വോട്ട് ഇരട്ടിപ്പിക്കലിന് പിന്നിൽ സംഘടിത നീക്കമില്ല; ആരോപണം കോൺഗ്രസ് ചേർത്ത വോട്ടുകളെപ്പറ്റി

ആലപ്പുഴ: സംസ്ഥാനത്ത് ഇരട്ട വോട്ടുകൾ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ സംഘടിത നീക്കമുണ്ടെന്ന ആക്ഷേപമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വോട്ട് ഇരട്ടിപ്പിക്കലിൽ കോൺഗ്രസ് ചേർത്ത വോട്ടിനെപ്പറ്റിയാണ് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുൻപും ഇത് ഉണ്ടായിട്ടുണ്ട്. എന്നാൽ സംഘടിതമായ ഒരു നീക്കവും നടന്നതായി ആക്ഷേപമില്ല. ബിജെപിക്ക് രണ്ട് മണ്ഡലങ്ങളിൽ സ്ഥാനാർഥി ഇല്ലാത്തത് പ്രാദേശികമായി വോട്ട് നൽകാൻ പോകുന്നതിന്റെ സൂചനയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂരിപക്ഷ, ന്യൂനപക്ഷ മതരാഷ്ട്ര വാദത്തിന് എൽഡിഎഫ് എതിരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ മത വിശ്വാസികളുടെയും വിശ്വാസം സംരക്ഷിക്കാൻ എൽഡിഎഫ് നേതൃത്വം നൽകും. സംഘപരിവാർ നീക്കങ്ങൾ ന്യൂനപക്ഷങ്ങളിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നുണ്ട്. ഇത് മുതലെടുക്കാൻ ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു.
തിരഞ്ഞെടുപ്പ് അടുക്കുന്തോറും യുഡിഎഫ് ക്ഷയിക്കുന്നു. പല നേതാക്കൻമാരും ബിജെപിയിലേക്ക് പോകുന്നു. കെ.പി.സി.സിയുടെ വൈസ് പ്രസിഡന്റ് റോസക്കുട്ടിയും കഴിഞ്ഞ ദിവസം പാർട്ടി വിട്ടു. മഹിളാകോൺഗ്രസ് അധ്യക്ഷയ്ക്ക് കെ.പി.സി.സി ആസ്ഥാനത്തിന് മുന്നിൽ തല മുണ്ഡനം ചെയ്യേണ്ട സ്ഥിതി വന്നു. അതേ സമയത്ത് എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിലേക്ക് സ്ത്രീജനങ്ങൾ ഒഴുകിയെത്തുന്നു.തിരഞ്ഞെടുപ്പിൽ ജനങ്ങൾ എങ്ങനെ ചിന്തിക്കുന്നു എന്നത് പരസ്യമാണ്.
സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് ഒരു വർഷം പൂർത്തിയാകുന്നു. കോവിഡ് വലിയ തോതിലുള്ള പ്രതിസന്ധിയാണ് ഉയർത്തിയത്.നമ്മുടെ സാമൂഹ്യ ജീവിതം പൊടുന്നനെ നിശ്ചലമായി. അനിശ്ചിതമായ ഘട്ടത്തിലും ലോക്ഡൗൺ ഫലപ്രദമായി നടപ്പിലാക്കി. ജനങ്ങളുടെ സഹകരണം ഉണ്ടായി. രോഗവ്യാപനം വലിയ തോതിൽ വരുന്നത് തടയാൻ കഴിഞ്ഞു. ജനങ്ങൾക്ക് സൗകര്യമൊരുക്കാൻ കഴിഞ്ഞു. കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ തയ്യാറാക്കുകയും ആശുപത്രികളിൽ ഐസിയു ഉൾപ്പെടെ എല്ലാം തയ്യാറാക്കി. കോവിഡ് ആശുപത്രികൾ ഒരുക്കാൻ കഴിഞ്ഞു. രോഗികളെ കണ്ടെത്താൻ നാട്ടുകാരുടെ സഹായത്തോടെ കഴിഞ്ഞു. ലോകത്തിന്റെ മറ്റുഭാഗങ്ങളിലെ പോലെ രോഗികൾക്ക് ആവശ്യത്തിനുള്ള സൗകര്യം ലഭിക്കാത്ത അവസ്ഥ കേരളത്തിലുണ്ടായില്ല. ഇതുമൂലം കോവിഡ് മരണങ്ങൾ നിയന്ത്രിക്കാൻ കഴിഞ്ഞു. വികസിത രാഷ്ട്രങ്ങളെ അമ്പരപ്പിക്കുന്ന നിരക്കിൽ കോവിഡ് മരണനിരക്ക് കേരളത്തിൽ കുറഞ്ഞു. കേരളത്തിൽ ചെയ്തതെന്തെന്ന് പഠിക്കാൻ മറ്റുള്ളവർ വരുന്നു. ലോകം കേരളത്തെ മാതൃകയാക്കണമെന്ന് ലോക മാധ്യമങ്ങൾ പറയുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി

