KSDLIVENEWS

Real news for everyone

എം.ജി. സർവകലാശാല രഹസ്യവിഭാഗത്തിൽനിന്ന് 54 പി.ജി. സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായി

SHARE THIS ON

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ 54 പി.ജി. സർട്ടിഫിക്കറ്റ്‌ ഫോർമാറ്റുകൾ സെക്‌ഷനിൽനിന്ന്‌ കാണാതായി. പരീക്ഷാഭവനിലെ പി.ഡി.-അഞ്ച്‌ സെക്‌ഷനിൽനിന്നാണ്‌ കാണാതായത്‌. ബാർകോഡും ഹോളോഗ്രാമും പതിച്ചവയാണിവ. ഈ ഫോർമാറ്റുകളിൽ വിദ്യാർഥിയുടെ വിവരങ്ങളും രജിസ്റ്റർ നമ്പറും ചേർത്ത്‌ വൈസ്‌ ചാൻസലുടെ ഒപ്പും പതിച്ചാൽ ഡിഗ്രി സർട്ടിഫിക്കറ്റ്‌ തയ്യാറാകും. ഫോർമാറ്റുകൾ ഉപയോഗിച്ച്‌ വ്യാജസർട്ടിഫിക്കറ്റുകൾ തയ്യാറാക്കാനാകും. അങ്ങേയറ്റം രഹസ്യസ്വഭാവത്തോടെ സൂക്ഷിക്കുന്ന സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായത്‌ ദുരൂഹമാണ്‌. റിപ്പോർട്ട്‌ നൽകാൻ വൈസ്‌ ചാൻസലർ പരീക്ഷാകൺട്രോളറെ ചുമതലപ്പെടുത്തി. സെക്‌ഷൻ ഓഫീസർക്കാണ്‌ ഈ ഫോർമാറ്റുകൾ സൂക്ഷിക്കാനുള്ള ചുമതല. അഞ്ഞൂറെണ്ണമുള്ള ഒരു കെട്ട്‌ ആയാണ്‌ ഇവ സൂക്ഷിക്കുന്നത്‌. ഒരാഴ്ചമുമ്പ്‌ സെക്‌ഷനിലെ രജിസ്റ്റർ കാണാതായിരുന്നു. ഇത്‌ കണ്ടെത്താനുള്ള ശ്രമത്തിനിടെ മേശയ്ക്കുള്ളിൽനിന്ന്‌ ഡിഗ്രി സർട്ടിഫിക്കറ്റിന്റെ രണ്ടു ഫോർമാറ്റ്‌ കണ്ടെത്തി. അതോടെയാണ്‌ കൂടുതൽ അന്വേഷണം തുടങ്ങിയത്‌. ഫോർമാറ്റിന്റെ കെട്ട്‌ പരിശോധിച്ചു. അതോടെ 54 എണ്ണം ഇല്ലെന്ന്‌ ബോധ്യമായി. സർവകലാശാലയിൽ ഡിഗ്രി സർട്ടിഫിക്കറ്റ്‌ തയ്യാറാക്കുന്ന എട്ടു വിഭാഗങ്ങളുണ്ട്. സർട്ടിഫിക്കറ്റുകൾ തയ്യാറാക്കാൻ സെക്‌ഷൻ ഓഫീസർ ഇത്‌ അസിസ്റ്റന്റിന്‌ കൈമാറുകയാണ്‌ പതിവ്‌. ആറു ജീവനക്കാരാണ്‌ സെക്‌ഷനിലുള്ളത്‌. വിശദമായി അന്വേഷിക്കും സംഭവത്തെക്കുറിച്ച്‌ വിശദമായി അന്വേഷിക്കുമെന്ന്‌ പരീക്ഷാ കൺട്രോളർ അറിയിച്ചു. ബുധനാഴ്ച സെക്‌ഷനിലെ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തും. അന്വേഷണത്തിനുശേഷമേ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാൻ കഴിയൂവെന്ന്‌ പരീക്ഷാ കൺട്രോളർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!