ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം അസാധാരണം, രാജ്ഭവനെ രാഷ്ട്രീയ ഉപജാപക കേന്ദ്രമാക്കി മാറ്റി- മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവര്‍ണര്‍ രാജ്ഭവനെ രാഷ്ട്രീയ ഉപജാപ കേന്ദ്രമാക്കി മാറ്റുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രാജ്ഭവനിലെ വാര്‍ത്താസമ്മേളനം അസാധാരണ സംഭവമാണ്. സംസ്ഥാന സര്‍ക്കാരിനോടുള്ള അഭിപ്രായ വ്യത്യാസം അറിയിക്കാന്‍ നിയതമായ രീതികളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗവര്‍ണര്‍ രാഷ്ട്രീയ സംഘടനകളില്‍നിന്ന് അകലം പാലിക്കണം. എന്നാല്‍ ഗവര്‍ണര്‍ സ്ഥാനത്തിരുന്ന് താന്‍ ആര്.എസ്.എസുകാരനാണെന്ന് അദ്ദേഹം ഊറ്റംകൊള്ളുകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സാധാരണ നിന്ന് പറയുന്നത് ഗവര്‍ണര്‍ ഇരുന്ന് പറയുകയാണുണ്ടായത്. ഗവര്‍ണര്‍ വാര്‍ത്താസമ്മേളനം വിളിച്ച് പരസ്യനിലപാടെടുക്കുന്നത് കൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെ പറയേണ്ടി വന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രാജ്യത്ത് ഭരണഘടനയാണ് പ്രധാനം. ഗവര്‍ണറാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭരണഘടനാത്തലവന്‍. പക്ഷെ ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ഉപദേശമനുസരിച്ചായിരിക്കണം. ഇത് സംബന്ധിച്ച് നിരവധി സുപ്രീംകോടതി വിധികളുണ്ടന്നും മുഖ്യമന്ത്രി അറിയിച്ചു.

