KSDLIVENEWS

Real news for everyone

വിരുന്നിനിടെ കരണത്തടിച്ചു: യുവതി വരനെ ഉപേക്ഷിച്ച് ബന്ധുവിനെ വിവാഹംചെയ്തു

SHARE THIS ON

ചെന്നൈ:വിരുന്നിനിടെ കരണത്തടിച്ച വരനെ ഉപേക്ഷിച്ച് ബന്ധുവായ യുവാവിനെ വിവാഹംചെയ്ത് യുവതി. തമിഴ്നാട്ടിലെ കടലൂർ ജില്ലയിലെ പൻട്രുത്തിലാണ് സംഭവം.

സോഫ്റ്റ് വേർ എൻജിനിയറായ വരനെ ഉപേക്ഷിച്ചാണ് പ്ലസ്ടു വിദ്യാഭ്യാസയോഗ്യതയുള്ള യുവാവിനെ എം.എസ്സി.ക്കാരിയായ യുവതി വിവാഹംചെയ്തത്.


വിവാഹത്തലേന്ന് നടത്തിയ വിരുന്നിനിടെ ബന്ധുവായ യുവാവുമൊത്ത് നൃത്തംചെയ്തതിന്റെ പേരിലാണ് വധുവിനെ വരൻ അടിച്ചത്. ഇതോടെ തനിക്ക് ഈ വിവാഹത്തിന് താത്പര്യമില്ലെന്ന് യുവതി മാതാപിതാക്കളെ അറിയിക്കുകയായിരുന്നു.

ചെന്നൈയിലെ സ്വകാര്യ കമ്പനിയിൽ സോഫ്റ്റ് വേർ എൻജിനിയറായ യുവാവുമായുള്ള വിവാഹം വ്യാഴാഴ്ച നടത്താനാണ് തീരുമാനിച്ചത്. തലേദിവസം ഓഡിറ്റോറിയത്തിൽനടന്ന വിരുന്നിൽ പാട്ടും നൃത്തവുമുണ്ടായിരുന്നു. ആഘോഷത്തിനിടെ വധുവും ബന്ധുവും പാട്ടിനൊത്ത് ചുവടുവെച്ചു. ഇത് ഇഷ്ടപ്പെടാത്ത വരൻ പരസ്യമായി വധുവിന്റെ മുഖത്തടിച്ചു. തുടർന്ന്, ഇയാളുമായി വിവാഹം വേണ്ടെന്ന് യുവതി അറിയിച്ചു. വധുവിന്റെ അച്ഛന്റെ കാലിൽവീണ് വരൻ ക്ഷമാപണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.


നിശ്ചയിച്ച ദിവസംതന്നെ വിവാഹം നടത്താൻ തീരുമാനിച്ച യുവതിയുടെ രക്ഷിതാക്കൾ ബന്ധുവായ യുവാവിന്റെ വീട്ടുകാരുമായി സംസാരിച്ച് പുതിയ വിവാഹം ഉറപ്പിച്ചു. വിഴുപുരം ജില്ലയിലെ സെഞ്ചിയിലായിരുന്ന യുവാവിനെ പൻട്രുത്തിയിലേക്ക് വിളിച്ചുവരുത്തിയാണ് നിശ്ചയിച്ച സമയത്ത് വിവാഹം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!