ്ധവ് താക്കറെ ചര്‍ച്ച നടത്തി വരികയാണ്. ശരദ് പവാറിന്റെ നേതൃത്വത്തില്‍ ഏക്‌നാഥ് ഷിന്‍ഡെയെ അനുയയിപ്പിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.
എംഎല്‍സി തിരഞ്ഞെടുപ്പില്‍ ചില കോണ്‍ഗ്രസ് എംഎല്‍എമാരും വോട്ട് മറിച്ചതായി ആരോപണം ഉയരുന്ന പശ്ചാത്തലത്തില്‍ വമ്പന്‍ അട്ടിമറി ശ്രമം തന്നെ നടക്കുന്നതായാണ് സൂചന. കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
സൂറത്തിലെ മെറിഡിയന്‍ ഹോട്ടലില്‍ തമ്പടിച്ചിട്ടുള്ള ശിവസേന വിമതര്‍ക്കൊപ്പം ചില സ്വതന്ത്ര എംഎല്‍എമാരുമുണ്ട്. ഇതിനിടെ ഷിന്‍ഡെ ഉടന്‍ മാധ്യമങ്ങളെ കാണുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒരേ സമയം ശിവസേനയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും എംഎല്‍എമാരെ അടര്‍ത്തിയെടുക്കുന്നതിനുള്ള തന്ത്രങ്ങളിലാണ് ബിജെപി ക്യാമ്പ്.
സൂറത്തിലുള്ള തങ്ങളുടെ എംഎംഎല്‍എമാരുമായി ബന്ധപ്പെട്ട് വരികയാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ‘ഉദ്ധവ് ജിയും പവാര്‍ സാഹിബും സ്ഥിതിഗതികള്‍ സംബന്ധിച്ച ചര്‍ച്ച നടത്തുന്നുണ്ട്. ആരെങ്കിലും കിങ്‌മേക്കറാണെന്ന ധാരണയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവര്‍ പരാജയപ്പെടും’ റാവത്ത് പറഞ്ഞു.
എംഎല്‍എമാരെ സൂറത്തില്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നും അവര്‍ ഉടന്‍ തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു. മഹാവികാസ് അഘാടി സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും മഹാരാഷ്ട്ര മധ്യപ്രദേശില്‍ നിന്നും രാജസ്ഥാനില്‍ നിന്നും വ്യത്യസ്തമാണെന്ന കാര്യം ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഷിന്‍ഡെയുടെ പരാതി
താനെയില്‍ നിന്നുള്ള ശിവസേനയുടെ പ്രമുഖ നേതാവാണ് ഏക്‌നാഥ് ഷിന്‍ഡെ. താനെ മേഖലയില്‍ ശിവസേനയെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള ഷിന്‍ഡെ അടുത്തിടെയാണ് ഉദ്ധവ് താക്കറെയുമായി ഇടയുന്നത്. ശിവസേനയില്‍ വ്യക്തമായ മേധാവിത്വമുള്ള ഷിന്‍ഡെയെ ബിജെപിയുമായി വഴിപിരിഞ്ഞപ്പോള്‍ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തിരുന്നു.
തുടര്‍ന്ന് മഹാവികാസ് അഘാടി സഖ്യം മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ അദ്ദേഹത്തെ നഗര വികസന-പൊതുമരാമത്ത് വകുപ്പുകളോടെ കാബിനറ്റ് മന്ത്രിയാക്കി. തന്നെ അകറ്റി നിര്‍ത്തുന്നുവെന്ന പരാതിയിലാണ് ഷിന്‍ഡെ നേതൃത്വവുമായി ഇടഞ്ഞത്. മകന്‍ ഡോ.ശ്രീകാന്ത് ഷിന്‍ഡെ കല്യാണില്‍ നിന്നുള്ള ലോക്‌സഭാ അംഗമാണ്.
ഉദ്ധവ് സര്‍ക്കാരിന്റെ ഭാവി
2019 പൊതുതിരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിച്ച ബിജെപിയും ശിവസേനയും തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നതുമായി ബന്ധപ്പെട്ട് വഴിപിരിയുകയായിരുന്നു. ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപിയെ മാറ്റിനിര്‍ത്തി ശിവസേന എന്‍സിപിയുമായും കോണ്‍ഗ്രസുമായും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചു. ശിവസേന 56, എന്‍സിപി 53, കോണ്‍ഗ്രസ് 44 എന്നിങ്ങനെയും സ്വതന്ത്രരും ചെറുപാര്‍ട്ടികളുമടക്കം 169 എംഎല്‍എമാരുടെ പിന്തുണയാണ് മഹാവികാസ് അഘാടിക്കുള്ളത്. ബിജെപിക്ക് 106 എംഎല്‍എമാരുണ്ട്. ശിവസേനയിലെ വിമത നീക്കങ്ങളും സ്വതന്ത്രരുടേയും പിന്തുണ ലഭിച്ചാല്‍ സഖ്യ സര്‍ക്കാരിനെ അട്ടിമറിച്ച് സര്‍ക്കാര്‍ രൂപീകരിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഉദ്ധവ് സര്‍ക്കാരില്‍ വിള്ളല്‍ വീഴ്ത്താന്‍ പലതവണ ശ്രമം നടത്തിയിട്ടുള്ള ബിജെപിയുടെ ഒടുവിലെ നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ചില കോണ്‍ഗ്രസ് എംഎല്‍എമാരേയും ബിജെപി ബന്ധപ്പെട്ടതായ റിപ്പോര്‍ട്ടുകളുണ്ട്.
മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കങ്ങള്‍
വിമത നീക്കങ്ങള്‍ക്ക് പിന്നാലെ മഹാരാഷ്ട്രയില്‍ തിരക്കിട്ട ചര്‍ച്ചകളിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പാര്‍ട്ടി എംഎല്‍എമാരുടെ അടിയന്തര യോഗം വിളിച്ചു. എല്ലാ എംഎല്‍എമാരും എത്തണമെന്നാണ് കര്‍ശന നിര്‍ദേശം. ഉച്ചയ്ക്കാണ് യോഗം വിളിച്ചിരിക്കുന്നത്. ഇതിനിടെ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ദേവേന്ദ്ര ഫ്ഡ്‌നാവിസ് ഡല്‍ഹിയിലെത്തി. ആഭ്യന്തര മന്ത്രി അമിത് ഷായുമായി അദ്ദേഹം ചര്‍ച്ച നടത്തും. മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ ഉച്ചയ്ക്ക് രണ്ടു മണിക്ക് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
ഇതിനിടെ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്‍ഡ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. കാര്യങ്ങള്‍ ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചിട്ടുണ്ടെന്നും എംഎല്‍എമാരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടില്ലെന്നും പിസിസി അധ്യക്ഷന്‍ നാന പടോല അറിയിച്ചു.

