KSDLIVENEWS

Real news for everyone

സ്പീക്കറുടെ വേദി തല്ലിത്തകര്‍ത്തില്ല,യു.ഡി.എഫ് നടത്തിയത് അന്തസ്സുളള നിയമസഭാ പ്രവര്‍ത്തനം-ചെന്നിത്തല

SHARE THIS ON

തിരുവനന്തപുരം: അന്തസ്സുളള നിയമസഭാ പ്രവർത്തനമാണ് കഴിഞ്ഞ അഞ്ചുവർഷം യു.ഡി.എഫ് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനപക്ഷത്ത് നിന്ന് ക്രിയാത്മക പ്രതിപക്ഷമായാണ് പ്രവർത്തിച്ചതെന്നും അഞ്ച് വർഷത്തെ പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞ് ചെന്നിത്തല വിശദീകരിച്ചു. നിയമസഭാ സമ്മേളനം അവസാനിച്ച സാഹചര്യത്തിൽ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഇടതുപക്ഷം പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ ചെയ്യുന്നതുപോലെ സ്പീക്കറുടെ കസേര തല്ലിപ്പൊളിക്കുകയോ എല്ലാത്തിനെയും കണ്ണുമടച്ച് എതിർക്കുകയോ ചെയ്തിട്ടില്ല. അന്തസ്സുള്ള നിയമസഭാപ്രവർത്തനമാണ് യു.ഡി.എഫ് നടത്തിയത്. ഒരിക്കൽപോലും സ്പീക്കറുടെ വേദിയിലേക്ക് കയറി പ്രതിഷേധിച്ചില്ല. തീരെ നിവൃർത്തിയില്ലാത്ത ഘട്ടങ്ങളിൽ മാത്രമേ നടുത്തളത്തിലിറങ്ങിയുള്ളുവെന്നും ചെന്നിത്തല പറഞ്ഞു.

സർക്കാരിന്റെ പ്രവർത്തനങ്ങൾ സൂക്ഷമായി പിന്തുടർന്നിരുന്നതിനാലാണ് ചരിത്രത്തിലുണ്ടാകാത്ത വിധം ഇത്രയേറെ അഴിമതികൾ പുറത്തുകൊണ്ടുവരാനായതും പലതും സർക്കാരിനെക്കൊണ്ട് തിരുത്തിക്കാൻ കഴിഞ്ഞതെന്നും ചെന്നിത്തല വിമർശിച്ചു.

പിണറായി വിജയൻ സർക്കാർ അധികാരമേറ്റത്തിന്റെ പിന്നാലെ പുനരാരംഭിച്ച രാഷ്ട്രീയ കൊലപാതകങ്ങളുടെ കുത്തൊഴുക്കു മുതൽ പച്ചയായ മനുഷ്യരെ പോലീസ് പിടികൂടി ലോക്കപ്പിലിട്ട് തല്ലിക്കൊല്ലുന്ന ക്രൂരതയുടെ അഴിഞ്ഞാട്ടം വരെയുള്ള കാര്യങ്ങളിൽ നിയമസഭയെ പ്രതിപക്ഷം പ്രതിഷേധത്തിന്റെ പോരാട്ടവേദിയാക്കി. ഇ.പി. ജയരാജന്റെ ബന്ധുനിയമനത്തിൽ തുടങ്ങി പി.എസ്.സി.യെ നോക്കുകുത്തിയാക്കി നടത്തിയ പിൻവാതിൽ നിയമനങ്ങൾ വരെ യോഗ്യരായ യുവാക്കളുടെ അവകാശങ്ങളിന്മേൽ നടത്തിയ കയ്യേറ്റത്തിനെതിരെയും നിയമസഭയിൽ പ്രതിപക്ഷം ചെറുത്തുനില്പ് നടത്തിയെന്നും ചെന്നിത്തല വിശദീകരിച്ചു.

ജനകീയ പ്രശ്നങ്ങളിൽ സർക്കാരിനോടൊപ്പം സർവ്വാത്മനാ സഹകരിച്ചു. മഹാപ്രളയം, നിപ, കോവിഡ് ബാധ തുടങ്ങിയ പ്രശ്നങ്ങളിൽ നിയമസഭയിൽ സർക്കാരിന് കലവറയില്ലാത്ത പിന്തുണയാണ് ഞങ്ങൾ നൽകിയത്. പൗരത്വഭേദഗതി ബില്ലിനെതിരെ പ്രത്യേക സമ്മേളനം ചേരണമെന്ന് ആവശ്യപ്പെട്ടത് പ്രതിപക്ഷമായിരുന്നു. നോട്ട് നിരോധനം, കന്നുകാലി കടത്ത് പ്രശ്നം, സർഫാസി നിയമം തുടങ്ങി കേന്ദ്രസർക്കാരിന്റെ ജനദ്രോഹനടപടികൾക്കെതിരെ ജനപക്ഷത്തുനിന്ന്കൊണ്ട് സർക്കാരിനോട് പ്രതിപക്ഷം സഹകരിച്ചു.

ലോകകേരള സഭ എന്ന പുതിയ ആശയം ഭരണപക്ഷം മുന്നോട്ടുവച്ചപ്പോൾ പ്രതിപക്ഷം ആദ്യം സർവ്വാത്മനാ പിന്തുണച്ചു. ആദ്യ സമ്മേളനത്തിൽ ഭരണപക്ഷത്തോടൊപ്പം തോളോട് തോൾ ചേർന്നാണ് പ്രതിപക്ഷം സഹകരിച്ചത്. എന്നാൽ അത് ധൂർത്തിനും പൊങ്ങച്ചം കാണിക്കാനുമുള്ള ഒരു വേദി മാത്രമായി മാറുകയും ഇവിടെ സംരംഭം തുടങ്ങാൻ വന്ന പ്രവാസികളായ പുനലൂരിലെ സുഗതനും ആന്തൂരിലെ സാജനും ആത്മഹത്യ ചെയ്യേണ്ടി വന്നപ്പോഴാണ് ലോക കേരള സഭയിൽ നിന്ന് പ്രതിപക്ഷത്തിന് പിന്മാറേണ്ടി വന്നതെന്നും ചെന്നിത്തല പറഞ്ഞു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

നിയമസഭാ സമ്മേളനങ്ങൾക്ക് തിരശ്ശീല വീണു. ഇടതു ഭരണം അവസാനിക്കാൻ ഇനി ഏതാനും മാസങ്ങൾ മാത്രം. ജനപക്ഷത്തു നിന്ന് ക്രിയാത്മക പ്രതിപക്ഷമായാണ് ഈ അഞ്ചുവർഷവും ഞങ്ങൾ പ്രവർത്തിച്ചത്. പിന്തുണയ്ക്കേണ്ടതിനെ പിന്തുണച്ചു. സർക്കാരിന്റെ തട്ടിപ്പുകൾ ഒന്നൊന്നായി പുറത്തുകൊണ്ടുവന്നു. ഇടതുപക്ഷം പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ ചെയ്യുന്നതുപോലെ സ്പീക്കറുടെ കസേര തല്ലിപ്പൊളിക്കുകയോ എല്ലാത്തിനെയും കണ്ണുമടച്ച് എതിർക്കുകയോ ചെയ്തിട്ടില്ല. ഭരണ പക്ഷത്തിന്റെ ചെയ്തികൾക്കു നേരെ 24 മണിക്കൂറും തുറന്നു വച്ച കണ്ണുകളായിട്ടാണ് പ്രതിപക്ഷം പ്രവർത്തിച്ചത്. സർക്കാരിന്റെ പ്രവർത്തനങ്ങൾ വളരെ സൂക്ഷമായി പിന്തുടർന്നിരുന്നതിനാലാണ് ചരിത്രത്തിലുണ്ടാകാത്ത വിധം ഇത്രയേറെ അഴിമതികൾ പുറത്തുകൊണ്ടുവരാനായതും പലതും സർക്കാരിനെക്കൊണ്ട് തിരുത്തിക്കാൻ കഴിഞ്ഞതും. പ്രതിപക്ഷത്തിന്റെ ജാഗ്രത ഭരണപക്ഷത്തെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്. ‘വല്ലതുമുണ്ടോ എന്ന് നോക്കി നടക്കുകയല്ലേ’ എന്ന് മുഖ്യമന്ത്രി തന്നെ ‘സഹികെട്ട് ‘ ഒരിക്കൽ ചോദിച്ചത് ഇതുകാരണമാണ്.

ജനാധിപത്യ പ്രക്രിയയിൽ ജനങ്ങളുടെ കാവലാളായാണ് പ്രതിപക്ഷം പ്രവർത്തിക്കേണ്ടത്. ജനങ്ങളുടെ അവകാശങ്ങളിന്മേൽ ഭരണാധികാരികൾ നടത്തുന്ന കയ്യേറ്റത്തെ തടയുകയും അഴിമതികൾ പുറത്തുകൊണ്ടുവരികയും ചെയ്യേണ്ടതാണ് പ്രതിപക്ഷത്തിന്റെ പ്രാഥമിക കടമ. അതോടൊപ്പം സംസ്ഥാനത്തെ പൊതുവായി ബാധിക്കുന്ന പ്രശ്നങ്ങളിൽ ജനങ്ങളുടെ പക്ഷത്തുനിന്നുകൊണ്ട് സർക്കാരുമായി സഹകരിക്കുകയും വേണം. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അഴിമതിക്കെതിരെയും ഉജ്വലമായ പോരാട്ടമാണ് കഴിഞ്ഞ അഞ്ചുവർഷവും പ്രതിപക്ഷം നിയമസഭയിൽ നടത്തിയത്.

രാഷ്ട്രീയവിരോധം തീർക്കാൻ തലശ്ശേരിയിലെ കൂട്ടിമാക്കൂലിൽ പട്ടികവിഭാഗത്തിൽപ്പെട്ട രണ്ടുപെൺകുട്ടികളെ കൈക്കുഞ്ഞടക്കം ജയിലിടച്ചുകൊണ്ടാണ് പിണറായി സർക്കാർ പ്രവർത്തനം തുടങ്ങിയത്. മസാലാ ബോണ്ടിലെ അഴിമതി മൂടിവയ്ക്കാൻ ഭരണഘടനാ തത്വങ്ങൾ ലംഘിച്ച് സി.എ.ജി.യുടെ കണ്ടെത്തലുകൾ നീക്കം ചെയ്യാൻ നിയമസഭയെ ദുരുപയോഗപ്പെടുത്തുക എന്ന വിനാശകരമായ കർമ്മം ചെയ്തുകൊണ്ടാണ് നിയമസഭയുടെ സമ്മേളനം ഇന്നലെ അവസാനിച്ചത്. കൂട്ടിമാക്കൂലിലെ മനുഷ്യാവകാശ ധ്വംസനത്തിനെതിരെ അടിയന്തരപ്രമേയം കൊണ്ടുവന്ന് സഭാതലത്തിൽ പ്രതിപക്ഷം ആരംഭിച്ച പോരാട്ടം സമ്മേളത്തിന്റെ അവസാന ദിവസം ഭരണഘടനയുടെ കഴുത്ത് ഞെരിക്കുന്ന ഹീനകൃത്തിനെതിരെയുള്ള ചെറുത്തുനിൽപ്പ് വരെ അഭംഗുരം തുടർന്നു.

പിണറായി വിജയൻ സർക്കാർ അധികാരമേറ്റത്തിന്റെ പിന്നാലെ പുനരാരംഭിച്ച രാഷ്ട്രീയ കൊലപാതകങ്ങളുടെ കുത്തൊഴുക്കു മുതൽ പച്ചയായ മനുഷ്യരെ പൊലീസ് പിടികൂടി ലോക്കപ്പിലിട്ട് തല്ലിക്കൊല്ലുന്ന ക്രൂരതയുടെ അഴിഞ്ഞാട്ടം വരെയുള്ള കാര്യങ്ങളിൽ നിയമസഭയെ പ്രതിപക്ഷം പ്രതിഷേധത്തിന്റെ പോരാട്ടവേദിയാക്കി. ഇ.പി. ജയരാജന്റെ ബന്ധുനിയമനത്തിൽ തുടങ്ങി പി.എസ്.സി.യെ നോക്കുകുത്തിയാക്കി നടത്തിയ പിൻവാതിൽ നിയമനങ്ങൾ വരെ യോഗ്യരായ യുവാക്കളുടെ അവകാശങ്ങളിന്മേൽ നടത്തിയ കയ്യേറ്റത്തിനെതിരെയും നിയമസഭയിൽ പ്രതിപക്ഷം ചെറുത്തുനില്പ് നടത്തി.

നിയമാനുസൃതമായ ഓഡിറ്റ് പോലും നിഷേധിച്ച് കിഫ്ബിയുടെ മറവിൽ നടത്തുന്ന വൻ കൊള്ളയടി മുതൽ നിയമസഭയിൽ നടത്തിയ കോടികളുടെ ധൂർത്തും വെട്ടിപ്പും വരെ പ്രതിപക്ഷം പുറത്തുകൊണ്ടുവന്ന അഴിമതികൾ നിരവധിയാണ്. മകന്റെ ഘാതകരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പോലീസ് ആസ്ഥാനത്തെത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മയെ നടുറോഡിലൂടെ വലിച്ചിഴച്ചത് മുതൽ മാവോയിസ്റ്റുകളെ പച്ചക്ക് വെടിച്ചുകൊന്നതുവരെയുള്ള മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയും വിട്ടുവീഴ്ചയില്ലാതെ പ്രതിപക്ഷം സഭയിൽ പോരാട്ടം നടത്തി.

വാളയാറിലെ പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയതു മുതൽ പ്രമുഖനടി നടുറോഡിൽ പീഡിപ്പിക്കപ്പെട്ടതുവരെ നിരന്തരമുണ്ടായ സ്ത്രീപീഡനങ്ങൾക്കെതിരെ സഭയിൽ നിരന്തരമായി പ്രതിപക്ഷം കലഹിച്ചു.
അലനും താഹയുമെന്ന സി.പി.എമ്മിന്റെ സ്വന്തം ചെറുപ്പക്കാരെ സി.പി.എം നയിക്കുന്ന സർക്കാർ തന്നെ യു.എ.പി.എ ചുമത്തി കാരഗൃഹത്തിലടച്ചതു മുതൽ ആന്തൂരിൽ സാജൻ എന്ന സി.പി.എം അനുഭാവിയായ പ്രവാസി സംരംഭകനെ സി.പി.എം നേതാക്കൾ തന്നെ വേട്ടയാടി മരണത്തിലേക്ക് തള്ളിവിട്ട ഭരണകൂട ഭീകരതയ്ക്ക് എതിരെയും നിയമസഭയിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. ബ്രുവറി -ഡിസ്റ്റിലറി തട്ടിപ്പുമുതൽ പമ്പാമണൽ കടത്ത് വരെ ഒട്ടേറെ അഴിമതികൾ അവസാനിപ്പിക്കാനും സർക്കാരിനെ കൊണ്ട് തിരുത്തിക്കാനും പ്രതിപക്ഷത്തിന് കഴിഞ്ഞു.

ജനകീയ പ്രശ്നങ്ങളിൽ സർക്കാരിനോടൊപ്പം സർവ്വാത്മനാ സഹകരിച്ചു.കേരളത്തിന്റെ അടിത്തറ തകർത്ത മഹാപ്രളയം, സംസ്ഥാനത്തെ ഭയചകിതമാക്കിയ നിപ, കോവിഡ് ബാധ തുടങ്ങിയ പ്രശ്നങ്ങളിൽ നിയമസഭയിൽ സർക്കാരിന് കലവറയില്ലാത്ത പിന്തുണയാണ് ഞങ്ങൾ നൽകിയത്. പൗരത്വഭേദഗതി ബില്ലിനെതിരെ പ്രത്യേക സമ്മേളനം ചേരണമെന്ന് ആവശ്യപ്പെട്ടത് പ്രതിപക്ഷമായിരുന്നു. നോട്ട് നിരോധനം, കന്നുകാലി കടത്ത് പ്രശ്നം, സർഫാസി നിയമം തുടങ്ങി കേന്ദ്രസർക്കാരിന്റെ ജനദ്രോഹനടപടികൾക്കെതിരെ ജനപക്ഷത്തുനിന്ന്കൊണ്ട് സർക്കാരിനോട് പ്രതിപക്ഷം സഹകരിച്ചു.

ലോകകേരള സഭ എന്ന പുതിയ ആശയം ഭരണപക്ഷം മുന്നോട്ടുവച്ചപ്പോൾ പ്രതിപക്ഷം ആദ്യം സർവ്വാത്മനാ പിന്തുണച്ചു. ആദ്യ സമ്മേളനത്തിൽ ഭരണപക്ഷത്തോടൊപ്പം തോളോട് തോൾ ചേർന്നാണ് പ്രതിപക്ഷം സഹകരിച്ചത്. എന്നാൽ അത് ധൂർത്തിനും പൊങ്ങച്ചം കാണിക്കാനുമുള്ള ഒരു വേദി മാത്രമായി മാറുകയും ഇവിടെ സംരംഭം തുടങ്ങാൻ വന്ന പ്രവാസികളായ പുനലൂരിലെ സുഗതനും ആന്തൂരിലെ സാജനും ആത്മഹത്യ ചെയ്യേണ്ടി വന്നപ്പോൾ ലോക കേരള സഭയിൽ നിന്ന് പ്രതിപക്ഷത്തിന് പിന്മാറേണ്ടി വന്നു.

സ്പീക്കറുടെ വേദി തല്ലിത്തകർക്കുക, സ്പീക്കറുടെ കസേര വലിച്ച് താഴേക്ക് എറിയുക തുടങ്ങി ഇടതുപക്ഷം ചെയ്തതുപോലുള്ള കോപ്രായങ്ങൾക്ക് യു.ഡി.എഫ് മുതിർന്നതേയില്ല. അന്തസ്സുള്ള നിയമസഭാപ്രവർത്തനമാണ് യു.ഡി.എഫ് നടത്തിയത്. ഒരിക്കൽപോലും സ്പീക്കറുടെ വേദിയിലേക്ക് കയറി പ്രതിഷേധിച്ചില്ല. തീരെ നിവൃർത്തിയില്ലാത്ത ഘട്ടങ്ങളിൽ മാത്രമേ നടുത്തളത്തിലിറങ്ങിയുള്ളു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!