എന്‍ഡോസള്‍ഫാന്‍: 203.235 കോടി രൂപ വിതരണം ചെയ്തു

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവ് പ്രകാരം ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദിന്റെ നേതൃത്വത്തില്‍ കാസര്‍കോട് ജില്ല ആസ്ഥാനത്ത് നടത്തിയ തീവ്രയജ്ഞത്തിന്റെ ഭാഗമായി 5156 പേര്‍ക്കായി 203,23,50,000 രൂപ വിതരണം ചെയ്തു. നേരത്തെ അനുവദിച്ച 200 കോടിക്ക് പുറമെ ജൂലായ് 16 ന് 6,30,50,000 രൂപ കൂടി അനുവദിച്ചതോടെയാണ് 203.235 കോടി രൂപ വിതരണം ചെയ്യാന്‍ സാധിച്ചത്.
ദുരിത ബാധിത പട്ടികയില്‍ ഉള്‍പ്പെട്ട അവശേഷിക്കുന്ന അര്‍ഹരായ അപേക്ഷകര്‍ക്ക് വേഗത്തില്‍ തുക കൈമാറുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിക്കുകയും തീര്‍പ്പാക്കുകയും ചെയ്യുന്നതിന് എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യല്‍ സെല്‍ മാത്രമല്ല ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റ് മുതല്‍ വില്ലേജ് ഓഫീസ് വരെ മുഴുവന്‍ ജീവനക്കാരും ഒറ്റക്കെട്ടായി അണിനിരന്നപ്പോള്‍ നഷ്ടപരിഹാര വിതരണം പൂര്‍ത്തിയാക്കാനായി.
ഏപ്രില്‍ 30നാണ് 200 കോടി അനുവദിച്ചതായി സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയത്. തുടര്‍ന്ന് ആദ്യ ഘട്ടത്തില്‍ പട്ടികയില്‍ ഉള്‍പ്പെട്ട എട്ടു പേര്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി. കൊവിഡ് രോഗികള്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി ആരംഭിച്ച വെബ്‌പോര്‍ട്ടല്‍ രൂപപ്പെടുത്തിയ മാതൃകയില്‍ മാറ്റം വരുത്തി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ നഷ്ടപരിഹാരം വിതരണം സുഗമമാക്കാന്‍ ഉപയോഗിച്ചു. ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വരികയും അര്‍ഹരായവര്‍ക്ക് കളക്ടറേറ്റിലേക്ക് എത്താതെ തന്നെ ധനസഹായത്തിന് അപേക്ഷിക്കാന്‍ സാധിക്കുകയും ചെയ്തു. നഷ്ടപരിഹാരത്തുക ജൂലായ് രണ്ടാം വരത്തില്‍ തന്നെ അപേക്ഷിച്ച മുഴുവന്‍ ദുരിത ബാധിതര്‍ക്കും നല്‍കാന്‍ ജില്ലാ ഭരണകൂടത്തിനായി. സഹായധനത്തിന് അര്‍ഹരായവരെ കണ്ടെത്താനുള്ള പരിശോധന ദ്രുതഗതിയില്‍ പൂര്‍ത്തീകരിച്ചു. ഞായറാഴ്ച ഉള്‍പ്പെടെ പ്രവര്‍ത്തിച്ച് കളക്ടറേറ്റിലെയും വില്ലേജ് ഓഫീസുകളിലെയും മുഴുവന്‍ ജീവനക്കാരും എന്‍ഡോസള്‍ഫാന്‍ തുക വിതരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി. അപേക്ഷ നല്‍കിയിട്ടില്ലാത്ത ദുരിതബാധിതരുടെ പട്ടിക പബ്ലിക് നോട്ടീസായും പ്രസിദ്ധീകരിച്ചിരുന്നു.

