കണ്ണൂരിൽ വീണ്ടും തെരുവുനായ ആക്രമണം : അഞ്ചുവയസ്സുകാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂർ : കണ്ണൂരിൽ വീണ്ടും തെരുവുനായ ആക്രമണം . സ്കൂളിൽ പോകുന്നതിന് മുൻപായി കടയിലേക്ക് പോയ അഞ്ചു വയസ്സുകാരി തെരുവുനായ്ക്കളുടെ ആക്രമണത്തിൽനിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത് . തളിപ്പറമ്പ് ഞാറ്റുവയലിലെ ഹംദ ഉനൈസിനെ (5) ആണ് ബുധനാഴ്ച രാവിലെ വീടിനു മുൻപിൽവച്ച് തെരുവുനായ്ക്കൾ വളഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചത്. കടയിലേക്ക് പോകാനായി മുറ്റത്തുനിന്നു പുറത്തിറങ്ങിയതിനു പിന്നാലെ മൂന്നു നായ്ക്കൾ പാഞ്ഞ് അടുക്കുകയായിരുന്നു. കുട്ടിയെ നായ്ക്കൾ വളഞ്ഞെങ്കിലും കുട്ടി തിരിച്ച് വീട്ടുമുറ്റത്തേക്ക് ഓടിക്കയറി. കുട്ടിയുടെ കരച്ചിൽ കേട്ട് മാതാവും പുറത്തുനിന്ന് മറ്റൊരു സ്ത്രീയും ഓടിയെത്തിയപ്പോഴാണ് നായ്ക്കൾ പിന്തിരിഞ്ഞത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

