KSDLIVENEWS

Real news for everyone

ലീഗുകാരേ കാര്യം പറഞ്ഞ് മനസിലാക്കുന്നതിലും ഭേദം ഒരു കിലോ ജീരകം തൊലി കളയുന്നതാണെന്നറിയാം; ബാനര്‍ വിവാദത്തെ ട്രോളി പി.വി അന്‍വര്‍

SHARE THIS ON

ആലുവ: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിനായി ആലുവയില്‍ സ്ഥാപിച്ച ബാനറില്‍ സവര്‍ക്കറുടെ ചിത്രം ഇടം പിടിച്ച സംഭവത്തില്‍ ട്രോളുമായി പി.വി അന്‍വര്‍ എം.എല്‍.എ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ലീഗിനെ പരിഹസിച്ച്‌ പോസ്റ്റിട്ടത്.

സവര്‍ക്കര്‍ ഇടം പിടിച്ചത് ചൂണ്ടി കാണിച്ചപ്പോള്‍ കര്‍ണ്ണാടകയില്‍ സ്വാതന്ത്ര്യദിനത്തില്‍ ബി.ജെ.പി സ്ഥാപിച്ച ബോര്‍ഡാണതെന്നാണ് ലീഗ് അണികള്‍ ന്യായീകരിച്ചത് എന്നായിരുന്നു അന്‍വറിന്റെ പോസ്റ്റ്. ഗാന്ധിജിയെ ഒഴിവാക്കി സവര്‍ക്കറിനെ ബോര്‍ഡില്‍ സ്ഥാപിച്ചത് കര്‍ണ്ണാടകയിലോ നോര്‍ത്തിലോ അല്ല സാഹിബുമാരേ, നമ്മുടെ കേരളത്തില്‍ തന്നെയാണെന്നും ലീഗുകാരേ കാര്യം പറഞ്ഞ് മനസ്സിലാക്കുന്നതിലും ഭേദം ഒരു കിലോ ജീരകം എടുത്ത് അതിന്റെ തൊലി കളയുന്നതാണെന്നറിയാം എന്നായിരുന്നു അന്‍വറിന്റെ പോസ്റ്റ്. ബാനര്‍ വിവാദമായതോടെ അതില്‍ ഗാന്ധിയുടെ ചിത്രം ഒട്ടിച്ചു ചേര്‍ക്കുന്ന വീഡിയോ പങ്കുവെച്ചായിരുന്നു അന്‍വറിന്റെ പോസ്റ്റ്.

‘സവര്‍ക്കറെ പ്രതിഷ്ഠിച്ചത് വിവാദമായതിന്റെ പേരില്‍ മാത്രം, അയാള്‍ക്ക് പകരം കോണ്‍ഗ്രസ് ബാനറില്‍ ഇടം പിടിച്ച മഹാത്മാവേ..അങ്ങേയ്ക്ക് പ്രണാമം എന്ന് പറഞ്ഞ് ഗാന്ധിയുടെ ചിത്രത്തോടെ മറ്റൊരു പോസ്റ്റും അന്‍വര്‍ ഫേസ്ബുക്കിലിട്ടുണ്ട്. അതേസമയം, അതൊരു അച്ചടി പിശകായിരുവെന്നും അക്ഷരാഭ്യാസമില്ലാത്ത ഒരു സാധരണ പ്രവര്‍ത്തകന്റെ ഭാഗത്ത്നിന്നുമുണ്ടായ ഉത്തരവാദിത്ത രഹിതമായ സംഭവമാണെന്നുമാണ് എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പ്രതികരിച്ചത്.

‘സ്വാതന്ത്ര്യ സമര സേനാനികള്‍ എന്ന് ഇന്റര്‍നെറ്റില്‍ തിരയുമ്ബോള്‍ സവര്‍ക്കറെ പോലുള്ളവരുടെ ചിത്രങ്ങളാണ് വരുന്നത്. കാശ് കൊടുത്തുവെച്ച ഫ്ളക്സാണത്. കാശ് കളയണ്ടാന്നുവെച്ച്‌ അവിടെ ഗാന്ധിയുടെ പടംവെച്ചു”- മുഹമ്മദ് ഷിയാസ് മീഡിയവണിനോട് പറഞ്ഞു. അബദ്ധം മനസ്സിലായപ്പോള്‍ പ്രവര്‍ത്തകന്‍ മാപ്പുപറഞ്ഞെന്നും മുഹമ്മദ് ഷിയാസ് വ്യക്തമാക്കി. തങ്ങള്‍ക്ക് പറ്റിയ തെറ്റ് സിപിഎമ്മാണ് വ്യാപകമായി പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ആലുവ നെടുമ്ബാശേരി എയര്‍പോര്‍ട്ട് ജംഗ്ഷന് സമീപം കോട്ടായിയില്‍ ദേശീയപാതയില്‍ സ്ഥാപിച്ച ബാനറിലാണ് സവര്‍ക്കറുടെ ചിത്രവും ഇടം പിടിച്ചത്. രവീന്ദ്രനാഥ് ടാഗോര്‍, അബ്ദുള്‍കലാം ആസാദ്, ജി.ബി. പന്ത് എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് സവര്‍ക്കറിന്റെ ചിത്രവും ഇടം പിടിച്ചത്. രാഹുലിന്റെ യാത്ര എത്തുന്നതിന് മണിക്കൂറുകള്‍ മുന്‍പാണ് ബാനറിലെ സവര്‍ക്കര്‍ ചിത്രം ഗാന്ധി ചിത്രമിട്ട് മൂടിയത്.

പി.വി അന്‍വറിന്റെ പോസ്റ്റ് വായിക്കാം…

ആലുവ ചെങ്ങമനാട് ജോഡോ യാത്രയുടെ പ്രചരണ ബോര്‍ഡില്‍ സവര്‍ക്കര്‍ ഇടം പിടിച്ചത് ചൂണ്ടി കാണിച്ചപ്പോള്‍, കര്‍ണ്ണാടകയില്‍ സ്വാതന്ത്ര്യദിനത്തില്‍ ബിജെപി സ്ഥാപിച്ച ബോര്‍ഡാണതെന്നാണ് ലീഗ് അണികള്‍ ഒട്ടിക്കുന്ന നരേഷന്‍ ഗാന്ധിജിയെ ഒഴിവാക്കി സവര്‍ക്കറിനെ ബോര്‍ഡില്‍ സ്ഥാപിച്ചത് കര്‍ണ്ണാടകയിലോ നോര്‍ത്തിലോ അല്ല സാഹിബുമാരേ,നമ്മുടെ കേരളത്തില്‍ തന്നെയാണ്. അവിടുത്തെ കോണ്‍ഗ്രസ് നേതൃത്വം തെറ്റ് തിരുത്തിയിട്ടുണ്ട്.ഒഴിവാക്കിയ ഗാന്ധിജിയുടെ ചിത്രം വെച്ച്‌ തങ്ങള്‍ക്ക് പ്രിയപ്പെട്ട സവര്‍ക്കറിനെ അവര്‍ മറച്ചിട്ടുണ്ട്. ലീഗുകാരേ കാര്യം പറഞ്ഞ് മനസ്സിലാക്കുന്നതിലും ഭേദം,ഒരു കിലോ ജീരകം എടുത്ത് അതിന്റെ തൊലി കളയുന്നതാണെന്നറിയാം.എങ്കിലും ഈ വീഡിയോ കൂടി ഇവിടെ കിടക്കട്ടേ..??

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!