വിവാഹപ്രായ ഏകീകരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു, കീറിയെറിഞ്ഞ് പ്രതിപക്ഷം

ന്യൂഡൽഹി: രാജ്യത്തെ പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ആക്കി ഉയർത്തുന്നതിനുള്ള വിവാഹപ്രായ ഏകീകരണ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി സമൃതി ഇറാനിയാണ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. ബിൽ അവതരണത്തെ എതിർത്ത് സഭയിൽ പ്രതിപക്ഷ പ്രതിഷേധവും അരങ്ങേറുന്നുണ്ട്.
പ്ലക്കാർഡുകളുമായി പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി. ആരുമായും കൂടിയാലോചിക്കാതെയാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു നീക്കം നടത്തിയതെന്നും സംസ്ഥാനങ്ങളുമായും പ്രതിപക്ഷ പാർട്ടികളുമായും ചർച്ച വേണം എന്നുമാണ് പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യം.
വിവാഹപ്രായ ഏകീകരണ ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടു. മതേതര മുഖമുള്ള ബില്ലാണ് അവതരിപ്പിച്ചതെന്നും എല്ലാ സമുദായങ്ങൾക്കും ഒരുപോലെ ബാധകമാണെന്നും മന്ത്രി സ്മൃതി ഇറാനി പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ചയാണ് പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. ഇതിന് പിന്നാലെ വിവിധ രാഷ്ട്രീയ കക്ഷികൾ പ്രതിഷേധവും എതിർപ്പിം അറിയിച്ചിരുന്നു. ചർച്ച ചെയ്യാതെ എടുത്ത തീരുമാനം എന്ന ആരോപണം ഉയർന്നതോടെ ബിൽ അവതരിപ്പിക്കുന്നത് അടുത്ത സമ്മേളന കാലയളവിലേക്ക് മാറ്റുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.

