ഛേത്രിയ്ക്ക് ഹാട്രിക്ക്, സാഫ് കപ്പില്‍ പാകിസ്താനെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്ത് ഇന്ത്യ

ബെംഗളൂരു: 2023 സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ തുടക്കം. ചിരവൈരികളായ പാകിസ്താനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് നാണം കെടുത്തി ഇന്ത്യ വിജയമാഘോഷിച്ചു. ഇന്ത്യയ്ക്ക് വേണ്ടി നായകന്‍ സുനില്‍ ഛേത്രി ഹാട്രിക്ക് നേടി. ഉദാന്ത സിങ്ങാണ് നാലാം ഗോള്‍ നേടിയത്. ഈ വിജയത്തോടെ ഇന്ത്യ ഗ്രൂപ്പ് എയില്‍ ഒന്നാമതെത്തി. ശക്തമായ ടീമിനെയാണ് പാകിസ്താനെതിരേ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് ഇറക്കിയത്. മലയാളി താരങ്ങളായ സഹല്‍ അബ്ദുള്‍ സമദും ആഷിഖ് കുരുണിയനും ആദ്യ ഇലവനില്‍ ഇടം നേടി. മത്സരത്തിന്റെ ആദ്യ മിനിറ്റ് തൊട്ട് ഇന്ത്യ ആക്രമണം അഴിച്ചുവിട്ടു. അതിന്റെ ഭാഗമായി 10-ാം മിനിറ്റില്‍ തന്നെ ബ്ലൂ ടൈഗേഴ്‌സ് മത്സരത്തില്‍ ലീഡെടുത്തു. സൂപ്പര്‍ താരം സുനില്‍ ഛേത്രിയാണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഗോള്‍ നേടിയത്. പാകിസ്താന്‍ ഗോള്‍കീപ്പര്‍ സാഖിബ് ഹനീഫിന്റെ മണ്ടത്തരമാണ് ഗോളിന് വഴിവെച്ചത്. പാക് പ്രതിരോധതാരം ഇഖ്ബാലിന്റെ മൈനസ് പാസ് സ്വീകരിച്ച സാഖിബിനടുത്തേക്ക് ഛേത്രി ഓടിയെത്തി. ഛേത്രിയെ മറികടന്ന് പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച സാഖിബിന്റെ ശ്രമം പാളി. ഗോള്‍കീപ്പറുടെ കാലില്‍ നിന്ന് തെന്നിമാറിയ പന്ത് അനായാസം പിടിച്ചെടുത്ത ഛേത്രി ആളൊഴിഞ്ഞ പോസ്റ്റിലേക്ക് നിറയൊഴിച്ചു. ഇതോടെ ഇന്ത്യ 1-0 ന് മുന്നിലെത്തി. ഒരു ഗോള്‍ വഴങ്ങിയതിന്റെ ആഘാതം വിട്ടുമാറുംമുന്‍പ് പാകിസ്താന് ഇന്ത്യയുടെ വക അടുത്ത പ്രഹരം ലഭിച്ചു. ഇത്തവണയും ഛേത്രി തന്നെയാണ് വലകുലുക്കിയത്. 16-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഛേത്രി ഇന്ത്യയ്ക്ക് വ്യക്തമായ ലീഡ് സമ്മാനിച്ചു. ബോക്‌സിനുള്ളില്‍ വെച്ച് പാക് പ്രതിരോധതാരത്തിന്റെ കൈയ്യില്‍ പന്ത് തട്ടിയതിനെത്തുടര്‍ന്നാണ് റഫറി ഹാന്‍ഡ്‌ബോളും പെനാല്‍റ്റിയും വിളിച്ചത്. കിക്കെടുത്ത ഇന്ത്യന്‍ ഇതിഹാസത്തിന് പിഴച്ചില്ല. അനായാസം പന്ത് വലയില്‍. പിന്നാലെ ഇന്ത്യ ആക്രമണം ശക്തിപ്പെടുത്തിയെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. ഇന്ത്യന്‍ ആക്രമണങ്ങള്‍ക്ക് മുന്നില്‍ പാകിസ്താന്‍ പ്രതിരോധം പകച്ചു. 45-ാം മിനിറ്റില്‍ ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചും പാക് താരങ്ങളും തമ്മില്‍ ഗ്രൗണ്ടില്‍ ഏറ്റുമുട്ടിയത് വലിയ വിവാദത്തിന് വഴിവെച്ചു. പിന്നാലെ പാക് പരിശീലകനും തര്‍ക്കത്തിലേര്‍പ്പെട്ടതോടെ റഫറി കടുത്ത തീരുമാനത്തിലേക്ക് നീങ്ങി. സ്റ്റിമാച്ചിന് ചുവപ്പുകാര്‍ഡ് വിധിച്ച റഫറി പാക് പരിശീലകന് മഞ്ഞക്കാര്‍ഡും നല്‍കി. പിന്നാലെ ആദ്യ പകുതി അവസാനിച്ചു. രണ്ടാം പകുതിയിലും ഇന്ത്യ തന്നെയാണ് നിറഞ്ഞുനിന്നത്. നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സാധിച്ചില്ല. എന്നാല്‍ 73-ാം മിനിറ്റില്‍ ഇന്ത്യയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. ഛേത്രിയെ പാക് പ്രതിരോധതാരം ബോക്‌സിനകത്തുവെച്ച് വീഴ്ത്തിയതിനെത്തുടര്‍ന്നാണ് റഫറി പെനാല്‍റ്റി വിധിച്ചത്. കിക്കെടുത്ത ഛേത്രിയ്ക്ക് ഇത്തവണയും പിഴച്ചില്ല. ഗോള്‍കീപ്പര്‍ സാഖിബിനെ നിസ്സഹായനാക്കി ഛേത്രി പാക് വല തുളച്ചു. ഇതോടെ താരം ഹാട്രിക്ക് പൂര്‍ത്തിയാക്കി. ഇന്ത്യന്‍ കുപ്പായത്തില്‍ ഛേത്രി നേടുന്ന നാലാം ഹാട്രിക്കാണിത്. ഇതോടെ ഇന്ത്യ വിജയമുറപ്പിച്ചു. പിന്നാലെ 81-ാം മിനിറ്റില്‍ ഇന്ത്യ നാലാം ഗോള്‍ നേടി. ഉദാന്ത സിങ്ങാണ് ഇന്ത്യയ്ക്ക് വേണ്ടി വലകുലുക്കിയത്. അന്‍വര്‍ അലിയുടെ അതിമനോഹരമായ ലോങ് പാസ് സ്വീകരിച്ച ഉദാന്ത പാക് ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍നില്‍ക്കെ അതിവേഗത്തില്‍ ലക്ഷ്യം കണ്ടു. പാക് പ്രതിരോധത്തെ പൊളിച്ചുകൊണ്ടാണ് അന്‍വര്‍ അലിയുടെ പാസ് വന്നത്. ഇത് ഉദാന്ത കൃത്യമായി ഗോളാക്കി മാറ്റുകയും ചെയ്തു. പിന്നാലെ ഇന്ത്യ ആധികാരിക വിജയം നേടി.

