KSDLIVENEWS

Real news for everyone

കേന്ദ്രം കയ്യൊഴിഞ്ഞ് മുഖ്യമന്ത്രിയുടെ അഭിമാന പദ്ധതി; ഇനിയെങ്ങനെ കെ-റെയിൽ വരും?

SHARE THIS ON

കൊല്ലം ∙ തിരുവനന്തപുരം–കാസർകോട് സിൽവർ ലൈൻ വേഗ റെയിൽ (കെ–റെയിൽ) പദ്ധതിയ്ക്കുള്ള വിദേശ വായ്പയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്നു കേന്ദ്ര സർക്കാർ തീർത്തു പറഞ്ഞതോടെ എതിർപ്പുകൾ അവഗണിച്ചു പദ്ധതിയുമായി മുന്നോട്ടുപോയ സംസ്ഥാന സർക്കാർ വെട്ടിലായി. ഫലത്തിൽ, എന്തു വില കൊടുത്തും പദ്ധതി നടപ്പാക്കുമെന്നു നിയമസഭയിൽ ഉൾപ്പെടെ പ്രഖ്യാപിച്ച  മുഖ്യമന്ത്രി പിണറായി വിജയന് ഇനി അഭിമാന പോരാട്ടം കൂടിയാണ് സിൽവർ ലൈൻ പദ്ധതിക്കു വേണ്ടിയുള്ള നടപടികൾ. ഇപ്പോൾ തന്നെ ഭീമമായ കടബാധ്യതയിൽ പെട്ടുഴലുന്ന സംസ്ഥാന സർക്കാരിനു സിൽവർ ലൈൻ പദ്ധതിയുടെ ബാധ്യത മുഴുവൻ ഏറ്റെടുക്കാൻ ത്രാണി പോരാ. വിദേശ ഏജൻസികളിൽനിന്നു വായ്പയെടുക്കണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ അനുമതി നിർബന്ധവുമാണ്. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ എന്തു നിലപാടു സ്വീകരിക്കുമെന്നാണു എല്ലാവരും ഉറ്റു നോക്കുന്നത്. 

പദ്ധതി നടപ്പാക്കുകതന്നെ വേണമെന്ന നിലപാടുള്ള സിപിഎമ്മും കൂടുതൽ വിശദീകരിക്കേണ്ടി വരും. മുൻപ് എക്സ്പ്രസ് ഹൈവേയുടെ കാര്യത്തിൽ സിപിഎം സ്വീകരിച്ച നിലപാടും ഇത്തരുണത്തിൽ ചർച്ചയാകുന്നു. സിൽവർ ലൈൻ പദ്ധതി ലാഭകരമാണെന്നു ബോധ്യപ്പെടുത്താതെ അന്തിമ അനുമതി നൽകാനാവില്ലെന്നാണു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടു കണ്ടപ്പോൾ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തീർത്തു പറഞ്ഞത്. 33,700 കോടി രൂപയുടെ വിദേശ വായ്പയാണു പദ്ധതിക്കു വേണ്ടി വരിക. കേരളം പോലെ ഒരു കൊച്ചു സംസ്ഥാനത്തിനു ഇത്രയും വലിയ ബാധ്യത താങ്ങാനാവില്ലെന്നു കണ്ടാണു കേന്ദ്രം കർശന നിലപാട് സ്വീകരിച്ചത്. 

മാത്രമല്ല, പദ്ധതിക്കെതിരെ വിവിധ രാഷ്ട്രീയ പാർട്ടികളും ശാസ്ത്ര സംഘടനകളും രംഗത്തു വന്നിരുന്നു. പദ്ധതി ലാഭകരമാകുമെന്നു ബോധ്യപ്പെടുത്തുന്നതിനു പുറമെ ഇത്തരം എതിർപ്പുകൾ ഇല്ലാതാക്കുകയെന്നതും സംസ്ഥാന സർക്കാരിനു മുന്നിലുള്ള വെല്ലുവിളിയാണ്. വിദേശ വായ്പയ്ക്കു പകരം ആ തുക കൂടി സംസ്ഥാനത്തിന് ഏറ്റെടുക്കാനാവുമോയെന്നാകും സംസ്ഥാന സർക്കാർ ഇനി പരിശോധിക്കുക. ആകെ 63,941 കോടി രൂപയാണു പദ്ധതിക്കു ചെലവ് കണക്കാക്കുന്നത്. എന്നാൽ 2.10 ലക്ഷം കോടി െയങ്കിലും വേണ്ടിവരുമെന്നാണു കേന്ദ്ര സർക്കാരിന്റെ കണക്ക്. ഇതിൽ 2150 കോടി രൂപ കേന്ദ്ര സർക്കാർ വിഹിതമായി നൽകുമെന്നായിരുന്നു സംസ്ഥാനത്തിന്റെ പ്രതീക്ഷ. വിദേശ വായ്പയ്ക്കു കേന്ദ്ര സർക്കാർ ചുവപ്പു സിഗ്നൽ കാണിച്ചതോടെ കേന്ദ്ര വിഹിതത്തിന്റെ കാര്യവും ഇതോടെ അനിശ്ചിതത്വത്തിലായി. ഫലത്തിൽ, സിൽവർ ലൈൻ പദ്ധതിക്കു സംസ്ഥാന സർക്കാർ സാമ്പത്തിക സമാഹരണത്തിന് ഇനി ഒന്നേയെന്നു തുടങ്ങണം. 

എതിർപ്പുകൾ മുഖവിലയ്ക്കെടുക്കാതിരുന്നതും വിനയായി

സിൽവർ ലൈൻ പദ്ധതിക്കെതിരെ വിവിധ സംഘടനകൾ എതിർപ്പുമായി രംഗത്തുവന്നിരുന്നു. വൻ മുതൽമുടക്കിൽ നടപ്പാക്കുന്ന പദ്ധതിയുടെ പ്രായോഗികതയാണു മിക്കവരും ചോദ്യം ചെയ്തത്. എന്നാൽ പദ്ധതിയുമായി മുന്നോട്ടുപോകുക തന്നെ ചെയ്യുമെന്നു സംസ്ഥാന സർക്കാർ അസന്നിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു. എതിർപ്പുകൾ ശക്തമായപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ സിൽവർ ലൈൻ പദ്ധതി ‘അഭിമാന പദ്ധതി’ യായി കണ്ടു വെല്ലുവിളിക്കുകയും ചെയ്തു. കേന്ദ്ര സർക്കാരിന്റെ പുതിയ നിലപാടോടെ മന്ത്രിസഭയെയും സിപിഎം–സിപിഐ നേതൃത്വത്തെയും ബോധ്യപ്പെടുത്തുകയെന്ന ഉത്തരവാദിത്തവും മുഖ്യമന്ത്രിയുടെ ചുമലിലായി. എൽഡിഎഫിൽ പദ്ധതി സംബന്ധിച്ചു വിശദമായ ചർച്ചയും അനിവാര്യമായി വരും. പദ്ധതിയെക്കുറിച്ചു എൽഡിഎഫിൽ വേണ്ടത്ര ചർച്ച നടന്നില്ലെന്നു പരാതി ചിലർ ഘടകകക്ഷികൾക്കെങ്കിലും ഉണ്ട്. 

pinarayi-raliway-minister

പിണറായി വിജയൻ, റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്.

യുഡിഎഫിന്റെ 7 നിർദേശങ്ങൾ

സിൽവർ ലൈൻ പദ്ധതിയുടെ പ്രായോഗികതയെക്കുറിച്ചു പഠിച്ചു റിപ്പോർട്ടു സമർപ്പിക്കാൻ കെപിസിസി– യുഡിഎഫ് നേതൃത്വം 11 അംഗ ഉപസമിതിയെ നിയോഗിച്ചിരുന്നു. സമിതി നടത്തിയ പഠനത്തിനൊടുവിൽ 7 പ്രധാന നിർദേശങ്ങൾ അടങ്ങിയ പ്രാഥമിക പഠന റിപ്പോർട്ടു സമർപ്പിക്കുകയും ചെയ്തു. വികസന പദ്ധതിക്ക് എതിരു നിൽക്കുന്നുവെന്ന പഴി കേൾക്കേണ്ടി വരില്ലേയെന്ന സംശയം ഉന്നയിച്ചു ആർഎസ്പി നേതാവ് ഷിബു ബേബിജോൺ ഉൾപ്പെടെ ചിലർ ഉപസമിതി യോഗത്തിൽ വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്തിയെങ്കിലും പദ്ധതിയെക്കുറിച്ചു സമഗ്രമായ പഠനം തുടരാനാണ് ഒടുവിൽ സമിതി തീരുമാനിച്ചത്. ഡോ. എം.കെ മുനീർ, കെ.സി ജോസഫ്, വി.ടി ബൽറാം, മോൻസ് ജോസഫ്, അനൂപ് ജേക്കബ്, ഷിബു ബേബിജോൺ, മാണി സി. കാപ്പൻ, സി.പി ജോൺ, ജി. ദേവരാജൻ, ജോൺ ജോൺ, അഡ്വ. എഎൻ രാജൻബാബു എന്നിവരായിരുന്നു സമിതിയിൽ. സമിതിയുടെ നിഗമനങ്ങൾ ഇവയായിരുന്നു. 

1. കെ റെയിലിന്റെ പല പദ്ധതികളിൽ ഒന്നായ സിൽവർ ലൈൻ പദ്ധതി എന്ന അർധ അതിവേഗ റെയിൽവേ ലൈൻ കേരളത്തിന് അനുയോജ്യമായ ഒരു പദ്ധതിയല്ല.

2. സിൽവർ ലൈൻ പദ്ധതി ഉണ്ടാക്കുന്ന കടുത്ത പാരിസ്ഥിതിക ആഘാതവും ഗതാഗത പ്രശ്നങ്ങളും സാമൂഹിക ആഘാതവും ജനജീവിതത്തെ താറുമാറാക്കി തകർക്കുന്നതാണ്.

3. അശാസ്ത്രീയമായ തരത്തിലാണു സിൽവർ ലൈൻ പദ്ധതിയുടെ രൂപകൽപന ചെയ്തുകൊണ്ടിരിക്കുന്നത്.

4. പദ്ധതിയുടെ വിശദാംശങ്ങളെ സംബന്ധിച്ചു മിനിമം സുതാര്യത പോലും പാലിക്കപ്പെട്ടിട്ടില്ല.

k-rail-representative-image

5. പദ്ധതിക്കു വേണ്ടി വരുന്ന സാമ്പത്തിക ബാധ്യതയെക്കുറിച്ചു വ്യക്തമായി ബോധ്യപ്പെടുത്തിയിട്ടില്ല.

6. പദ്ധതികളുടെ ഇരകളായിത്തീരുന്ന ജനങ്ങൾക്ക് (ഒഴിപ്പിക്കപ്പെടാതെ ജീവിത ദുരിതം നേരിടുന്നവരും കഷ്ടനഷ്ടങ്ങൾ അനുഭവിക്കുന്നവരും ഉൾപ്പെടെ) വിവിധ തരത്തിൽ മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നതാണ് സിൽവർ ലൈൻ പദ്ധതി.

7. സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണം എന്നതായിരിക്കണം യുഡിഎഫ് നിലപാട്. എന്നാൽ മെഗാ പ്രോജക്ട് എന്ന നിലയിൽ സിൽവർ ലൈൻ പദ്ധതിക്കു ബദൽ പരിശോധിക്കേണ്ടതുണ്ട്. മെഗാ പ്രോജക്ടുകൾ ഏറെയും സംസ്ഥാനത്തു നടപ്പാക്കിയതു യുഡിഎഫ് സർക്കാരുകളാണ്. വിഴിഞ്ഞം പദ്ധതി, കൊച്ചി മെട്രോ, കൊച്ചി– കണ്ണൂർ വിമാനത്താവളങ്ങൾ തുടങ്ങിയവ യുഡിഎഫ് സർക്കാരുകളുടെ സംഭാവനയാണ്. ബദൽ പദ്ധതിയെപ്പറ്റി പ്രതിപക്ഷം ഉൾപ്പെടെ എല്ലാ രാഷ്ട്രീയ കക്ഷികളുമായും വിദഗ്ധരുമായും ചർച്ച ചെയ്യാൻ സർക്കാർ തയാറാകണം.

ശാസ്ത്ര സാഹിത്യ പരിഷത്ത് കടുത്ത എതിർപ്പിൽ

നിർദിഷ്ട തിരുവനന്തപുരം- കാസർഗോഡ് സില്‍വര്‍ ലൈന്‍ സെമി ഹൈസ്പീഡ് റെയിൽ കോറിഡോർ (കെ-റെയിൽ) പദ്ധതിയുടെ സമഗ്ര പാരിസ്ഥിതിക ആഘാത പഠനം (ഇഐഎ) നടത്തണമെന്നും വിശദ പദ്ധതി രേഖ (ഡിപിആര്‍) ജനങ്ങൾക്ക് ചർച്ചയ്ക്കായി നൽകണമെന്നുമുള്ള കടുത്ത നിലപാടാണു കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സ്വീകരിച്ചിരിക്കുന്നത്.  ചർച്ച നടക്കും വരെ പദ്ധതി സംബന്ധിച്ച എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കണമെന്നും പരിഷത്ത് ആവശ്യപ്പെട്ടിട്ടുണ്ട്.

k-rail-image

കേരളത്തിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ വേണ്ടതു സമഗ്രമായ ഗതാഗത നയവും അതിനനുസൃതമായ പ്രവര്‍ത്തനങ്ങളുമാണെന്നും പൊതുഗതാഗതത്തെ കേന്ദ്രമാക്കിയാവണം അത്തരമൊരു നയം ആസൂത്രണം ചെയ്യേണ്ടതെന്നും റെയിൽ ഗതാഗതമാകണം അതിന്റെ കേന്ദ്ര സ്ഥാനത്തെന്നും പരിഷത്ത് നിർദേശിക്കുന്നു. 

പരിഷത്ത് പറയുന്നതിങ്ങനെ

∙ സില്‍വര്‍ ലൈന്‍ പദ്ധതി സ്റ്റാന്‍ഡേര്‍ഡ് ഗേജിലാണ്. അതുകൊണ്ടുതന്നെ നിലവിലുള്ള ബ്രോഡ്ഗേജുമായി പരസ്പരം ചേര്‍ന്നുപോകില്ല. അതിനാല്‍ അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്ക് പ്രയോജനം ചെയ്യില്ല. മാത്രമല്ല, നിലവിലുള്ള പാതയില്‍നിന്ന് വളരെ മാറിയായതിനാൽ അതൊരു ഒറ്റയാന്‍ പാതയായിരിക്കും.

∙ ഇപ്പോഴത്തെ മതിപ്പ് ചെലവായ 65000 കോടി രൂപയെന്നത് ഇരട്ടിയെങ്കിലും ആകുമെന്ന് നിതി ആയോഗ് പറഞ്ഞു കഴിഞ്ഞു. പണി പൂര്‍ത്തിയാകുമ്പോള്‍ അതില്‍ കൂടുതലാകുമെന്ന് വിദഗ്ധര്‍ പറയുന്നു. 90 ശതമാനം മൂലധനവും വായ്പയായാണ് സ്വരൂപിക്കുന്നത്. 

ഒരു ട്രിപ്പിൽ 675 യാത്രക്കാരുള്ള 74 ട്രിപ്പുകളാകും പ്രതിദിനം ഉണ്ടാകുക. കിലോമീറ്ററിന് 2.75 രൂപയാണ് യാത്രാക്കൂലി ഇപ്പോൾ കണക്കാക്കുന്നത്. തുടക്കത്തിൽ പ്രതിദിനം 79,000 യാത്രക്കാര്‍ ഉണ്ടാകുമെന്നാണ് പദ്ധതി സംബന്ധിച്ച് ഇതുവരെ പുറത്തുവന്ന വിവരങ്ങളിൽനിന്ന് മനസിലാവുന്നത്. ഇത്രയും വലിയ നിരക്കു നല്കി ഇത്രയും യാത്രക്കാർ പ്രതിദിനം ഉണ്ടാകുമോ ?  ഉണ്ടായാലും ടിക്കറ്റ് പണം കൊണ്ട് പദ്ധതി ലാഭകരമായി നടപ്പാക്കാൻ കഴിയില്ല.

k-rail-representative-image

∙ ഇത്രയും വലിയൊരു പദ്ധതിയുടെ വിശദ പദ്ധതി രേഖ,‍ സമഗ്ര പാരിസ്ഥിതിക ആഘാത പഠനം എന്നിവയൊന്നും ലഭ്യമല്ല. ലഭിച്ച വിവരം വച്ച് 88 കി.മീ. പാടശേഖരത്തിലൂടെയുള്ള ആകാശ റെയിലാണ്. 4- 6 മീറ്റര്‍ ഉയരത്തില്‍ തിരുവനന്തപുരം- കാസർകോട് മതിൽ പോലെ ഉയരത്തിലാണ് പാത. 11 കി.മീ. പാലങ്ങള്‍, 11.5 കി.മീ. തുരങ്കങ്ങള്‍, 292 കി.മീ. എംബാങ്ക്മെന്റ് എന്നിവ ഉണ്ടാകും. ആയിരക്കണക്കിന് വീടുകള്‍, പൊതു കെട്ടിടങ്ങള്‍‍ എന്നിവ ഇല്ലാതാകുമെന്നും ലഭ്യമായ പാരിസ്ഥിതിക ആഘാത പഠനത്തിൽ പറയുന്നു. ഇതൊക്കെ നമ്മുടെ സംസ്ഥാനത്തിന്റെ പരിസ്ഥിതിക്ക് വലിയ ദോഷമുണ്ടാക്കും.

∙ ഇപ്പോള്‍ തന്നെ ഇന്ത്യന്‍ റെയില്‍വേ പൊതുമേഖലയില്‍ നിർമിച്ച അര്‍ധ അതിവേഗ തീവണ്ടികളായ ഗതിമാന്‍, വന്ദേഭാരത് എന്നീ എക്സ്പ്രസുകള്‍ ഓടിക്കുന്നുണ്ട്. അവ ബ്രോഡ്ഗേജിലാണ്. കേരളത്തിലും ബ്രോഡ്ഗേജ് പാത ശക്തിപ്പെടുത്തിയാല്‍ ഇത്തരം വണ്ടികള്‍ ഓടിക്കാം. ഇന്ത്യന്‍ റെയില്‍വേയ്ക്ക് പൂരകമായ സംവിധാനം ഉണ്ടാക്കാനും കഴിയും. ലോകത്തില്‍ ചില വികസിത രാജ്യങ്ങള്‍ സ്റ്റാന്റേര്‍ഡ് ഗേജ് ഉപയോഗിക്കുന്നു എന്നതുകൊണ്ട് കേരളത്തിന് അത് അനുയോജ്യമാവണമെന്നില്ല.

∙ ജനങ്ങള്‍ക്ക് ഇന്നത്തേതിനേക്കാള്‍ കൂടുതല്‍ മെച്ചമാണ് സില്‍വര്‍ ലൈന്‍ കൊണ്ടുണ്ടാകേണ്ടത്. അതു ലഭ്യമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടണം. അതിന്റെ തുടക്കമെന്ന നിലയില്‍ പദ്ധതിയുടെ ഡി.പി.ആര്‍, സമഗ്ര ഇ.ഐ.എ എന്നിവ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചചെയ്യണം. സാമൂഹിക ചെലവുകള്‍ കൂടി പരിഗണിച്ചുള്ള നേട്ട- കോട്ട വിശ്ലേഷണം നടക്കണം. അതുവരെ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കണം. 

മുഖ്യമന്ത്രി പറയുന്നത്

വേഗ റെയിൽ പദ്ധതിയാണു കേരളത്തിൽ പ്രായോഗികമെന്ന നിലപാടിലാണു മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്കായി കൊച്ചുവേളി മുതൽ തിരുവനന്തപുരം വരെ ഭൂമി ഏറ്റെടുക്കാൻ 6 ജില്ലകളിൽ വിജ്ഞാപനം ഇറക്കിയെന്നും ചെങ്ങന്നൂർ വരെയുള്ള ഒന്നാംഘട്ട ഏറ്റെടുക്കലിന് ഹഡ്കോ 3000 കോടി രൂപയുടെ വായ്പ അനുവദിച്ചുവെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. പദ്ധതിക്കു റെയിൽവേ ബോർഡിന്റെ തത്വത്തിലുള്ള അനുമതി ലഭിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. 

വീടുകൾ ഉൾപ്പെടെ 9314 കെട്ടിടങ്ങളെ പദ്ധതി ബാധിക്കും. 63,941 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കു 1383 ഹെക്ടർ ഭൂമി പുനരധിവാസത്തിന് ഉൾപ്പെടെ വേണ്ടി വരും. 1198 ഹെക്ടർ സ്വകാര്യ ഭൂമിയാണ്. സ്ഥലം ഏറ്റെടുക്കാൻ 13,362.32 കോടി വേണം. ഹെക്ടറിന് 9 കോടിയാണു നഷ്ടപരിഹാരം കണക്കാക്കുന്നത്. ഗ്രാമങ്ങളിൽ വിപണി വിലയുടെ പരമാവധി നാലിരട്ടിയും നഗരങ്ങളിൽ രണ്ടിരട്ടിയും നൽകും. 

പാത കടന്നുപോകുന്ന 11 ജില്ലകളിലെ ആരാധനാലയങ്ങളെയും പാടങ്ങളെയും കാവുകളെയും പരമാവധി ബാധിക്കാത്ത രീതിയിലാണു നടപ്പാക്കുന്നത്. തിരുവനന്തപുരം മുതൽ തിരൂർ വരെ എലിവേറ്റഡ് പാത ഉദ്ദേശിക്കുന്നു. 115 കിലോമീറ്റർ പാടശേഖരങ്ങളിൽ 88 കിലോമീറ്റർ ആകാശപ്പാതയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കാൻ കിഫ്ബി വഴി 2100 കോടി രൂപ വകയിരുത്തും. രാജ്യാന്തര സാമ്പത്തിക സ്ഥാപനങ്ങളായ ജെയ്ക ഉൾപ്പെടെ സാമ്പത്തിക സഹായം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയെങ്കിലും വിദേശ വായ്പയ്ക്കു കേന്ദ്രം ചുവപ്പു സിഗ്നൽ കാണിച്ചതോടെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം എങ്ങനെ നടപ്പാക്കുമെന്നാണ് ആശങ്ക. 

സിപിഎം പറയുന്നത്

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഉൾപ്പെടെ എതിർപ്പുകൾ തള്ളിക്കളയുന്ന നിലപാടാണു സിപിഎം നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. ഇത് അനേകം വർഷത്തേക്കുള്ള നിക്ഷേപമാണെന്നും വികസനത്തിന്റെ വേഗം കുറയ്ക്കുന്ന സമീപനത്തിൽനിന്നു ബന്ധപ്പെട്ടവർ പിന്മാറണമെന്നും സിപിഎം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ പറയുന്നു. പദ്ധതിയുടെ മാത്രം ലാഭനഷ്ടം നോക്കി ഇതിനെ വിലയിരുത്തരുത്. സംസ്ഥാനത്തിന്റെ വികസനത്തിനാവശ്യമായ പൊതുനിക്ഷേപം കൊണ്ടുവരാൻ ഇതു സഹായകമാകുമെന്നും സിപിഎം വിശദീകരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!