ജില്ലയിലെ ഡയാലിസിസ് കേന്ദ്രങ്ങളുടെ എണ്ണം കുറവ്; പ്രയാസത്തിലായി വൃക്ക രോഗികൾ , നിലവിൽ 673 രോഗികളുള്ളിടത്ത് 24 കേന്ദ്രങ്ങൾ മാത്രം

പെരിയ ∙ ജില്ലയിൽ ഡയാലിസിസ് ആവശ്യമായ വൃക്കരോഗികൾ 673 പേരുണ്ട്. പക്ഷേ സ്വകാര്യ ആശുപത്രികളിലേതുൾപ്പെടെ ജില്ലയിലുള്ള ഡയാലിസിസ് മെഷീനുകൾ 24 എണ്ണം മാത്രം. ജില്ലയിലെ ഭൂരിഭാഗം രോഗികളും ഡയാലിസിസിനായി മംഗളൂരുവിലെയും കണ്ണൂർ ജില്ലയിലെയും ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ഇപ്പോഴത്തെ കണക്കുവെച്ച് ഡയാലിസിസ് ആവശ്യമായി വരുന്നവർക്ക് ജില്ലയിൽ തന്നെ ഡയാലിസിസ് സൗകര്യം ഒരുക്കണമെങ്കിൽ 150 ഡയാലിസിസ് മെഷീനുകളെങ്കിലും വേണം.
ഇതു സാധ്യമാക്കുന്നതിന് ഓരോ ബ്ലോക്ക് പഞ്ചായത്തുതലത്തിലും ചാരിറ്റബിൾ സൊസൈറ്റി രൂപീകരിച്ച് സൊസൈറ്റി മുഖേന എല്ലാ രോഗികൾക്കും ധനസഹായം എത്തിക്കുന്നതിന് ജില്ലാ പഞ്ചായത്ത് ആലോചിച്ചിരുന്നു. ഒരു വർഷം 5.90 കോടി രൂപയോളം ചെലവു വരുന്ന പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് 2 കോടിയോളം രൂപയുടെ പദ്ധതി തയാറാക്കി ബ്ലോക്ക് തലത്തിലെ സൊസൈറ്റികൾക്ക് കൈമാറുന്നതിനും സർക്കാരിന്റെ അനുമതി തേടിയിരുന്നു.
എന്നാൽ ചാരിറ്റബിൾ സൊസൈറ്റിക്ക് തുക കൈമാറുന്നതിന് അനുമതി ലഭിക്കാത്തതിനാൽ ജില്ലയിലെ വിവിധ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റികൾ മുഖേന പദ്ധതി നടപ്പിലാക്കാനാണ് ആലോചനയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ പറഞ്ഞു. ജില്ലയിലെ 10 സർക്കാർ ആശുപത്രികളിൽ ഡയാലിസിസ് സൗകര്യം ഒരുക്കാനാണു ലക്ഷ്യമിടുന്നത്. എന്നാൽ ചിലയിടങ്ങളിൽ ഭൗതികസാഹചര്യം ഒരുങ്ങാത്തത് തടസ്സമായിട്ടുണ്ട്. ഇതു സംബന്ധിച്ച് സർക്കാർതല സമിതി തീരുമാനത്തിന്റെ മിനിറ്റ്സ് ലഭ്യമായ ശേഷം പദ്ധതികൾക്ക് അന്തിമരൂപം നൽകുമെന്ന് ബേബി ബാലകൃഷ്ണൻ പറഞ്ഞു.

