ജനപ്രിയ ഫലസ്തീനി കവിയും ഗ്രന്ഥകാരനുമായിരുന്ന മുസ്‌അബ് അബൂത്വാഹയെ അറസ്റ്റ് ചെയ്ത് ഇസ്രായേല്‍

ഗാസ സിറ്റി: ജനപ്രിയ ഫലസ്തീനി കവിയും ഗ്രന്ഥകാരനുമായിരുന്ന മുസ്‌അബ് അബൂ ത്വാഹയെ അറസ്റ്റ് ചെയ്ത് ഇസ്രായേല്‍.
റഫ അതിര്‍ത്തി കടക്കാൻ കുടുംബസമേതം വടക്കൻ ഗസ്സയില്‍നിന്ന് പുറപ്പെട്ട അദ്ദേഹത്തെ ചെക്പോയിന്റില്‍ മറ്റു നിരവധി പേര്‍ക്കൊപ്പം ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്യുകയായിരുന്നു.
മുസ്‌അബിന്റെ മക്കളിലൊരാള്‍ക്ക് അമേരിക്കൻ പൗരത്വമുള്ളതിനാല്‍ യു.എസ് എംബസി നേരിട്ട് ഇടപെട്ട് റഫ അതിര്‍ത്തി കടക്കാൻ രേഖകള്‍ ശരിയാക്കിയതായിരുന്നു. അറസ്റ്റിലായ മുസ്‌അബിനെക്കുറിച്ച് പിന്നീട് വിവരമില്ലെന്ന് സഹോദരൻ അറിയിച്ചു.
അമേരിക്കൻ ബുക്ക് അവാര്‍ഡ് ജേതാവായ അദ്ദേഹത്തിന്റെ കവിത സമാഹാരം നാഷനല്‍ ബുക്ക് ക്രിട്ടിക്സ് സര്‍ക്കിള്‍ അവാര്‍ഡ് അവസാന പട്ടികയിലും ഇടംപിടിച്ചിരുന്നു. ഗസ്സയിലെ ഇസ്രായേല്‍ ആക്രമണങ്ങളെക്കുറിച്ച് അബൂ ത്വാഹ ന്യൂയോര്‍ക്കര്‍ ഉള്‍പ്പെടെ അമേരിക്കൻ മാധ്യമങ്ങളില്‍ എഴുതിയിരുന്നു.
മാനുഷിക ഇടവേളയെ പിന്തുണച്ച് ഇന്ത്യ
യുനൈറ്റഡ് നേഷൻസ്: ഗസ്സയില്‍ യുദ്ധത്തിന് മാനുഷിക ഇടവേള നല്‍കി സഹായമെത്തിക്കാനുള്ള ശ്രമങ്ങളെ ഐക്യരാഷ്ട്രസഭയില്‍ പിന്തുണച്ച് ഇന്ത്യ. സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനും ഫലസ്തീൻ ജനതക്ക് അടിയന്തര സഹായമെത്തിക്കാനുമുള്ള എല്ലാ നീക്കങ്ങളെയും ഇന്ത്യൻ ഭരണനേതൃത്വം സ്വാഗതം ചെയ്യുകയാണെന്ന് യു.എൻ പൊതുസഭയുടെ അനൗദ്യോഗിക പ്ലീനറി സെഷനില്‍ സംസാരിക്കവെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കംബോജ് പറഞ്ഞു. ഇസ്രായേലുമായി സമാധാനപരമായി അതിര്‍ത്തി പങ്കിടുന്ന സ്വതന്ത്ര, പരമാധികാര ഫലസ്തീൻ രാജ്യത്തെ ഇന്ത്യ എന്നും പിന്തുണച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഫലസ്തീൻ അഭയാര്‍ഥികള്‍ക്കായുള്ള യു.എൻ ഏജൻസിക്ക് ഇന്ത്യ 25 ലക്ഷം ഡോളര്‍ (ഏകദേശം 21.80 കോടി രൂപ)സംഭാവന ചെയ്തു.

