ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് : വേഗത്തിൽ നീതി ലഭിക്കാൻ പ്രത്യേക കോടതി വേണം

ചെറുവത്തൂർ: ഫാഷൻ ഗോൾഡ് ജൂവലറി തട്ടിപ്പ് കേസിൽ ഇരകൾക്ക് വേഗത്തിൽ നീതി ലഭിക്കുന്നതിന് ജില്ലാ ജഡ്ജിയുടെ പദവിയുള്ള പ്രത്യേക കോടതി വേണമെന്ന് നിക്ഷേപകരുടെ സംഗമം ആവശ്യപ്പെട്ടു. തട്ടിപ്പ് നടത്തിയവരെ ജയിലിൽ അടച്ചതുകൊണ്ട് മാത്രം നീതി ഉറപ്പാകില്ല. ഫാഷൻ ഗോൾഡ് ചെയർമാൻ, മാനേജിങ് ഡയരക്ടർ, മാനേജർ, പത്ത് ഡയരക്ടർമാർ തുടങ്ങിയവരുടെ ആസ്തിവകകൾ കണ്ടെത്തി നിക്ഷേപകർക്ക് വിതരണം ചെയ്യണം. ഇതിനായി കോംപിറ്റന്റ് അതോറിറ്റിയെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു. ചെറുവത്തൂർ ഞാണങ്കൈ തിമിരി ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സംഗമം സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അഡ്വ. സി.ഷുക്കൂർ അധ്യക്ഷതവഹിച്ചു. അഡ്വ. വി.പി.പി.മുസ്തഫ, മാധവൻ മണിയറ എന്നിവരും നിക്ഷേപകരുടെ പ്രതിനിധികളും സംസാരിച്ചു.

