കുടുംബത്തിൽ നിന്ന് തന്നെ- കെ. സുധാകരൻ

കൊച്ചി: ആസന്നമായ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നു തന്നെയാകുമെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. ആരാകണം സ്ഥാനാര്‍ഥിയെന്നത് കുടുംബവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും കുടുംബം നിര്‍ദ്ദേശിക്കുന്നയാളായിരിക്കും സ്ഥാനാര്‍ഥിയെന്നും അദ്ദേഹം വ്യക്തമാക്കി. പുറത്തു നിന്നുള്ള ആരെയും പാര്‍ട്ടി പരിഗണിക്കുന്നില്ല എന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. പുതുപ്പള്ളിയില്‍ ആര് സ്ഥാനാര്‍ഥിയാകണമെന്നതിനെ പറ്റി ഉടന്‍ ചര്‍ച്ച തുടങ്ങും. അനൗപചാരികമായി ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ഔപചാരികമായി തീരുമാനമെടുക്കും. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അനിശ്ചിതത്വമൊന്നുമില്ല. അതിനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ കുടുംബത്തില്‍ ഒരു ചര്‍ച്ച വേണം. സ്ഥാനാര്‍ഥി കുടുംബത്തില്‍ നിന്നും തന്നെയായിരിക്കും. അതില്‍ തര്‍ക്കമില്ല. അനുശോചന യോഗം കഴിഞ്ഞ ശേഷമെ ചര്‍ച്ച നടക്കുകയുള്ളൂ. ആരാകണം എന്നത് കുടുംബവുമായി ആലോചിച്ച് തീരുമാനിക്കും. കുടുംബം നിര്‍ദ്ദേശിക്കുന്നയാളായിരിക്കും സ്ഥാനാര്‍ഥി.- കെ. സുധാകരൻ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയോടുള്ള ആദരവ് കണക്കിലെടുത്ത് മത്സരം ഒഴിവാക്കാനുള്ള ഔന്നത്യം ഭരണപക്ഷം കാണിക്കണം. മത്സരം ഒഴിവാക്കുന്നത് ബിജെപിയും ആലോചിക്കണം-സുധാകരന്‍ ആവശ്യപ്പെട്ടു

