സഭാ ടിവി പൂട്ടിക്കെട്ടലിന്റെ വക്കില്‍; ഒടിടി സഹായം നല്‍കുന്ന കമ്ബനിക്ക് കരാര്‍ നല്‍കിയത് എതിര്‍പ്പ് മറികടന്ന്

തിരുവനന്തപുരം: സഭാ ടിവിക്ക് ഒടിടി സഹായം നല്‍കുന്ന ബിട്രേറ്റ് സൊല്യൂഷന്റെ കരാര്‍ സര്‍ക്കാര്‍ പുതുക്കി നല്‍കിയത് എഡിറ്റോറിയല്‍ നേതൃത്വത്തിന്റെ എതിര്‍പ്പ് മറികടന്ന്. ഒടിടി സഹകാരിയെന്ന നിലയില്‍ കമ്ബനിയുടെ കാര്യക്ഷമതയെ കുറിച്ച് കാര്യമായ പരാതികള്‍ ഉയര്‍ന്നതോടെ പ്രവര്‍ത്തനം വിലയിരുത്താന്‍ നിയമസഭ ഐടി വിഭാഗം പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചു. അതിനിടെ ടെലിവിഷന്‍ പ്രൊഡക്ഷന്‍ പൂര്‍ണ്ണമായും അവസാനിപ്പിച്ച സഭാ ടിവിയാകട്ടെ പൂട്ടിക്കെട്ടലിന്റെ വക്കിലുമാണ്.
നിയമസഭാ നടപടികള്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് സഭാ ടിവിയുടെ പിറവി. വെങ്കിടേഷ് രാമകൃഷ്ണന്‍ ചീഫ് മീഡിയ കണ്‍സള്‍ട്ടന്റായാണ് പ്രവര്‍ത്തനം തുടങ്ങിയത്. ഒടിടി സേവനത്തിന് മാധ്യമപ്രവര്‍ത്തകന്‍ ജേക്കബ് ജോര്‍ജ്ജ് കൂടി ഡയറക്ടറായ സ്റ്റാര്‍ട്ടപ്പ് കമ്ബനി ബിട്രെയിറ്റ് സൊലൂഷന് കരാര്‍ നല്‍കി. നിയമസഭാ നടപടികള്‍ ലൈവ് നല്‍കിയും വിവിധ ചാനലുകളില്‍ നിന്ന് ടൈം സ്ലോട്ടുകളെടുത്തും അഭിമുഖങ്ങളും ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിച്ചുമായിരുന്നു പ്രവര്‍ത്തനം.
സഭാ ടിവിക്ക് വേണ്ടി 2021 മെയ് മാസം വരെ 77 ഡോക്യുമെന്ററികളും 36 വെബ് വീഡിയോയും നിര്‍മ്മിച്ചു. കരാര്‍ ജീവനക്കാരുടെ ശമ്ബളമടക്കം ആകെ ചെലവ് 1,72,95043 രൂപ. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് അവസാനിച്ച കരാറുകളൊന്നും പുതുക്കിയിട്ടില്ല. പകരം ആളുകളെ നിയോഗിച്ചിട്ടുമില്ല. ആവശ്യത്തിന് ഫണ്ടില്ലെന്ന കാരണം പറഞ്ഞാണ് ടിവി പ്രൊഡക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ സഭാ ടിവി അവസാനിപ്പിക്കുന്നത്. അതേസമയം ഒടിടി കരാര്‍ കമ്ബനിയായ ബിട്രെയ്റ്റ് സൊലൂഷന്റെ കരാര്‍ പുതുക്കി. അതും എഡിറ്റോറിയല്‍ നേതൃത്വത്തിന്റെ എതിര്‍പ്പ് മറികടന്ന്.
സഭ ടിവിക്ക് ഒടിടി പ്ലാറ്റ്ഫോമുണ്ടാക്കാന്‍ ബിട്രെയിറ്റ് സൊലൂഷന് നല്‍കിയത് 51,96,000 രൂപയാണ്. സോഷ്യല്‍ മീഡിയ മാനേജ്മെന്റിന് പ്രതിമാസം രണ്ട് ലക്ഷം രൂപ വേറെ. ഇത്രയൊക്കെയായിട്ടും പ്രവര്‍ത്തനം വിലയിരുത്താന്‍ തയ്യാറാക്കിയ 20 ഇന മാനദണ്ഡങ്ങളില്‍ ഒന്നിനു പോലും ഒപ്പമെത്താന്‍ സ്ഥാപനത്തിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല പലപ്പോഴും എഡിറ്റോറിയല്‍ ടീമുമായി നിയമസഭാ സമുച്ചയത്തിനകത്ത് പരസ്യ പോര്‍വിളിയിലേക്ക് വരെ കാര്യങ്ങളെത്തി. സ്പീക്കറുടെ നിര്‍ദ്ദേശ പ്രകാരം നിയമസഭ ഐടി ടീം ബിട്രെയിറ്റ് സൊലൂഷന്റെ പ്രവര്‍ത്തനം വിലയിരുത്തുകയാണ്. ഇതിനിടെയാണ് ലോക കേരള സഭാ വേദിയിലേക്ക് വിവാദ വനിതയെ എത്തിച്ചെന്ന ആക്ഷേപം കൂടി സ്ഥാപനത്തിനെതിരെ ഉയരുന്നത്.

