പത്തടിപ്പാലത്തെ കൊച്ചി മെട്രോ തൂണിന്റെ ബലക്ഷയം പരിഹരിച്ചു; സര്‍വീസുകള്‍ക്ക് ഇനി നിയന്ത്രണമില്ല

കൊച്ചി: കൊച്ചി മെട്രോയുടെ പത്തടിപ്പാലത്തെ തൂണിലെ ബലക്ഷയം പരിഹരിച്ചു. നാല് പൈലുകള്‍ അധികമായി സ്ഥാപിച്ച് തൂണ് ബലപ്പെടുത്തിയാണ് പ്രതിസന്ധി മറികടന്നത്. ഇതോടെ നാല് മാസമായി തുടര്‍ന്ന മെട്രോ സര്‍വീസിനുള്ള നിയന്ത്രണം പിന്‍വലിച്ചു.
കൊച്ചി മെട്രോയുടെ പത്തടിപ്പാലത്തെ 347ആം നമ്ബര്‍ തൂണ് ഇനി അശക്തമല്ല. ബലപ്പെടുത്തിയ തൂണിന് മുകളിലൂടെ ഇനി ഏഴര മിനിറ്റ് ഇടവേളയില്‍ മെട്രോ ട്രെയിനുകള്‍ കടന്ന് പോകും. നാല് മാസ് മുമ്ബ് ബലക്ഷയം കണ്ടെത്തിയതിന് പിന്നാലെ തൂണിന് മുകളിലൂടെയുള്ള മെട്രോ സര്‍വീസ് 20 മിനിറ്റ് ഇടവിട്ടാക്കി നിയന്ത്രിച്ചിരുന്നു. നാല് പൈലുകള്‍ അധികമായി സ്ഥാപിച്ച് പൈല് ക്യാപ് മുഖേന ബന്ധിപ്പിച്ചാണ് തൂണിന്റെ അടിത്തറ ശക്തിപ്പെടുത്തിയത്. ലോഡ് ടെസ്റ്റ് നടത്തി പൈലുകളുടെ ബലപരിശോധനയും ഓസിലേഷന്‍ മോണിറ്ററിംഗിലൂടെ ട്രെയിന്‍ യാത്ര പരിശോധനയും വേഗ പരിശോധനയും നടത്തി സുരക്ഷ ഉറപ്പാക്കി. ഇതോടെയാണ് മെട്രോ സര്‍വീസ് നിയന്ത്രണം പിന്‍വലിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് പത്തടിപ്പാലത്തെ മെട്രോ ട്രാക്കിന്റെ അലൈന്മെന്റില് അകല്‍ച്ച കണ്ടെത്തുന്നത്. പരിശോധനയില്‍ തൂണിന്റെ ബലക്ഷയമാണ് പ്രശ്നമെന്ന് വ്യക്തമായി. തൂണിനായി നടത്തിയ പൈലിംഗ് താഴെ പാറ നിരപ്പില്‍ എത്തിയിരുന്നില്ല. പൈലിംഗും പാറയും തമ്മില്‍ ഒരു മീറ്ററോളം അകല്‍ച്ചയുണ്ടെന്ന് ജിയോ ടെക്നിക്കല്‍ പഠനത്തില്‍ കണ്ടെത്തി. തുടര്‍ന്ന് ഡിഎംആര്‍സി, എല്‍ആന്‍ഡ്ടി, കെഎംആര്‍എല്‍ എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ പണികള്‍ക്കൊടുവിലാണ് ബലക്ഷയം പരിഹരിച്ചത്.

