KSDLIVENEWS

Real news for everyone

രജൗറിയില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍: നാല് സൈനിക ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

SHARE THIS ON

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗറി ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് സൈനിക ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. രണ്ട് ഉന്നതഉദ്യോഗസ്ഥരും രണ്ട് സൈനികരുമാണ് കൊല്ലപ്പെട്ടത്. കലക്കോട്ട് വനത്തില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്ന് സൈന്യത്തിന്റെ പ്രത്യേക വിഭാഗവും പോലീസും സംയുക്തമായി നടത്തിയ ദൗത്യത്തിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ‘ബുധനാഴ്ച രാവിലെ 9 മണിയോടെ സോള്‍ക്കിയില്‍ വെച്ചാണ് ഭീകരരുമായി ആദ്യ ഏറ്റുമുട്ടലുണ്ടായത്. തുടര്‍ന്ന് അടിയന്തരമായി പ്രതിരോധം ശക്തമാക്കുകയും തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. ഇതിനിടെ രണ്ടു സൈനികര്‍ക്കു നേരെ ഭീകരവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു’, ഒരു സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബുധനാഴ്ച വൈകീട്ട് വരെ ദൗത്യം തുടര്‍ന്നുവെന്നും സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഈ പ്രദേശത്തുള്ള പഴയ സംഘത്തില്‍പ്പെട്ട ഭീകരരാണിവര്‍. ഒരു മാസത്തോളമായി സുരക്ഷാസേന ഇവര്‍ക്കായി തിരച്ചില്‍ നടത്തുകയായിരുന്നു. ഭീകരരുടെ പക്കല്‍ വലിയ ആയുധശേഖരമുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യന്‍ സേനയെ സംബന്ധിച്ചിടത്തോളം ഇതൊരു മോശം ദിവസമായിരുന്നു’, സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം ദൗത്യം സംബന്ധിച്ച് യാതൊരു പ്രസ്താവനയും സൈന്യം പുറത്തിറക്കിയിട്ടില്ല. ദൗത്യം തുടരുകയാണെന്നും, ഇത് അവസാനിച്ചതിനു ശേഷം വിവരങ്ങള്‍ പങ്കുവെയ്ക്കുമെന്നും പ്രതിരോധ വക്താവ് ലഫ്.കേണല്‍ സുനീല്‍ ബര്‍ത്വാല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!