KSDLIVENEWS

Real news for everyone

കൂറുമാറ്റത്തിലെ അറിയാക്കഥകള്‍; മധുകൊലക്കേസിലെ പ്രതികള്‍ സാക്ഷികളെ വിളിച്ചത് 385 തവണ, ഇടനിലക്കാരന്‍ വഴിയും വിളിച്ചു

SHARE THIS ON

പാലക്കാട് : അട്ടപ്പാടി മധുകൊലക്കേസില്‍ ജാമ്യ വ്യവസ്ഥ ലംഘിച്ച്‌ പ്രതികള്‍ നേരിട്ടും ഇടനിലക്കാരന്‍ മുഖേനെയും 385 തവണ സാക്ഷികളെ ഫോണില്‍ വിളിച്ചു. വിചാരണ തുടങ്ങുന്നതിന് തൊട്ടു മുമ്ബ് വാങ്ങിയ പുതിയ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചായിരുന്നു സാക്ഷികളുമായുള്ള കൂടുതല്‍ ആശയവിനിമയവും. ഇടനിലക്കാരന്‍ ആഞ്ചന്‍്റെ അയല്‍വാസി ഇടക്കാലത്ത് ഉപയോഗിക്കാതെ വച്ച സിംകാര്‍ഡ് വാങ്ങിയും സാക്ഷികളെ ബന്ധപ്പെട്ടു.വിറ്റ്നസ് പ്രൊട്ടക്ഷന്‍ സ്കീമിന്റെ നിയമപരമായ പിന്‍ബലത്തില്‍ പൊലീസ് നടത്തിയ അന്വേഷണമാണ് മധുകേസ് അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്ക് തടയിട്ടത്.

പലതവണ പ്രതികള്‍ നേരിട്ടും ഇടനില്കകാര്‍ മുഖേനെയും സാക്ഷികളെ വിളിച്ചു. ഇത് ഹൈക്കോടതി നല്‍കിയ ജാമ്യവ്യവസ്ഥയ്ക്ക് എതിരാണ്. ഇത് മാനിച്ച്‌ 12 പ്രതികളുടെ ജാമ്യം റദ്ദാക്കുന്നു എന്നായിരുന്ന വിചാരണക്കോടതി ഉത്തരവ്.

രണ്ടാംപ്രതി മരയ്ക്കാന്‍ 11 തവണ സ്വന്തം ഫോണില്‍ നിന്ന് സാക്ഷികളെ വിളിച്ചു. 14,15,16,18, 19, 32 സാക്ഷികളെയാണ് ബന്ധപ്പെട്ടത്. ഇവരില്‍ അഞ്ചുപേര്‍ കൂറുമാറി. മൂന്നാംപ്രതി ശംസുദ്ദീന്‍ 63 തവണ പതിനാലാം സാക്ഷി ആനന്ദിനെ മാത്രം വിളിച്ചു. കൂറുമാറിയ സാക്ഷിയാണ് ആനന്ദന്‍. ആറാം പ്രതി അബൂബക്കറും പന്ത്രണ്ടാം പ്രതി സജീവനും അമ്ബതിലേറെ തവണ സാക്ഷികളുമായി ബന്ധപ്പെട്ടു.പതിനഞ്ചാംപ്രതി ബിജു മുപ്പതി രണ്ടാം സാക്ഷിയെ മാത്രം 49 തവണ ഫോണില്‍ വിളിച്ചതിനും രേഖകളുണ്ട്. പതിനാറാം പ്രതി മൂനീര്‍ ഒരു സാക്ഷിയെ മാത്രം വിളിച്ചത് 38 തവണ.

8943615072 ഇത് ഇടനിലക്കാരന്‍ ഉപയോഗിച്ച സിം ആണ്. സിമ്മിന്‍്റെ ഉടമസ്ഥാവകാശം പരിശോധിച്ചപ്പോള്‍ ഭഗവതി എന്ന വ്യക്തിയുടേത്. ഊത്ത് കുഴി ഊര്, ഷോളയൂര്‍ ഇതാണ് മേല്‍വിലാസം.പൊലീസ് ഭഗവതിയെ കണ്ട് അന്വേഷിച്ചപ്പോള്‍, അങ്ങനെ ഒരു സിം എടുത്തിട്ടില്ലെന്ന് വ്യക്തമായി. അതില്‍ കാണപ്പെട്ട ഫോട്ടയെ കുറിച്ചായി പിന്നീട് പരിശോധന. നിഷ എന്ന യുവതിയുടേതാണ് ഫോട്ടോ. അവരെ കണ്ടെത്തി വിവരം തിരക്കിയപ്പോള്‍, 2019ല്‍ ഭഗവതിയുടെ അനുജത്തി ധനലക്ഷ്മിക്ക് വേണ്ടി ഒരു സിംകാര്‍ഡ് എടുത്ത് നല്‍കിയിട്ടുണ്ട്. അതില്‍ ഉപയോഗിച്ചത് സ്വന്തം ഫോട്ടോ ആണ്. തിരിച്ചറിയല്‍ രേഖ ഭഗവതിയുടേത്.

ധനലക്ഷ്മിയെ വിവാഹം കഴിച്ചത് ആനവായി ഊരിലുള്ള ശിവകുമാര്‍ ആണ്. പിന്നാലെ, ഈ സിം ശിവകുമാര്‍ ഉപയോഗിക്കാന്‍ തുടങ്ങി. ഇടക്കാലത്ത് ഈ സിം ഉപയോഗിക്കാതെ മാറ്റിവച്ചു. ആ സിം അയല്‍വാസിയായ ആഞ്ചന്‍ കടംവാങ്ങി ഉപയോഗിക്കാന്‍ തുടങ്ങി. അദ്ദേഹം അത് പ്രതിയായ ബിജുവിനും കൈമാറി. പ്രതികള്‍ ഈ നമ്ബര്‍ ഉപയോഗിച്ച്‌ നിരന്തരം ആഞ്ചന്‍ മുഖേനയും അല്ലാതെയും സാക്ഷികളുമായും ബന്ധപ്പെട്ട് കൊണ്ടേയിരുന്നു.

അവിടെയും തീരുന്നില്ല കഥ. ഈ സിം ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ആക്ടീവ് ആകുന്നത് മധുകേസില്‍ സാക്ഷിവിസ്താരം തുടങ്ങുന്നതിന് അഞ്ചുനാള്‍ മുമ്ബ്. ജൂണ്‍ എട്ടിനാണ് മധുകേസില്‍ സാക്ഷി വിസ്താരം തുടങ്ങിയത്. ഇതേ ഫോണ്‍ ജൂലൈ 19ന് ഡിആക്ടീവ് ആയി. അന്ന് തന്നെയാണ് വിറ്റ്നസ് പ്രൊട്ടക്ഷന്‍ സ്കീം നടപ്പിലാക്കാന്‍ ഉത്തരവ് ഇറങ്ങിയതും. സാക്ഷികളെ വിസ്തരിക്കുന്ന കാലത്ത് അവരെ സ്വാധീനിക്കാന്‍ വേണ്ടി മാത്രം ഉപയോഗിച്ച ഫോണ്‍ ആണിതെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍.

മധുകൊലക്കേസ്:ജാമ്യം റദ്ദായ പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചു, ഹൈക്കോടതിയെ സമീപിക്കാന്‍ പ്രിതകളുടെ നീക്കം

അട്ടപ്പാടി മധുവധക്കേസില്‍ ജാമ്യം റദ്ദാക്കിയ പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ച്‌ പൊലീസ്. വിചാരണക്കോടതി 12 പേരുടെ ജാമ്യമാണ് റദ്ദാക്കിയത്. ഇതില്‍ മൂന്നുപേരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. മറ്റുള്ളവര്‍ക്കായി അഗളി പൊലീസിന്‍റെ നേതൃത്വത്തില്‍ പ്രതികളുടെ വീടുകള്‍ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല.

ഒമ്ബതുപേര്‍ ഇപ്പോഴും ഒളിവിലാണ്. രണ്ടാംപ്രതി മരയ്ക്കാര്‍, മൂന്നാംപ്രതി പി.സി.ഷംസുദ്ദീന്‍, അഞ്ചാം പ്രതി ടി.രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഒമ്ബതാം പ്രതീ നജീബ്, പത്താം പ്രതി എം.വി.ജൈജുമോന്‍, പതിനൊന്നാംപ്രതി അബ്ദുല്‍ കരീം, പന്ത്രണ്ടാംപ്രതി പി.പി.സജീവ് പതിനാറാം പ്രതി വി.മുനീര്‍ എന്നിവര്‍ക്ക് വേണ്ടിയാണ് തെരച്ചില്‍.

ഹൈക്കോടതി അനുവദിച്ച ജാമ്യവ്യവസ്ഥ ലംഘിച്ചതിനാണ് പ്രതികളുടെ ജാമ്യം മണ്ണാര്‍ക്കാട് വിചാരണക്കോടതി റദ്ദാക്കിയത് ഇതിനെതിരെ ഹൈക്കോടതി സമീപിക്കാന്‍ ഒരുങ്ങുകയാണ് പ്രതിഭാഗം. അതിനിടെ സാക്ഷി വിസ്താരം നാളെ പുനരാരംഭിക്കും

അട്ടപ്പാടി മധു കൊലക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കിയാല്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞതായി നേരത്തെ ജഡ്ജി പറഞ്ഞിരുന്നു. എന്നാല്‍ ജഡ്‍ജിയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വ്യക്തമാക്കി . വിചാരണ കോടതിയെ ഭീഷണിപ്പെടുത്തുന്ന തരത്തിലായിരുന്നില്ല പ്രസ്താവനയെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ: അനില്‍ കെ.മുഹമ്മദ് പറഞ്ഞു. പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ വിചാരണ കോടതിക്ക് അധികാരമില്ലെന്നാണ് വാദിച്ചത്. ജാമ്യം റദ്ദാക്കിയാല്‍ ഹൈക്കോടതി ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!