പത്രിക തള്ളൽ: അപാകം പരിഹരിക്കാൻ അവസരം നൽകാത്തത് അന്യായമെന്ന് കോടതി

കൊച്ചി:തലശ്ശേരിയിലെ സ്ഥാനാർഥിയുടെ നാമനിർദേശ പത്രികയോടൊപ്പമുള്ള ഫോറത്തിലെ അപാകം പരിഹരിക്കാൻ അവസരം നൽകാത്തത് അന്യായമാണെന്ന് കോടതി വിലയിരുത്തി. ഫോറം എ-യിൽ ബി.ജെ.പി. ദേശീയ അധ്യക്ഷന്റെ ഒപ്പില്ലാത്തതിന്റെ പേരിലായിരുന്നു റിട്ടേണിങ് ഒാഫീസർ പത്രിക തള്ളിയത്. ഒപ്പിട്ട് നൽകാൻ ഫോറം തിരികെനൽകാൻ അവശ്യപ്പെട്ടിരുന്നെങ്കിലും നൽകിയിരുന്നില്ല. സൂക്ഷ്മപരിശോധനാ ദിവസം ദേശീയ അധ്യക്ഷൻ ഒപ്പിട്ട ഫോറം നനൽകിയിട്ടും പത്രിക തള്ളുകയായിരുന്നെന്ന ഹർജിക്കാരുടെ വാദം കണക്കിലെടുത്താണ് കോടതിയുടെ വിലയിരുത്തൽ.
ദേവികുളം സ്ഥാനാർഥി ഫോറം 26-ൽ നൽകിയ സത്യവാങ്മൂലം പഴയ ഫോർമാറ്റിലാണെന്നതിന്റെ പേരിൽ തള്ളിയപ്പോൾ ഇടുക്കി, ഉടുമ്പൻചോല മണ്ഡലത്തിലെ ബി.ഡി.ജെ.എസ്. സ്ഥാനാർഥികൾ ഇതേ ഫോർമാറ്റിൽ നൽകിയിട്ടും സ്വീകരിച്ചെന്ന് കോടതിയെ അറിയിച്ചിരുന്നു. ഇതു ശരിയാണെങ്കിൽ വിവേചനപരമാണെന്നും കോടതി നിരീക്ഷിച്ചു. റിട്ടേണിങ് ഓഫീസർമാരുടെ പക്ഷപാതസമീപനമാണ് ഇതിൽ നിഴലിക്കുന്നത്.
ഇങ്ങനെയാണെങ്കിലും കോടതിക്ക് തിരഞ്ഞെടുപ്പ് നടപടികളിൽ ഇടപെടുന്നതിൽ പരിമിതിയുണ്ടെന്നും കോടതി വിലയിരുത്തി. തിരഞ്ഞെടുപ്പിനെതന്നെ ബാധിക്കുന്ന നടപടിയുണ്ടായാലേ കോടതിയുടെ ഇടപെടലുണ്ടാകാവൂ എന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. നാമനിർദേശ പത്രിക തള്ളുകയോ സ്വീകരിക്കുകയോ ചെയ്തതിനെ ആർട്ടിക്കിൾ 226 പ്രകാരം ചോദ്യംചെയ്യാനാകില്ല. നാമനിർദേശ പത്രിക തള്ളിയതിൽ ഇടപെടുന്നത് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ ഇടപെടുന്നതിന് തുല്യമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതും കോടതി ചൂണ്ടിക്കാട്ടി.
ദേവികുളം, വടകര, പിറവം മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ തിങ്കളാഴ്ചയാണ് നാമനിർദേശ പത്രിക സമർപ്പിച്ചതിനെതിരേ കോടതിയെ സമീപിച്ചത്.

