KSDLIVENEWS

Real news for everyone

സ്ലീപ്പർ കുറച്ച് എ.സി. കൂട്ടി: ഏഴ് തീവണ്ടികളിൽ ഡി-റിസർവ്ഡ് കോച്ചുകളുടെ സ്ഥാനംമാറും

SHARE THIS ON

കണ്ണൂർ: ദക്ഷിണമേഖലയിലെ ഏഴ് തീവണ്ടികളിൽ സ്ലീപ്പർ കോച്ചുകൾ കുറച്ച് എ.സി. കോച്ചുകൾ കൂട്ടി. ഇതോടെ ചില വണ്ടികളിൽ ഡി-റിസർവ്ഡ് കോച്ചുകൾ ഇല്ലാതാകും. മാറ്റത്തിൽ മലബാർ എക്സ്പ്രസിന് ഒരു ഡി-റിസർവ്ഡ് കോച്ച് നഷ്ടപ്പെടും. ഏഴ് തീവണ്ടികളിൽ ഡി-റിസർവ്ഡ് കോച്ചുകളുടെ സ്ഥാനവും മാറും. ദക്ഷിണ റെയിൽവേയിൽ 30 വണ്ടികളിലാണ് ഡി റിസർവ്ഡ് കോച്ച് അനുവദിച്ചിട്ടുള്ളത്. ഇതിൽ ആറ് വണ്ടികൾ പുതുതാണ്. 17 വണ്ടികളിൽ സ്ഥാനമാറ്റമില്ല. കോച്ച് മാറ്റവും വണ്ടികളിൽ പുതിയ ഡി-കോച്ച് വരുന്നതും സെപ്റ്റംബർ ഒന്നുമുതലാണ്. തിരുവനന്തപുരം-മംഗളൂരു മലബാർ (16629) എക്സ്പ്രസിലാണ് ഒരു ഡി-റിസർവ്ഡ് കോച്ച് നഷ്ടപ്പെടുന്നത്. കണ്ണൂർ-മംഗളൂരു സെക്ഷനിൽ എസ്-ഒൻപത്, എസ്-10 എന്നിവയാണ് അനുവദിച്ചിട്ടുള്ളത്. സെപ്റ്റംബർ 18 മുതൽ എസ്-ഒൻപത് മാത്രമാകും. മംഗളൂരു-തിരുവനന്തപുരം മലബാറിലും(16630) ഒരു ഡി-കോച്ച് കുറച്ചു. കോട്ടയത്തിനും തിരുവനന്തപുരത്തിനുമിടയിൽ ഇനി എസ്‌-ആറ് മാത്രമാകും. ഇപ്പാൾ എസ്-അഞ്ച്, എസ്-ആറ് കോച്ചുകളിൽ കയറാം. സെപ്റ്റംബർ 17 മുതലാണ് മാറ്റം. മറ്റു വണ്ടികളിൽ എ.സി.ക്ക്‌ വേണ്ടി സ്ലീപ്പർകോച്ച് മാറ്റുമ്പോൾ പകരം മറ്റൊന്ന് അനുവദിച്ചിരുന്നു. എന്നാൽ ഏറ്റവും തിരക്കേറിയ മലബാറിൽ ഒരു കോച്ച് ഒഴിവാക്കി. മംഗളൂരു-കോഴിക്കോട്-മംഗളൂരു സെക്ഷനിലാണ് ഡി-കോച്ചുകൾ ഉള്ളത്. മംഗളൂരു-ചെന്നൈ എഗ്മോറിൽ (16160) മംഗളൂരുവിനും കരൂറിനും ഇടയിലെ നാല് കോച്ചുകളിൽ മാറ്റമുണ്ട്. എസ്-എട്ട് മുതൽ എസ്-11 വരെയാണ് ഇനി ഡി-കോച്ചുകൾ. സെപ്റ്റംബർ ഒന്നുമുതലാണ് ഈ മാറ്റം. പുതുതായി ആറു വണ്ടികളിൽ ഡി-കോച്ച് അനുവദിച്ചു. കണ്ണൂർ-ബെംഗളൂരു എക്സ്പ്രസിൽ(16512) ഒക്ടോബർ എട്ടു മുതൽ കണ്ണൂർ മുതൽ മംഗളൂരു വരെ എസ്-എട്ട് മുതൽ 10 വരെ കയറാം. ഡി-റിസർവ്ഡ് കോച്ച് ജനറൽ കോച്ചുകളിലെ തിരക്ക് കുറയ്ക്കാനാണ് റെയിൽവേ ചില കോച്ചുകൾ ഡി റിസർവ്ഡായി സംവരണം ചെയ്തത്. സ്റ്റേഷനിൽനിന്ന് പകൽനേരം ടിക്കറ്റെടുക്കാം. സ്ലീപ്പർ ടിക്കറ്റിനെക്കാൾ നിരക്ക് കുറവാണ്. സീസൺ ടിക്കറ്റുകാർക്കും കോച്ചിൽ കയറാം. തിരുവനന്തപുരം ഡിവിഷനിൽ എല്ലാ വണ്ടികളിലും പകൽ സ്ലീപ്പർ ടിക്കറ്റ് കിട്ടും. ഒഴിവുള്ള സീറ്റുകളിൽ മാത്രം ഇരിക്കാം. റിസർവേഷൻ ടിക്കറ്റുള്ളവർ വന്നാൽ ഒഴിഞ്ഞുകൊടുക്കണം. ഡി-കോച്ചുകൾ കൂട്ടണം തിരുവനന്തപുരം-എൽ.ടി.ടി. നേത്രാവതിക്ക് (16346) തിരുവനന്തപുരം മുതൽ എറണാകുളം വരെ എസ്-ആറിൽ കയറാം. എന്നാൽ പിന്നീട് ഒരു സ്റ്റേഷനിലും ഡി-കോച്ച് സൗകര്യമില്ല. കോഴിക്കോട്-കാസർകോട് റൂട്ടിൽ അവസാന വണ്ടിയാണിത്. തിരക്ക് അതികഠിനമാകുമ്പോൾ യാത്രക്കാർ പലപ്പോഴും പകൽനേരം മറ്റു സ്ലീപ്പർ കോച്ചുകളിൽ കയറും. ഇത് യാത്രക്കാരും ടിക്കറ്റ് പരിശോധകരും തമ്മിൽ തർക്കമുണ്ടാക്കുന്നു. ഈ പ്രശ്നം പരിഹരിക്കാൻ മലബാർ എക്സ്പ്രസിൽ ഉൾപ്പെടെ ഡി-കോച്ചുകൾ കൂട്ടണമെന്ന് റെയിൽവേ പാസഞ്ചർ അസോസിയേഷൻ ഭാരവാഹി പി.പ്രദീപ്കുമാർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!