രാമനാട്ടുകര അപകടം:
വാഹനം സഞ്ചരിച്ചത് ഹോൺ മുഴക്കി മിന്നൽവേഗത്തിലെന്ന് ദൃക്സാക്ഷി

കൊണ്ടോട്ടി:രാമനാട്ടുകരയിൽ അഞ്ചുപേർ മരിച്ച അപകടത്തിൽപ്പെട്ട വാഹനം സഞ്ചരിച്ചത് ഹോൺ മുഴക്കി മിന്നൽവേഗത്തിലെന്ന് ദൃക്സാക്ഷി. തിങ്കളാഴ്ച പുലർച്ചെ രാമനാട്ടുകര മേൽപ്പാലത്തിന് താഴെ പത്രക്കെട്ടുകൾ ഇറക്കുന്നതിനിടെയാണ് യുവാവ് അതിവേഗത്തിൽ കടന്നുപോയ വാഹനങ്ങൾ ശ്രദ്ധിച്ചത്.
കൊണ്ടോട്ടി ഭാഗത്തുനിന്നെത്തിയ ബൊലേറൊ വാഹനത്തിനുപിറകെ കറുപ്പുനിറമുള്ള മറ്റൊരു വാഹനവുമുണ്ടായിരുന്നു. ഇരുവാഹനങ്ങളും അതിവേഗത്തിൽ രാമനാട്ടുകര ഭാഗത്തേക്കുപോയി. പിറകിലുണ്ടായിരുന്ന വാഹനം ഒരു പെട്ടിഓട്ടോയുമായി ഇടിക്കേണ്ടതായിരുന്നു. തലനാരിഴയ്ക്കാണ് അപകടമൊഴിഞ്ഞത്. അല്പസമയത്തിനകം ബൊലേറൊ തിരിച്ചെത്തി. വാഹനം ഹോൺമുഴക്കി മിന്നൽവേഗത്തിലായിരുന്നു കടന്നുപോയത്.
മൂന്ന്-നാലു മിനിറ്റുകൾക്കം യുവാവ് പുളിഞ്ചോട്ടിലെത്തിയപ്പോഴാണ് വാഹനം അപകടത്തിൽപ്പെട്ടത് കണ്ടത്. വാഹനത്തിലുണ്ടായിരുന്ന യുവാക്കളിൽ ഒരാൾ റോഡിലും നാലുപേർ വാഹനത്തിനരികിലുമായിരുന്നു കിടന്നിരുന്നത്. ആർക്കും ജിവനില്ലായിരുന്നു. നേരത്തേ പിന്തുടർന്ന കറുത്തവാഹനം ഇതിനിടയിൽ നിർത്താതെ അതുവഴി കടന്നുപോയതായും യുവാവ് പറഞ്ഞു.

