KSDLIVENEWS

Real news for everyone

നേപ്പാളിൽ പെട്രോൾ ലീറ്ററിനു 225 രൂപ, രാജിവച്ചത് രണ്ട് മന്ത്രിമാർ; ആടിയുലഞ്ഞ് ബാലേന്ദ്ര ഷാ സർക്കാർ

SHARE THIS ON

കാഠ്മണ്ഡു: നേപ്പാളിൽ അടിമുടി മാറ്റം വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ പുതിയ സർക്കാരിന് ഭരണമാരംഭിച്ച ആദ്യ മാസത്തിൽ തന്നെ കനത്ത തിരിച്ചടികൾ. റാപ്പർ പദവിയിൽ നിന്ന് രാഷ്ട്രീയത്തിലെത്തി പ്രധാനമന്ത്രിയായ 35കാരൻ ബാലേന്ദ്ര ഷായുടെ നേതൃത്വത്തിലുള്ള സർക്കാർ നിലവിൽ വന്ന് 26 ദിവസത്തിനുള്ളിൽ രണ്ട് മന്ത്രിമാരാണ് രാജിവച്ചത്.

അഴിമതിവിരുദ്ധ പ്രതിച്ഛായയുമായി അധികാരത്തിലെത്തിയ സർക്കാർ, മന്ത്രിമാരുടെ രാജിയോടെ പ്രതിരോധത്തിലായി. നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട ദുരൂഹതകളെത്തുടർന്ന് ആഭ്യന്തര മന്ത്രി സുദൻ ഗുരുങ്ങും, ഭാര്യയ്ക്ക് ഉന്നത പദവി വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ തൊഴിൽ മന്ത്രി ദീപക് കുമാർ ഷായുമാണ് രാജിവച്ചത്. ദീപക് കുമാർ ഷാ സത്യപ്രതിജ്ഞ ചെയ്ത് വെറും 13 ദിവസത്തിനുള്ളിലാണ് സ്ഥാനമൊഴിഞ്ഞത്.

ഇന്ത്യ-നേപ്പാൾ അതിർത്തി വഴി നിത്യോപയോഗ സാധനങ്ങൾ കൊണ്ടുവരുന്നവർക്ക് ഏർപ്പെടുത്തിയ പുതിയ നിയന്ത്രണവും ജനരോഷത്തിനു കാരണമായിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് 100 നേപ്പാളി രൂപയ്ക്ക് മുകളിലുള്ള സാധനങ്ങൾ കൊണ്ടുവന്നാൽ കസ്റ്റംസ് ഡ്യൂട്ടി നൽകണമെന്ന കർശന നിർദേശമാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്.

ഇറാൻ-യുഎസ് സംഘർഷത്തെത്തുടർന്ന് നേപ്പാളിൽ ഇന്ധനവില കുതിച്ചുയർന്നു. പെട്രോൾ വില ലീറ്ററിനു 150 രൂപയിൽ നിന്ന് ഏകദേശം 225 രൂപയിലേക്ക് ഉയർന്നത് സാധാരണക്കാരുടെ ജീവിതം ദുസഹമാക്കിയിരിക്കുകയാണ്. അഴിമതി കുറയ്ക്കുമെന്ന വാഗ്ദാനത്തോടെ അധികാരത്തിലെത്തിയ ഷാ ഭരണകൂടം, ആദ്യ ആഴ്ചകളിൽ തന്നെ നേരിടുന്ന ഈ വിവാദങ്ങൾ നേപ്പാൾ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!