KSDLIVENEWS

Real news for everyone

ബിഹാറില്‍ നിതീഷ് കുമാറിന്റെ വാഹനവ്യൂഹത്തിനുനേരെ കല്ലേറ്; 13 പേര്‍ അറസ്റ്റില്‍

SHARE THIS ON

പാട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാഹനവ്യൂഹത്തിനുനേരെ കല്ലേറ്. ഗയയില്‍ സന്ദര്‍ശനത്തിനു തിരിച്ച നിതീഷിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

നിരവധി വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ നിതീഷ് കുമാറിന് പരിക്കേറ്റിട്ടില്ല. കല്ലേറില്‍ 13 പേര്‍ അറസ്റ്റിലായിട്ടുണ്ട്.

ഗയയില്‍ ഇന്ന് നിതീഷ് കുമാര്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. തലസ്ഥാനത്തുനിന്ന് വാഹനമാര്‍ഗമാണ് നിതീഷ് ഗയയിലേക്ക് പുറപ്പെട്ടത്. ഇതിനിടയിലാണ് അക്രമിസംഘം വാഹനങ്ങള്‍ക്കുനേരെ കല്ലെറിഞ്ഞത്. നാലു വാഹനങ്ങള്‍ക്കാണ് കല്ലേറില്‍ കേടുപാടുകള്‍ സംഭവിച്ചത്. ഇതില്‍ മുഖ്യമന്ത്രിയുണ്ടായിരുന്നില്ലെന്ന് പാട്‌ന പൊലീസ് അറിയിച്ചു.

പാട്‌ന-ഗയ ദേശീയപാതയില്‍ ധനാരോയ്ക്കും ഗൗരിചക്കിനും ഇടയില്‍ വച്ചായിരുന്നു ആക്രമണം നടന്നത്. വാഹനവ്യൂഹം സോഗിമോറിലെത്തിയപ്പോള്‍ ഒരു സംഘം നാട്ടുകാര്‍ ചേര്‍ന്ന് ദേശീയപാത ഉപരോധിച്ചു. ഗ്രാമത്തിലെ സണ്ണി കുമാര്‍ എന്ന 20കാരന്റെ മരണത്തില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. ഇതിനിടയിലാണ് ഒരു സംഘം വാഹനവ്യൂഹത്തിനുനേരെ കല്ലെറിഞ്ഞത്. വിവരമറിഞ്ഞ് ജില്ലാ പൊലീസ് മേധാവി അടക്കമുള്ള വന്‍പൊലീസ് സംഘം സ്ഥലത്തെത്തി.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ കല്ലെറിഞ്ഞ കുറ്റത്തിന് അക്രമികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതില്‍ 13 പേര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. പൊതുസ്വത്തുക്കള്‍ തകര്‍ത്ത കുറ്റവും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. മറ്റു പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തില്‍ അന്വേഷണം നടത്താന്‍ അഡിഷനല്‍ ഡിസ്ട്രിക്‌ട് മജിസ്റ്റേറ്റും ഡിവൈ.എസ്.പിയും അടങ്ങിയ രണ്ടംഗ സംഘത്തെ ജില്ലാ മജിസ്‌ട്രേറ്റ് നിയോഗിച്ചു. 24 മണിക്കൂറിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. കൃത്യനിര്‍വഹണത്തില്‍ അലംഭാവം കാണിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് ഉന്നതവൃത്തങ്ങള്‍ സൂചിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!