KSDLIVENEWS

Real news for everyone

ഉദ്ഘാടനം ചെയ്ത് ഒരുമാസം പിന്നിട്ടു; കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനൽ റോഡ് ടാറിങ് ആരംഭിച്ചില്ല

SHARE THIS ON

നീലേശ്വരം: മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിലേക്കുള്ള റോഡ് ടാറിങ് പ്രവൃത്തി ഇതുവരെയും ആരംഭിച്ചില്ല. 2023 ഫെബ്രവരി 20നാണ് ഹൗസ് ബോട്ട് ടെർമിനൽ ഉദ്ഘാടനം ചെയ്തത്. ടാറിങ് നടത്താതെ ഉദ്ഘാടനം നടത്തുകയായിരുന്നു ബന്ധപ്പെട്ടവർ ചെയ്തത്. ടൂറിസം വകുപ്പിന്‍റെ കീഴിൽ മലനാട് നോർത്ത് മലബാർ റിവർ ക്രൂയിസാണ് എട്ടു കോടി ചെലവഴിച്ച് ടെർമിനൽ പൂർത്തിയാക്കിയത്. എന്നാൽ കോട്ടപ്പുറം റോഡിൽനിന്ന് തുടങ്ങി ടെർമിനലിന്‍റെ സമീപത്ത് അവസാനിക്കുന്ന ഒന്നര മീറ്റർ റോഡാണ് ടാറിങ് ചെയ്യാതെ കിടക്കുന്നത്. 1.30 കോടി രൂപ റോഡ് നിർമാണത്തിനായി അനുവദിച്ചിരുന്നു. നിർമിതി കേന്ദ്രത്തിനായിരുന്നു റോഡിന്‍റെ നിർമാണ ചുമതല. 2018ൽ ഭരണാനുമതി ലഭിച്ചിട്ടും 2023 എത്തിയിട്ടും റോഡ് ടാറിങ് പ്രവൃത്തി തുടങ്ങാനായില്ല. എം. രാജഗോപാലൻ എം.എൽ.എ നാട്ടുകാരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സ്ഥല ഉടമകൾ റോഡിനായി സ്ഥലം വിട്ടുനൽകിയത്. സുഗമമായ യാത്ര ചെയ്യാൻ കഴിയാത്ത വിധത്തിൽ കരിങ്കൽ ചീളുകൾ റോഡിൽ ചിതറിക്കിടക്കുകയാണ്. ഈ റോഡിൽ കൂടിയാണ് ഉദ്ഘാടനവേദിയിലേക്ക് മുഖ്യമന്ത്രിയുടെ വാഹനം കടന്ന് പോയത്. ഹൗസ് ബോട്ടിലേക്ക് എത്തുന്ന സഞ്ചാരികൾക്ക് ഈ റോഡിൽ കൂടി യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. എന്നിട്ടും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത് ഒരു മാസം കഴിഞ്ഞിട്ടും റോഡ് ടാറിങ് ചെയ്യുവാൻ സാധിക്കാത്തത് അധികൃതരുടെ തികഞ്ഞ അനാസ്ഥയാണെന്ന് നഗരസഭ വാർഡ് കൗൺസിലർ റഫീക്ക് കോട്ടപ്പുറം പറഞ്ഞു. നീലേശ്വരം നഗരസഭ അധികൃതരും ഇക്കാര്യത്തിൽ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!