മതിൽ നിർമാണം പൂർത്തിയായില്ല; കാസർകോട് പഴയ ബസ് സ്റ്റാൻഡിലെ നടപ്പാതയിൽ അപകടക്കെണി

കാസർകോട് ∙പഴയ ബസ് സ്റ്റാൻഡിലെ നടപ്പാതയിലൂടെ പോകുന്നവരും ഇതിനു സമീപത്തു കച്ചവടം ചെയ്യുന്നവരും ശ്രദ്ധിക്കുക, അപകടം ഒളിഞ്ഞിരിപ്പുണ്ട്, മതിലിന്റെ നിർമാണ പ്രവൃത്തി പൂർത്തിയാകാത്തതിനാൽ ചെങ്കൽ ഇളകി ഒരു പക്ഷേ യാത്രക്കാരുടെയും കച്ചവടക്കാരുടെയും ദേഹത്ത് പതിച്ചേക്കാം. കല്ല് ഉറപ്പിക്കാനായി ചിലയിടങ്ങളിൽ സിമന്റ് ഉപയോഗിച്ചത് ഭാഗികമായി മാത്രമാണ്. ചെറിയ ബലം പ്രയോഗിച്ച് മതിലിൽ പിടിച്ചാൽ ഇതു മുഴുവനായി നടന്നു പോകുന്നവരുടെ ദേഹത്ത് പതിച്ചേക്കാം. പഴയ ബസ് സ്റ്റാൻഡിലെ തിരക്കേറിയ നടപ്പാതയിലാണു അപകടക്കെണിയുള്ളത്. ജനറൽ ആശുപത്രിക്കു മുൻവശം കാസർകോട് ഗവ.ഹയർസെക്കൻഡറി സ്കൂളിന്റെ മതിലിന്റെ നിർമാണ പ്രവൃത്തി തുടങ്ങി 8 മാസത്തോളമായി. എന്നിട്ടും പൂർത്തിയായില്ല.
കാസർകോട് നഗരസഭയാണു ഇതിന്റെ പ്രവൃത്തി നടത്തുന്നത്. 28 ലക്ഷം രൂപയാണു മതിൽ ഉൾപ്പെടെയുള്ള വിവിധ നിർമാണ പ്രവൃത്തികൾക്കായി അനുവദിച്ചത്. അപകടാവസ്ഥയിലായ മതിൽ പൊളിച്ച് പുതുതായി നിർമിക്കുന്നതായി പദ്ധതി. അപകടാവസ്ഥയിലായ മതിലിന്റെ പഴയ കല്ലുകൾ ഉൾപ്പെടെ ഉപയോഗിച്ചാണ് പുതുതായി മതിൽ നിർമിക്കുന്നത്. എന്നാൽ മതിൽ കെട്ടി പലയിടങ്ങളിലും സിമന്റ് തേപ്പും പൂർത്തിയാക്കി എങ്കിലും പലയിടങ്ങളിലും ബാക്കിയായിട്ടുണ്ട്. നടപ്പാതയിൽ നിന്നു 7 അടി ഉയരത്തിലാണു മതിൽ നിർമിച്ചിട്ടുള്ളത്.

