KSDLIVENEWS

Real news for everyone

അർധരാത്രി കിടപ്പുമുറിയിലേക്ക് ലോറി പാഞ്ഞുകയറി , മുത്തശിയും പേരക്കുട്ടിയും അത്ഭുതകരമായി രക്ഷപ്പെട്ടു

SHARE THIS ON

പട്ടിക്കാട്‌ (തൃശൂര്‍): അര്‍ധരാത്രി പാഞ്ഞുകയറിയ ലോറി വീട്‌ ഭാഗികമായി തകര്‍ത്തെങ്കിലും വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്‌ച രാത്രി പതിനൊന്നരയോടെയാണ്‌ കുതിരാന്‍ വഴുക്കുംപാറയില്‍ നിയന്ത്രണംവിട്ട ചരക്കു ലോറി ദേശീയപാതയില്‍നിന്ന്‌ റോഡരികിലെ മുട്ടംതോട്ടില്‍ മത്തായിയുടെ വീട്ടിലെ കിടപ്പുമുറിയിലേക്ക്‌ പാഞ്ഞുകയറിയത്‌.

ദേശീയപാതയില്‍നിന്ന്‌ 15 അടിയോളം താഴ്‌ചയിലാണ്‌ മത്തായിയുടെ വീട്‌. നിയന്ത്രണംവിട്ട ലോറി 150 മീറ്ററോളം സഞ്ചരിച്ചാണ്‌ വീട്ടിലേക്ക്‌ ഇടിച്ചുകയറിയത്‌. കിടപ്പുമുറിയുടെ ചുമരും ജനലും തകര്‍ത്താണ്‌ ലോറിനിന്നത്‌. ഉറങ്ങുകയായിരുന്ന മത്തായിയുടെ ഭാര്യ സോഫി (60), കൊച്ചുമകള്‍ ഇതള്‍ (6) എന്നിവര്‍ ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണെങ്കിലും ഗുരുതര പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
കിടപ്പുമുറിയിലുണ്ടായിരുന്ന അലമാര ഇളകി വീണെങ്കിലും കട്ടിളയില്‍ തട്ടിനിന്നതിനാ,ല്‍ ദുരന്തം ഒഴിവായി.

ലോറി ഡ്രൈവര്‍ തഞ്ചാവൂര്‍ സ്വദേശി ഷണ്‍മുഖനു കാലിനു പരുക്കേറ്റു. നാട്ടുകാരും പോലീസും ഏറെനേരം പണിപ്പെട്ടാണ്‌ ഷണ്‍മുഖനെ ഡ്രൈവര്‍ ക്യാബിനില്‍നിന്ന്‌ പുറത്തെടുത്തത്‌. തമിഴ്‌നാട്ടില്‍നിന്ന്‌ ഉരുക്കു പാളികളുമായി തൃശൂര്‍ ഭാഗത്തേക്ക്‌ വരികയായിരുന്നു ലോറി. വൈദ്യുതി കമ്ബികള്‍ പൊട്ടിയതോടെ പ്രദേശത്ത്‌ വൈദ്യുതി വിതരണവും തടസപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!