‘ബസിന് മുന്നിൽ ചാടിയവരെ രക്ഷപെടുത്തുകയായിരുന്നു; അവരെ ശ്ലാഘിക്കുന്നു’; പറഞ്ഞതിൽ ഉറച്ച് മുഖ്യമന്ത്രി പിണറായി

കൽപ്പറ്റ: നവകേരള സദസിനെതിരെ കരിങ്കൊടി പ്രതിഷേധവുമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐക്കാർ മർദിച്ച സംഭവത്തിൽ നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബസ്സിനു മുന്നിൽ ചാടിയവരെ രക്ഷപ്പെടുത്തുക തന്നെയായിരുന്നു, അവരെ വീണ്ടും ശ്ലാഘിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അവരെ തള്ളി മാറ്റിയത് താൻ കണ്ടതാണ്. അതിനെയാണ് രക്ഷാപ്രവർത്തനം എന്ന് പറഞ്ഞത്. അതിനുശേഷം ഉള്ളത് കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസിനിടെ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. നവകേരള സദസിന് പറവൂർ നഗരസഭ തുക അനുവദിക്കാൻ എടുത്ത തീരുമാനത്തെക്കുറിച്ച് മുഖ്യമന്ത്രി പരാമർശം നടത്തി. പ്രതിപക്ഷനേതാവിനെ സ്വാഭാവികമായും വിഷമം കാണും. അദ്ദേഹത്തിൻറെ പാർട്ടിക്കാർ തന്നെയാണ് ഈ നിലപാടെടുത്തത്. ഒരു മനോഭാവത്തിന്റെ പ്രശ്നമാണ്. നവ കേരള സദസ്സിന് ജനങ്ങൾ എങ്ങനെ കാണുന്നു എന്നതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. യൂത്ത് കോൺഗ്രസ് നടത്തിയത് രാജ്യത്തിന് ചേരാത്ത പ്രവർത്തിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് യൂത്ത് കോൺഗ്രസിന് പ്രയാസമുണ്ടാക്കും എന്ന് കണ്ട് ജനശ്രദ്ധയിൽ പെടാതിരിക്കാൻ മറ്റു മാർഗ്ഗങ്ങൾ സ്വീകരിക്കാൻ പറ്റുമോ എന്നാണ് നോക്കുന്നത്. കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം നിലപാട് ഇപ്പോൾ സ്വീകരിക്കുന്നില്ല. തന്നെ തന്തയില്ലായ്മ എന്നു പറഞ്ഞു. നല്ല തന്തയ്ക്ക് പിറന്നതുകൊണ്ട് തനിക്ക് അതിൽ വിഷമം ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

