പ്രിയങ്ക ഗാന്ധിക്ക് വൻഭൂരിപക്ഷം നല്‍കി വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് നന്ദി’: കെസി വേണുഗോപാല്‍

ദില്ലി: വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്ക് വൻ ഭൂരിപക്ഷം നല്‍കി വിജയിപ്പിച്ച വോട്ടർമാർക്ക് നന്ദി അറിയിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.
ഗോവിന്ദൻ മാഷിന്റെ മുഖത്ത് ബിജെപി തോറ്റതിന്റെ വിഷമമാണെന്നും കെ സി വേണുഗോപാല്‍ പരിഹസിച്ചു.
രാഹുല്‍മാങ്കൂട്ടത്തിലിനെ അഭിനന്ദിക്കുകയാണ് എംവി ഗോവിന്ദൻ ചെയ്യേണ്ടിയിരുന്നതെന്നും വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. ജയം ജയം തന്നെ ആണ്. എന്നാല്‍ ചേലക്കരയില്‍ യുഡിഎഫിന്റേത് പരാജയം തന്നെയാണ്. അതുപോലെ തന്നെ മഹാരാഷ്ട്രയിലെ തോല്‍വി അംഗീകരിക്കുന്നു എന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും കെസി പറഞ്ഞു.
ജാർഖണ്ഡില്‍ മികച്ച വിജയം നേടി. കർണാടകയില്‍ ബിജെപി കോട്ടകള്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തു. സരിനെ തിരിച്ചെടുക്കുമോ എന്നത് സാങ്കല്‍പിക ചോദ്യമാണെന്നും അതിന് മറുപടിയില്ലെന്നുമായിരുന്നു കെസി വേണുഗോപാലിന്റെ പ്രതികരണം. യഥാർത്ഥ വിഷയങ്ങള്‍ ജനം ചർച്ച ചെയ്യുന്നു എന്നാണ് ഫലം വ്യക്തമാക്കുന്നത്. സന്ദീപ് വാര്യർ ഫാക്റ്റർ, കോണ്‍ഗ്രസില്‍ നിന്ന് കൊഴിഞ്ഞുപോക്ക് എന്നത് തിരുത്തിയെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

