നിരോധിത തീവ്രവാദ സംഘടനാ നേതാക്കള്‍ക്ക് ഔദ്യോഗികവിവരങ്ങള്‍ ചോര്‍ത്തിനല്‍കി; SI-ക്ക് സസ്‌പെന്‍ഷന്‍

കോട്ടയം: പോലീസിലെ ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്തെ എസ്.ഐ.യെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. സൈബർസെൽ വിഭാഗത്തിലെ ഗ്രേഡ് എസ്.ഐ. പി.എസ്. റിജുമോനെയാണ് എറണാകുളം റേഞ്ച് ഡി. ഐ.ജി. സസ്പെൻഡ് ചെയ്തത്. ദേശീയ അന്വേഷണ ഏജൻസിയുടെ നിർദേശപ്രകാരമാണ് നടപടിയെന്നാണ് വിവരം. നിരോധിത തീവ്രവാദ സംഘടനയുടെ നേതാക്കൾക്ക് പോലീസിലെ രഹസ്യവിവരങ്ങൾ ചോർത്തി നൽകിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. സംസ്ഥാനത്തിനുപുറത്ത് ദേശീയ അന്വേഷണ ഏജൻസി പിടികൂടിയ തീവ്രവാദ പ്രവർത്തകരിൽനിന്നാണ് സസ്പെൻഷനിലായ എസ്.ഐ.യുടെ ബന്ധങ്ങളെക്കുറിച്ച് സൂചനകൾ ലഭിച്ചത്. ഇതുസംബന്ധിച്ച് എൻ.ഐ.എ.യും, സംസ്ഥാന പോലീസ് രഹസ്യാന്വേഷണ വിഭാഗവും പ്രത്യേകം അന്വേഷണം നടത്തുന്നുമുണ്ട്. സൈബർ സെല്ലിലെത്തുന്നതിന് മുമ്പ് ജില്ലാ പോലീസ് ആസ്ഥാന വളപ്പിലെ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് റിജുമോൻ ജോലി നോക്കിയിരുന്നത്.

