കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം: കലക്ടറേറ്റ് വളപ്പില്‍ സര്‍വേ കല്ല് കുഴിച്ചിട്ടു

കെ-റെയിലിനെതിരെ കോട്ടയം കലക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മതില്‍ചാടിക്കടന്ന പ്രവര്‍ത്തകര്‍ കലക്ടറേറ്റ് വളപ്പിനുള്ളില്‍ കെ-റെയില്‍ സര്‍വേ കല്ല് പ്രതീകാത്മകമായി കുഴിച്ചിട്ടു. പ്രവര്‍ത്തകരെ ബലമായി പുറത്താക്കാനുള്ള പൊലീസ് ശ്രമം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
കെ-റെയില്‍ കല്ലിടലിനെതിരെ സംസ്ഥാനത്ത് ഇന്നും ശക്തമായ പ്രതിഷേധമാണ് അരങ്ങേറിയത്. തിരുനാവായയില്‍ കെ-റെയില്‍ കല്ലുകള്‍ പ്രതിഷേധകര്‍ പിഴുതെറിഞ്ഞു. റെയില്‍വെ ഭൂമിയിലെ കല്ലുകളാണ് സമരക്കാര്‍ പിഴുതെറിഞ്ഞത്. നിരവധിയാളുകളാണ് തിരുനാവായയില്‍ സംഘടിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് കല്ലിടല്‍ താത്കാലികമായി നിര്‍ത്തിവെച്ചു.
അതേസമയം കോട്ടയം കുഴിയാലിപ്പടിയില്‍ കെ-റെയിലിനായി സ്ഥാപിച്ച കല്ല് പിഴുത് നാട്ടുകാര്‍ തോട്ടിലെറിഞ്ഞു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കല്ലിടല്‍ നിര്‍ത്തിവെച്ച് ജീവനക്കാര്‍ മടങ്ങി. സ്ത്രീകളടക്കം നിരവധി പേരാണ് ഇന്നും സമരത്തിന് എത്തിയത്. രാവിലെ എട്ടരയോടെയാണ് കോട്ടയം നട്ടാശേരി കുഴിയാലിപ്പടിയില്‍ ആദ്യ സര്‍വ്വേ കല്ല് ഇട്ടത്.
ഇന്നലെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വാങ്ങിയ കെ-റെയില്‍ ജീവനക്കാര്‍ രാവിലെ തന്നെ എത്തി കല്ലിടുകയായിരുന്നു. സമരത്തിന് കൂടുതല്‍ ആളുകള്‍ എത്തിയതിന് പിന്നാലെ ഇട്ട സര്‍വ്വേകല്ല് സമരക്കാര്‍ പിഴുത് തോട്ടിലെറിഞ്ഞു. എന്നാല്‍ കെ-റെയിലിനെതിരെ ജനങ്ങള്‍ നടത്തുന്ന സമരത്തിന് യുഡിഎഫ് പിന്തുണ നല്‍കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന് പറഞ്ഞു.

