KSDLIVENEWS

Real news for everyone

റിസോര്‍ട്ട് രാഷ്ട്രീയം: സുപ്രീംകോടതിയുടെ മുന്നറിയിപ്പിന് പ്രസക്തിയേറുന്നു

SHARE THIS ON

ന്യൂഡല്‍ഹി : മഹാരാഷ്ട്രയിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ റിസോര്‍ട്ട് രാഷ്ട്രീയം വീണ്ടും ചര്‍ച്ചയാകുമ്പോള്‍ സുപ്രീംകോടതി നല്‍കിയ മുന്നറിയിപ്പുകള്‍ക്കും പ്രസക്തിയേറുകയാണ്. രാഷ്ട്രീയപ്പാര്‍ട്ടികളുടെ കുതിരക്കച്ചവടം തടയാന്‍ ശക്തമായ നിയമം കൊണ്ടുവരുന്നകാര്യം പാര്‍ലമെന്റ് പരിഗണിക്കണമെന്നാണ് കര്‍ണാടക കേസില്‍ സുപ്രീംകോടതി പറഞ്ഞത്. എം.എല്‍.എ.മാരെ അവരുടെ പാര്‍ട്ടിയില്‍നിന്ന് അടര്‍ത്തിക്കൊണ്ടുപോകുന്നതിനെതിരേ മധ്യപ്രദേശ് കേസിലും സുപ്രീംകോടതി ശക്തമായ നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു.


ജനങ്ങള്‍ക്ക് സുസ്ഥിരസര്‍ക്കാരിനെ നിഷേധിക്കുംവിധം രാഷ്ട്രീയപ്പാര്‍ട്ടികള്‍ കുതിരക്കച്ചവടവും അഴിമതിയും നടത്തുന്നതിനെതിരേ നിയമങ്ങള്‍ ശക്തമാക്കണമെന്നാണ് 2019-ലെ കര്‍ണാടകകേസില്‍ സുപ്രീംകോടതി പറഞ്ഞത്. ഭരണഘടനയുടെ പത്താം പട്ടികയിലെ ചില ഭാഗങ്ങള്‍ ശക്തിപ്പെടുത്തുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്നായിരുന്നു ജസ്റ്റിസ് എന്‍.വി. രമണയുടെ നിരീക്ഷണം. 2020-ലെ മധ്യപ്രദേശ് കേസില്‍ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും കുതിരക്കച്ചവടത്തിനെതിരേ ശക്തമായ നിരീക്ഷണങ്ങള്‍ നടത്തി. അതേസമയം, ഗവര്‍ണറുടെയും സ്പീക്കറുടെയും അധികാരം, കൂറുമാറ്റക്കാരുടെ അയോഗ്യതയില്‍ സ്പീക്കര്‍ തീരുമാനമെടുക്കേണ്ട സമയക്രമം തുടങ്ങിയവയില്‍ ഇടപെടാനുള്ള സുപ്രീംകോടതിയുടെ പരിമിതികളും വിവിധ കേസുകളില്‍ കണ്ടു. കൂറുമാറിയ അംഗങ്ങളുടെ അയോഗ്യതയില്‍ സമയബന്ധിതമായി തീരുമാനമെടുക്കുന്നത് സംബന്ധിച്ച് നിയമമുണ്ടാക്കേണ്ടത് പാര്‍ലമെന്റാണെന്ന് കഴിഞ്ഞവര്‍ഷം ജൂലായില്‍ സുപ്രീംകോടതി പറഞ്ഞിരുന്നു. ഇത്തരം രാഷ്ട്രീയപ്രതിസന്ധികളുണ്ടാകുമ്പോള്‍ ഗവര്‍ണറുടെയും സ്പീക്കറുടെയും അധികാരത്തില്‍ ജുഡീഷ്യറിക്ക് എത്രത്തോളം ഇടപെടാമെന്നതും പലതവണ സുപ്രീംകോടതിയില്‍ ചര്‍ച്ചയായി. എന്നാല്‍, ഇക്കാര്യം ഉചിതസമയത്ത് പരിശോധിക്കുമെന്നുമാത്രമാണ് ഇതിനുമുന്‍പ് 2019-ല്‍ മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി കേസില്‍ സുപ്രീംകോടതി പറഞ്ഞത്.

മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് 55 അംഗങ്ങളാണെന്നിരിക്കേ കൂറുമാറ്റനിയമം ബാധകമാവാതിരിക്കാന്‍ ഏക്നാഥ് ഷിന്ദേയ്‌ക്കൊപ്പം ഉണ്ടാവേണ്ടത് 37 പേരാണ്. തനിക്കൊപ്പം ശിവസേനയുടെ 34 എം.എല്‍.എ.മാരും സ്വതന്ത്രരുള്‍പ്പെടെ 47 പേരുമുണ്ടെന്നാണ് ഷിന്ദേയുടെ ഒടുവിലത്തെ അവകാശവാദം. ഭൂരിപക്ഷം സംബന്ധിച്ച് തര്‍ക്കം കോടതികയറുമ്പോഴെല്ലാം 1994-ലെ എസ്.ആര്‍. ബൊമ്മെ കേസിലെ സുപ്രീംകോടതിയുടെ സുപ്രധാനവിധിയാണ് മാനദണ്ഡമാക്കാറുള്ളത്. ഭൂരിപക്ഷത്തര്‍ക്കം സഭയില്‍ വിശ്വാസവോട്ടിലൂടെയാണ് പരിഹരിക്കേണ്ടതെന്നാണ് എസ്.ആര്‍. ബൊമ്മെ കേസില്‍ വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!