KSDLIVENEWS

Real news for everyone

ഹജ്ജ്: ഈ വർഷത്തെ സംസ്ഥാനത്തെ പ്രധാന പുറപ്പെടല്‍ കേന്ദ്രം കരിപ്പൂര്‍ ഹജ്ജ് ഹൗസ് തന്നെ

SHARE THIS ON

തിരുവനന്തപുരം | ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിനുള്ള സംസ്ഥാനത്തെ പ്രധാന പുറപ്പെടല്‍ കേന്ദ്രം കരിപ്പൂര്‍ ഹജ്ജ് ഹൗസ് തന്നെ.നിലവില്‍ പുറപ്പെടല്‍ കേന്ദ്രങ്ങളായി കരിപ്പൂരിന് പുറമെ നിശ്ചയിച്ച നെടുമ്ബാശ്ശേരിയും കണ്ണൂരും ഉപകേന്ദ്രങ്ങളാകും. സംസ്ഥാന ഹജ്ജ് കാര്യ മന്ത്രി വി അബ്ദുര്‍റഹ്മാന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് ധാരണയായത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി നടത്തിയ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനാണ് ഹജ്ജ് കമ്മിറ്റി അംഗങ്ങളുടെയും ഉദ്യോഗസ്ഥന്മാരുടെയും യോഗം വിളിച്ചുചേര്‍ത്തത്.

തീര്‍ഥാടകര്‍ക്കുള്ള സേവന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശിച്ച മന്ത്രി, വനിതാ തീര്‍ഥാടകരുടെ എണ്ണം കൂടാനുള്ള സാധ്യത കണക്കിലെടുത്ത് ഹജ്ജ് ഹൗസില്‍ നിര്‍മിച്ച വനിതാ ബ്ലോക്ക് ഉടനെ ഉദ്ഘാടനം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. ഹാജിമാര്‍ക്ക് കുറ്റമറ്റ രീതിയില്‍ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി സഊദി അറേബ്യയില്‍ സംസ്ഥാന സര്‍ക്കാര്‍ നോഡല്‍ ഓഫീസറെ നിയമിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കോഴിക്കോട് നിന്ന് ഒന്നാം ഘട്ടത്തിലും കണ്ണൂര്‍, നെടുമ്ബാശ്ശേരി വിമാനത്താവളങ്ങളില്‍ നിന്ന് രണ്ടാം ഘട്ടത്തിലും ഹാജിമാരുടെ പുറപ്പെടല്‍ ക്രമീകരിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ആവശ്യപ്പെട്ടു.

പുതിയ പുറപ്പെടല്‍ കേന്ദ്രമായ കണ്ണൂര്‍ വിമാനത്താവളത്തിന് അടിയന്തര സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. മൂന്ന് പുറപ്പെടല്‍ കേന്ദ്രങ്ങളിലും വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിന് ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ഇതിനായി കലക്ടര്‍മാര്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ക്കും.
മദീനയില്‍ ഹാജിമാര്‍ക്ക് ഭക്ഷണലഭ്യത ഉറപ്പാക്കുന്നതിന് മദീനയിലുള്ള കാറ്ററിംഗ് സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ വിവിധ ഏജന്‍സികളുമായി ബന്ധപ്പെടുന്നതിന് ഹജ്ജ് കമ്മിറ്റി അംഗങ്ങളായ അഡ്വ. മൊയ്തീന്‍ കുട്ടി, ഡോ. ഐ പി അബ്ദുസ്സലാം എന്നിവര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

ഹജ്ജ് കമ്മിറ്റി ചെയര്‍മാന് പുറമേ അംഗങ്ങളായ പി ടി എ റഹീം, പി മുഹമ്മദ് മുഹ്‌സിന്‍ എം എല്‍ എ, മുഹമ്മദ് റാഫി, പി ടി അക്ബര്‍, കെ എം മുഹമ്മദ് കാസിം കോയ, മലപ്പുറം ജില്ലാ കലക്ടര്‍ വി ആര്‍ പ്രേംകുമാര്‍, കണ്ണൂര്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, എറണാകുളം ജില്ലാ കലക്ടര്‍ രേണു രാജ്, ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി എം ഹമീദ് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!