ഐഎഎസ് ഉപേക്ഷിച്ച് രാഷ്ട്രീയത്തിലിറങ്ങിയ സിന്‍ഹ; ഭരണപാടവവും ജനകീയതയും മുഖമുദ്രയാക്കിയ മുര്‍മു

ന്യൂഡല്‍ഹി: ജൂലായ് 18-ന് നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ ചിത്രം തെളിഞ്ഞു. എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി ഒഡിഷയിലെ ബി.ജെ.പി.യുടെ ആദിവാസിവിഭാഗം നേതാവും മുന്‍ ഝാര്‍ഖണ്ഡ് ഗവര്‍ണറുമായ ദ്രൗപദി മുര്‍മുവും(64) പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിയായി മുന്‍കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയും (84) മത്സരിക്കും.
യശ്വന്ത് സിന്‍ഹയ്ക്ക് രാഷ്ട്രീയമെന്നാല്‍ പ്രായോഗികരാഷ്ട്രീയമാണ്. ‘സജീവരാഷ്ട്രീയത്തിലേക്കോ ഏതെങ്കിലും പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങളേറ്റെടുക്കാനോ ഇനിയില്ല’ എന്നായിരുന്നു ബി.ജെ.പി.യില്‍നിന്ന് പടിയിറങ്ങുമ്പോള്‍ പട്നയില്‍ അദ്ദേഹം നടത്തിയ പ്രഖ്യാപനം. എന്നാല്‍, മൂന്നുവര്‍ഷം തികയുംമുമ്പ് അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേക്കേറി, ആ പാര്‍ട്ടിയുടെ ദേശീയ ഉപാധ്യക്ഷനുമായി. തൃണമൂല്‍ അംഗത്വം ചൊവ്വാഴ്ച രാജിവെച്ച സിന്‍ഹ 84-ാം വയസ്സില്‍ രാഷ്ട്രപതിതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷപാര്‍ട്ടികളുടെ പൊതുസ്ഥാനാര്‍ഥിയായി.
ബിഹാറിലെ പട്‌ന സ്വദേശിയായ യശ്വന്ത് സിന്‍ഹ ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്നു. കേന്ദ്ര ഗതാഗതമന്ത്രാലയം ജോയന്റ് സെക്രട്ടറിയായിരിക്കെ, 1984-ല്‍ സിവില്‍ സര്‍വീസ് ഉപേക്ഷിച്ച് ജനതാ പാര്‍ട്ടിയില്‍ അരങ്ങേറ്റംകുറിച്ചു.

