വേറെ വഴിനോക്കുമെന്ന തരൂരിന്റെ ഭീഷണി; അവഗണിക്കാന് കോണ്ഗ്രസ്, പിന്തുണയുമായി സിപിഎം

ന്യൂഡല്ഹി: സ്വന്തം പാളയത്തിലേക്ക് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ വീണ്ടും വെടിപൊട്ടിച്ചതോടെ കരുതലോടെ നീങ്ങാൻ കോൺഗ്രസ് ഹൈക്കമാൻഡ്. തന്റെ കഴിവുകൾ ഉപയോഗിക്കണമെന്നും ഇല്ലെങ്കിൽ മുന്നിൽ വേറെ വഴികളുണ്ടെന്നും പാർട്ടി അടിത്തറ വിപുലീകരിച്ചില്ലെങ്കിൽ തുടർച്ചയായി മൂന്നാമതും പ്രതിപക്ഷത്താകുമെന്നും തരൂർ ഇപ്പോൾ പറഞ്ഞതാണ് കോൺഗ്രസിനെ വീണ്ടും വെട്ടിലാക്കിയത്.
ഏപ്രിലിൽ ഗുജറാത്തിലെ അഹമ്മദാബാദിൽ സമ്മേളനം വിളിച്ചുചേർക്കാൻ എ.ഐ.സി.സി. ഒരുങ്ങുന്നതിനിടയിൽ തരൂരിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ പോകേണ്ടെന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. മാധ്യമങ്ങൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾക്കു പിന്നാലെ നേതാക്കൾ പോകരുതെന്ന സൂചന സംസ്ഥാനനേതൃത്വത്തിനും എ.ഐ.സി.സി. നൽകിയേക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ്. സന്ദർശനവും സംസ്ഥാനസർക്കാരിന്റെ വികസനനേട്ടവും തരൂർ മുൻപ് പ്രകീർത്തിച്ചിരുന്നു. പാർട്ടിയുടെ വരുതിയിൽ ഒതുങ്ങാൻ തയ്യാറില്ലെന്ന വ്യക്തമായ സൂചന നൽകുന്ന തരൂർ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് നയിക്കാൻ തന്നെപ്പോലൊരാളാണ് കേരളത്തിൽ വേണ്ടതെന്നും ഇപ്പോൾ പറഞ്ഞുവെച്ചു. തരൂർ അതിരുവിട്ട് പോകരുതെന്ന് ആഗ്രഹമുണ്ടെന്നായിരുന്നു കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ പ്രതികരണം.
അതിനിടെ, സി.പി.എം. നേതൃത്വം വീണ്ടും തരൂരിന് പിന്തുണയുമായെത്തി. ശരിയായ നിലപാടെടുക്കുന്നവരെ അംഗീകരിക്കുകയും തെറ്റായവ ചൂണ്ടിക്കാണിക്കുകയും ചെയ്യുക എന്നതാണ് ഉത്തരവാദപ്പെട്ട പ്രതിപക്ഷം ചെയ്യേണ്ടത് എന്നാണ് ശശി തരൂർ പറഞ്ഞതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു.
‘തരൂരിന് ശക്തി പകരേണ്ട’
എൽ.ഡി.എഫ്. ഭരണം ജനം മടുത്തെന്നും പാർട്ടി അധികാരത്തിൽ തിരിച്ചുവരുമെന്നുമാണ് കോൺഗ്രസ് ദേശീയ-സംസ്ഥാന നേതൃത്വങ്ങളുടെ വിലയിരുത്തൽ. തരൂർ ഇതിന് തുരങ്കം വെക്കുകയാണെന്നും അതിന് ശക്തിപകരേണ്ടെന്നും കൂടി നേതൃത്വം കരുതുന്നു. തരൂർ ആഗ്രഹിച്ച യുവജന-വിദ്യാർഥി പ്രസ്ഥാനങ്ങളുടെ ചുമതല അത്തരം പ്രസ്ഥാനങ്ങളിലൂടെ വളർന്നുവന്നവർക്കാണ് നൽകുകയെന്ന് കൂടിക്കാഴ്ചയിൽ രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഒത്തൊരുമയോടെ മുന്നോട്ടുപോകുമെന്ന സൂചനയാണ് തരൂരടക്കമുള്ളവർ നൽകിയത്.
കേന്ദ്രമന്ത്രി, വിവിധ സ്റ്റാൻഡിങ് കമ്മിറ്റികളുടെ അധ്യക്ഷസ്ഥാനം, പ്രൊഫഷണൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനം എന്നിവ പാർട്ടി തരൂരിന് നൽകി. എന്നിട്ടും തരൂർ പാർട്ടിയെ കുറ്റപ്പെടുത്തുന്നു. അതിനാൽ തരൂരിന്റെ കാര്യത്തിൽ പ്രതികരണം വേണ്ടെന്നും തത്കാലം അവഗണിക്കാമെന്നുമുള്ള നിലപാടിലാണ് കോൺഗ്രസ് നേതൃത്വം.
നീരസത്തോടെ കോൺഗ്രസ്
തിരുവനന്തപുരം/തൃശ്ശൂർ/പത്തനംതിട്ട/കൊച്ചി: ശശി തരൂരിന്റെ നീക്കങ്ങളിൽ അസ്വസ്ഥമായി കോൺഗ്രസ്. തരൂരിന്റെ ലക്ഷ്യമെന്താണെന്ന ചോദ്യം ഉയരുന്നുണ്ടെങ്കിലും നേതാക്കൾ പ്രതികരണം അത്ര കടുപ്പിക്കുന്നില്ല. എന്നാൽ വാക്കുകളിൽ നീരസമുണ്ടുതാനും.
തരൂർ അതിരുവിടരുതെന്ന് ആഗ്രഹം -കെ. സുധാകരൻ
:പാർട്ടി വേദിയിലായിരുന്നു ഇക്കാര്യം പറയേണ്ടിയിരുന്നത്. ഇപ്പോൾചെയ്തത് യുക്തമല്ലെന്നാണ് അഭിപ്രായം. തരൂരിനെ എക്കാലത്തും പിന്തുണച്ച ഒരാളാണ് താൻ. ഇപ്പോഴും അങ്ങനെത്തന്നെ. എന്റെ നേതൃത്വത്തിന്റെ ശേഷി വിലയിരുത്തേണ്ടത് അദ്ദേഹത്തെപ്പോലൊരാളാണ്. അങ്ങനെ തോന്നിയെങ്കിൽ എനിക്കതിൽ പരാതി തോന്നിയിട്ട് കാര്യമില്ല- സുധാകരൻ പറഞ്ഞു.ഇക്കാര്യം പറയാൻ അദ്ദേഹത്തെ നാലുതവണ ഫോൺവിളിച്ചെങ്കിലും കിട്ടിയില്ല -സുധാകരൻ പറഞ്ഞു.
അഭിമുഖം രാഹുലിനെ കാണുന്നതിനു മുൻപുള്ളതാകാം -രമേശ് ചെന്നിത്തല
:രാഹുൽഗാന്ധിയെ കാണുന്നതിന് മുൻപാണ് അഭിമുഖം നൽകിയതെന്നു മനസ്സിലാക്കുന്നു. പറഞ്ഞതുമായി ബന്ധപ്പെട്ട് വിവാദത്തിനില്ല. യു.എൻ. വിട്ടുവന്നപ്പോൾ അദ്ദേഹത്തെ പാർട്ടിയിലേക്ക് ക്ഷണിച്ചത് ഞാനാണ്.
ചെറിയ അഭിപ്രായവ്യത്യാസങ്ങളുണ്ട്-കെ.സി. വേണുഗോപാൽ
: ചെറിയ അഭിപ്രായവ്യത്യാസങ്ങൾമാത്രമാണ് പാർട്ടിക്കുള്ളിലുള്ളതെന്നു എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
കോൺഗ്രസ് ജയിക്കേണ്ടെന്ന് ഏതെങ്കിലും കോൺഗ്രസുകാരൻ വിചാരിക്കേണ്ട. അങ്ങനെയൊരു തീരുമാനമെടുക്കുന്നയാളെ കൈകാര്യംചെയ്യാൻ കേരളത്തിലെ ജനങ്ങൾ മുന്നിട്ടിറങ്ങും.
പരിഹരിച്ച് ഒപ്പം നിർത്തണം -കെ. മുരളീധരൻ
:പാർട്ടിയാണ് സീറ്റ് തരുന്നത്, പ്രവർത്തകരാണ് ജയിപ്പിക്കുന്നത്. അത് മറക്കാൻ പാടില്ല. തരൂരിന് എന്തെങ്കിലും പ്രയാസമുണ്ടെങ്കിൽ പരിഹരിച്ച് ഒപ്പം നിർത്തണം. ലോക്കൽ പൊളിറ്റിക്സിൽ ഞങ്ങൾക്കുള്ളതുപോലെ അന്താരാഷ്ട്രകാര്യങ്ങളിൽ അദ്ദേഹത്തിന് അറിവുണ്ട്.

