KSDLIVENEWS

Real news for everyone

ബന്ദി മോചന കരാര്‍ ഹമാസും അംഗീകരിച്ചു; ഗസ്സയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് സാധ്യത

SHARE THIS ON

ഗസ്സയില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് സാധ്യത. ഖത്തര്‍ മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചയെ തുടര്‍ന്നാണ് നീക്കം. ഇന്നലെ വൈകീട്ട് കരാറിന് ഇസ്രായേല്‍ യുദ്ധകാര്യ മന്ത്രിസഭായോഗം അനുമതി നല്‍കിയിരുന്നു. ഹമാസിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ഇന്നലെ അര്‍ധരാത്രി ഹമാസും ഇസ്‌ലാമിക് ജിഹാദും ചര്‍ച്ച നടത്തിയിരുന്നു. അവര്‍ തങ്ങളുടെ തീരുമാനം ഖത്തറിനെ അറിയിച്ചു. തുടര്‍ന്ന് ഖത്തറും അമേരിക്കയും തമ്മിലുള്ള ചര്‍ച്ചയാരംഭിക്കുകയും ഇതില്‍ തീരുമാനം അറിയിക്കുകയുമായിരുന്നു. നിശ്ചിത ശതമാനം ബന്ദികളെ മോചിപ്പിക്കാൻ ഇരു വിഭാഗവും അംഗീകരിച്ചതായാണ് സൂചന. ഏറ്റവും ചുരുങ്ങിയത് അഞ്ച് ദിവസത്തെ വെടിനിര്‍ത്തലിനാണ് സാധ്യത. എങ്കില്‍ ഗസ്സയിലെ ജനങ്ങള്‍ക്ക് തെല്ലെങ്കിലും ആശ്വാസം നല്‍കുന്ന തീരുമാനമായിരിക്കും ഇത്. ഹമാസുമായുള്ള ഒരു കരാറിനും ഒരുക്കമല്ലെന്നാണ് രണ്ട് ദിവസം മുമ്ബ് വരെ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അറിയിച്ചിരുന്നത്. എന്നാല്‍ കടുത്ത പ്രതിഷേധം തുടരുകയും ഇസ്രായേലിന് കനത്ത നഷ്ടമുണ്ടാവുകയും അമേരിക്കയ്ക്കു മേല്‍ ശക്തമായ സമ്മര്‍ദമുണ്ടാവുകയും പ്രതിസന്ധി വര്‍ധിക്കുകയും ചെയ്‌തോടെയാണ് നിലപാട് മയപ്പെടുത്താൻ ഇരു രാജ്യങ്ങളും തയാറായത്. നെതന്യാഹുവിനെതിരെ ബന്ദികളുടെ കുടുംബക്കാരടക്കം അദ്ദേഹത്തിന്റെ വസതിയിലേക്കടക്കം വലിയ പ്രക്ഷോഭം നടത്തുകയും ചെയ്തിരുന്നു. 220ഓളം ബന്ദികള്‍ ഹമാസിന്റെ പക്കലും 40 ബന്ദികള്‍ ഇസ്‌ലാമിക് ജിഹാദിന്റെ പക്കലുമാണുള്ളതെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പര്‍ട്ടുകള്‍. ഖത്തര്‍ നേരത്തെ മുന്നോട്ടുവച്ച നിര്‍ദേശപ്രകാരം, ബന്ദികളില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 200 പേരെ വിട്ടയയ്ക്കുക, അതിനു പകരമായി അഞ്ച് ദിവസത്തെ വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്തുക, ഗസ്സയിലേക്ക് കൂടുതല്‍ സഹായവസ്തുക്കള്‍ എത്തിക്കാനുള്ള സംവിധാനം എത്തിക്കുക എന്നിങ്ങനെയായിരുന്നു കരാര്‍. ഇതനുസരിച്ചാണോ ചര്‍ച്ചകള്‍ മുന്നോട്ടുപോകുന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേസമയം, ഇപ്പോഴും അതിശക്തമായ ആക്രമണമാണ് ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്നത്. ഇതോടൊപ്പം ചെറുത്തുനില്‍പ്പും തുടരുന്നു. ലബനാൻ പ്രദേശത്ത് നിന്ന് ഇസ്രായേലിനെതിരെ മിസൈല്‍- ഷെല്‍ ആക്രമണവും നടന്നു. ഇതിനു പകരമായി അവിടേക്ക് ലക്ഷക്കണക്കിന് സൈനികരെ അണിനിരത്തിയതായി ഇസ്രായേലും വ്യക്തമാക്കുന്നു. എന്തായാലും അധികം താമസിയാതെ കരാര്‍ യാഥാര്‍ഥ്യമാകുമെന്നാണ് വൈറ്റ് ഹൗസും വ്യക്താക്കുന്നത്. ഇതിനിടെ, ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കാെല്ലപ്പെട്ടവരുടെ എണ്ണം 13,300 കവിഞ്ഞു. ഇസ്രായേലി ഉടമസ്ഥതയിലുള്ള കപ്പല്‍ പിടിച്ചെടുത്ത ദൃശ്യങ്ങള്‍ പുറത്തുവിട്ട ഹൂത്തികള്‍ യെമൻ സമുദ്രാതിര്‍ത്തിയിലേക്കുള്ള വിദേശ ശക്തികളുടെ ഏതൊരു ഇടപെടലും ശക്ത‌മായി ചെറുക്കുമെന്നും താക്കീത് നല്‍കി. അറബ്, മുസ്ലിം രാജ്യങ്ങളുടെ ഔദ്യോഗിക പ്രതിനിധി സംഘം ബീജിങില്‍ ചൈനീസ് നേതാക്കളുമായി ചര്‍ച്ച നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!