ഇടതുമുന്നണി ക്യാപ്റ്റനാണ് പിണറായി; അടുത്ത മുഖ്യമന്ത്രി ആരാകും എന്നതില് സംശയമെന്തിനെന്ന് യെച്ചൂരി

ബി.ജെ.പി.യെ തടയാൻ യു.ഡി.എഫ്. തോൽക്കണമെന്ന് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അദ്ദേഹവുമായി ‘മാതൃഭൂമി’ പ്രതിനിധിയുമായി സംസാരിക്കുന്നുnull
അഞ്ചിടങ്ങളിലെ തിരഞ്ഞെടുപ്പിനെ എങ്ങനെ വിലയിരുത്തുന്നു
ബി.ജെ.പി. അവകാശപ്പെടുന്നതുപോലെ അവർക്കു വലിയ വിജയമുണ്ടാവാൻ പോവുന്നില്ല. അസമിൽപോലും സ്ഥിതിഗതികൾ അവർക്ക് അനുകൂലമല്ല. ബോഡോ വിഭാഗം എൻ.ഡി.എ. വിട്ടത് ബി.ജെ.പി.യെ പ്രതികൂലമായി ബാധിക്കും. തമിഴ്നാട്ടിൽ ഡി.എം.കെ. നയിക്കുന്ന മുന്നണി നന്നായി മുന്നേറുന്നു. വലിയതോതിലുള്ള വിജയമുണ്ടാവും. പുതുച്ചേരിയിൽ ചെറുതെങ്കിലും ശക്തമായ മത്സരമാണ്. വ്യക്തമായ ത്രികോണമത്സരത്തിലാണ് പശ്ചിമബംഗാൾ. ഇതിൽ ഏറ്റവുംദുർബലർ ബി.ജെ.പി.യാണ്. അഞ്ചുവർഷം കൂടുമ്പോൾ ഭരണമാറ്റമുണ്ടാവുന്ന പതിവുമാറി ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്താൻപോവുകയാണ് കേരളത്തിൽ.
കർഷകപ്രക്ഷോഭമടക്കമുള്ളവ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോnull
കർഷകപ്രക്ഷോഭം, പൊതുമേഖലയുടെ സ്വകാര്യവത്കരണം, തൊഴിലാളിപ്രശ്നങ്ങൾ തുടങ്ങിയവയൊക്കെ സംസ്ഥാനങ്ങളിൽ വലിയ ചർച്ചയാവുന്നുണ്ട്. ഈസംസ്ഥാനങ്ങളിൽ കിസാൻ മഹാപഞ്ചായത്തുകൾ നടക്കുന്നു. ജനങ്ങളുടെ ദൈനംദിനജീവിതവുമായി ബന്ധപ്പെട്ട ഈ പ്രശ്നങ്ങളാണ് ജനവിധി നിർണയിക്കുക. അതിന്റെ ആകത്തുകയാവും തിരഞ്ഞെടുപ്പുഫലം.
എന്താണ് ഇടതുപക്ഷത്തിന്റെ സാധ്യതകൾ? ഇടതുപക്ഷത്തിനു ജനങ്ങളെന്തിനു വോട്ടുചെയ്യണം
ഇത്തവണ ഇടതുസാന്നിധ്യം മുൻകാലങ്ങളെക്കാൾ മെച്ചപ്പെടും. തമിഴ്നാട്ടിൽ ഡി.എം.കെ. നയിക്കുന്ന മുന്നണി മതേതരസർക്കാരുണ്ടാക്കും. ഞങ്ങൾക്ക് നിയമസഭയിൽ മികച്ച പ്രാതിനിധ്യമുണ്ടാവും. അസമിൽ വലിയ ഇടവേളയ്ക്കുശേഷം ഞങ്ങൾ നിയമസഭയിലെത്താൻ പോവുന്നു.
പശ്ചിമബംഗാളിൽ സംയുക്ത മോർച്ച (ഐക്യമുന്നണി)യുടെ ഭാഗമാണ് സി.പി.എം. ഈ മോർച്ച ഒരു ബദലായി മാറിക്കഴിഞ്ഞു. കേരളത്തിൽ പ്രകൃതിദുരന്തമുണ്ടായപ്പോഴും കോവിഡ് സമയത്തുമൊക്കെ ഇടതുസർക്കാരിന്റെ പ്രതികരണവും പ്രവർത്തനവും വലിയ അംഗീകാരം നേടി. തങ്ങൾക്കുവേണ്ടി ഒരു സർക്കാരുണ്ടെന്നാണ് ജനങ്ങളുടെ ചിന്ത. തദ്ദേശതിരഞ്ഞെടുപ്പിൽ അതു പ്രകടമായി.
പക്ഷേ, കേരളസർക്കാരിനെതിരേയുള്ള വിവാദങ്ങൾ തിരിച്ചടിയാവില്ലേ? അതിൽ തിരുത്താനൊന്നുമില്ലേ?
അവയൊക്കെ രാഷ്ട്രീയമായ വേട്ടയാണെന്നതിൽ തർക്കമില്ല. എന്തെങ്കിലും തിരുത്തൽ ആവശ്യമെങ്കിൽ അതു ചെയ്യുന്നവരാണ് ഞങ്ങൾ. ആവശ്യമായ ഘട്ടങ്ങളിൽ അതു ചെയ്തിട്ടുമുണ്ട്. അതു ജനങ്ങൾക്കുമറിയാം. എന്നാൽ, സി.ബി.ഐ.യും ഇ.ഡി.യുമൊക്കെ എങ്ങനെയാണ് രാഷ്ട്രീയ എതിരാളികൾക്കെതിരേ ഉപയോഗിക്കപ്പെടുന്നതെന്നു ജനങ്ങൾ കാണുന്നുണ്ടല്ലോ.
സ്വർണക്കടത്തടക്കമുള്ള വിഷയങ്ങൾ ഇപ്പോൾ തിരഞ്ഞെടുപ്പ് അജൻഡയായി ഉപയോഗിക്കുകയാണ് പ്രതിപക്ഷം. തദ്ദേശതിരഞ്ഞെടുപ്പിൽ അതൊന്നും ഫലവത്തായില്ല. നിയമസഭാതിരഞ്ഞെടുപ്പിലും അതു വിജയിക്കാൻ പോവുന്നില്ല.
ഇടതുപക്ഷം വീണ്ടും അധികാരത്തിൽവന്നാൽ, പിണറായി തന്നെയാകുമോ സർക്കാരിന്റെയും ക്യാപ്റ്റൻ?
ഇടതുപക്ഷം ചരിത്രംകുറിക്കാൻപോവുകയാണ് കേരളത്തിൽ. ഉറപ്പായും കേരളത്തിൽ തുടർഭരണമുണ്ടാവും. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ക്യാപ്റ്റനാണ് പിണറായി. നിലവിൽ മുഖ്യമന്ത്രിയാണല്ലോ അദ്ദേഹം. ക്യാപ്റ്റൻ വിജയിക്കുമ്പോൾ സ്വാഭാവികമായും എന്തായിരിക്കും സംഭവിക്കുകയെന്ന് എല്ലാവർക്കും അറിയാവുന്നതാണല്
കടുത്ത സാമ്പത്തികപ്രതിസന്ധിയിലുള്ള കേരളത്തെ കരയേറ്റാൻ എന്താണ് പരിഹാരം
സഹകരണമേഖല ശക്തമാണ് കേരളത്തിൽ. ഉത്പാദനവും വിപണനവും ഒന്നിച്ചുകൊണ്ടുപോവാൻ കഴിയണം. ഇടതുസർക്കാർ അധികാരത്തിൽവന്നാൽ ഈരംഗത്ത് എന്തൊക്കെ ചെയ്യാനാവുമെന്നു കൂടിയാലോചിച്ചു തീരുമാനിക്കും.
കേരളത്തിലും ബംഗാളിലുമൊന്നും ബി.ജെ.പി. ഭരണത്തിലല്ല. എന്നിട്ടും ബി.ജെ.പി.യാണല്ലോ സി.പി.എമ്മിന്റെ മുഖ്യശത്രു
ഈസംസ്ഥാനങ്ങളിൽ മിക്കതിലും ബി.ജെ.പി. വലിയൊരു പാർട്ടിയല്ല. തമിഴ്നാട്ടിൽ എ.ഐ.എ.ഡി.എം.കെ.യുടെ ജൂനിയർ പാർട്ണറാണവർ. ബംഗാളിൽ ലോക്സഭാ തിരഞ്ഞെടുപ്പുവേളയിൽ തൃണമൂൽ കോൺഗ്രസിനെതിരേ സാധ്യമായ ബദൽ ബി.ജെ.പി.യാണെന്ന ചിന്ത ജനങ്ങളിലുണ്ടായി.
കൂടാതെ, ഇടതുപാർട്ടികളും കോൺഗ്രസുമൊക്കെ മത്സരിച്ചതു വെവ്വേറെയായിരുന്നു. എന്നാൽ, ഇത്തവണ അങ്ങനെയല്ല.
മതമൗലികവാദിയെന്നു വിമർശിക്കപ്പെടുന്ന അബ്ബാസ് സിദ്ദീഖിയുമായി ബംഗാളിൽ സി.പി.എം. സഖ്യമുണ്ടാക്കി. അതു തിരിച്ചടിയാവില്ലേ
മതേതരത്വത്തിലുള്ള ഇടതുപക്ഷത്തിന്റെ വിശ്വാസ്യത ആർക്കും ചോദ്യംചെയ്യാവുന്ന ഒന്നല്ല. ഭൂരിപക്ഷവർഗീയതയെയും എല്ലാതരം മതമൗലികവാദത്തെയും എതിർത്തുപോരുന്നവരാണ് ഞങ്ങൾ. ഇന്ത്യൻ സെക്കുലർ ഫ്രണ്ട് എന്നാണ് അബ്ബാസ് സിദ്ദീഖി രൂപവത്കരിച്ച പാർട്ടിയുടെ പേര്.
ആദിവാസിവിഭാഗക്കാരനാണ് അദ്ദേഹത്തിന്റെ പാർട്ടിയുടെ അധ്യക്ഷൻ. പിന്നെ, അദ്ദേഹത്തിന്റെ മതവിശ്വാസം വ്യക്തിപരമായ കാര്യമാണ്. കേരളത്തിൽ വലിയൊരു വിഭാഗം വിശ്വാസികളെ പ്രതിനിധാനംചെയ്യുന്നവരല്ലേ മുസ്ലിംലീഗ്. അവരുമായി ഞങ്ങൾ മുമ്പു സഹകരിച്ചിട്ടുണ്ടല്ലോ. അതിനാൽ, വ്യക്തിപരമായ മതവിശ്വാസം വേറെ, രാഷ്ട്രീയം വേറെ. രണ്ടിനെയും രണ്ടായി കാണണം.
ബംഗാളിൽ കോൺഗ്രസുമായി കൈകോർക്കുന്നു..ഇവിടെ നിങ്ങൾ എതിരാളികൾ?
നല്ല പക്വമതികളാണ് കേരളത്തിലെ വോട്ടർമാർ. 2004-ലെ അനുഭവം നോക്കൂ. അന്നത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ ബി.ജെ.പി.യെയും വാജ്പേയിസർക്കാരിനെയും തടഞ്ഞുനിർത്താൻ മതേതര-ജനാധിപത്യമുന്നണിയെ പിന്തുണയ്ക്കുമെന്ന് സി.പി.എം. പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി. കോൺഗ്രസുംകൂടി ഉൾപ്പെട്ടതായിരുന്നു ആ മുന്നണി. സ്വാഭാവികമായും ഞങ്ങൾ കേന്ദ്രത്തിൽ കോൺഗ്രസിനെ പിന്തുണയ്ക്കുമെന്ന് വ്യക്തമായിരുന്നു. എന്നിട്ടും കേരളത്തിലെ 20 ലോക്സഭാസീറ്റുകളിൽ പതിനെട്ടിലും ഇടതുപക്ഷം വിജയിച്ചു. കോൺഗ്രസിന് ഒറ്റസീറ്റുപോലും നേടാനായില്ല

