ആള്‍മാറാട്ടം കണ്ടെത്തിയാല്‍ നടപടി; കള്ളവോട്ട് തടയാന്‍ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്

തിരുവനന്തപുരം: പ്രതിപക്ഷം ആരോപിച്ച ഇരട്ട വോട്ട്- കള്ളവോട്ട് ഒഴിവാക്കാൻ കർശന നടപടിയുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ. കള്ളവോട്ട് തടയാനുള്ള വിശദമായ മാർഗനിർദേശങ്ങൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ജില്ലാ കളക്ടർമാർക്ക് നൽകി.
140 മണ്ഡലങ്ങളിലും പട്ടികയിൽ സമാന എൻട്രികൾ വിശദമായ പരിശോധന നടത്താൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി. ഇതിനായി ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെ നേതൃത്വത്തിൽ പ്രത്യേക ടീമുകൾ രൂപീകരിച്ച് 25നകം പരിശോധന പൂർത്തിയാക്കണം.
സമാനമെന്ന് ഉറപ്പിക്കുന്നതോ സംശയമുള്ളതോ ആയ വോട്ടർമാരുടെ വിവരങ്ങൾ എറോനെറ്റ് സോഫ്റ്റ്വെയറിലെ ലോജിക്കൽ എറർ സംവിധാനം ഉപയോഗിച്ച് പരിശോധിച്ച് ആവർത്തനമുള്ള വോട്ടർമാരുടെ പട്ടിക ബൂത്ത് തലത്തിൽ തയാറാക്കണം. ഈ പട്ടിക ബി.എൽ.ഒമാർക്ക് നൽകി ഫീൽഡ്തല പരിശോധന നടത്തി യഥാർഥ വോട്ടർമാരെ കണ്ടെത്തണം.
വോട്ടർസ്ളിപ്പ് വിതരണത്തിനൊപ്പം ഈ പ്രക്രിയ നടത്തിയാൽ മതിയാകും. ഇതിനൊപ്പം വോട്ടർമാർക്ക് യഥാർഥ എൻട്രി ഉപയോഗിച്ച് ഒരു വോട്ട് മാത്രമേ ചെയ്യാനാകൂ എന്ന് ബോധ്യപ്പെടുത്തുകയും വേണം. ഇത്തരത്തിൽ ബി.എൽ.ഒമാർ കണ്ടെത്തുന്ന ആവർത്തനം അവർക്കു നൽകിയിട്ടുള്ള സമാന വോട്ടർമാരുടെ പട്ടികയിൽ കൃത്യമായി രേഖപ്പെടുത്തി 30ന് മുമ്പ് വരണാധികാരികൾക്ക് നൽകണം. വരണാധികാരികൾ ആവർത്തനമുള്ള പേരുകാരുടെ പട്ടിക പ്രിസൈഡിംഗ് ഓഫീസർമാർക്ക് നൽകും.
വോട്ടിംഗ് ദിനത്തിൽ പ്രിസൈഡിംഗ് ഓഫീസർമാർ കള്ളവോട്ട് തടയാനായി ആവർത്തനമുള്ള വോട്ടർമാരുടെ പട്ടിക പ്രത്യേകം അടയാളപ്പെടുത്തും. പ്രിസൈഡിംഗ് ഓഫീസർമാരുടെ ഹാൻഡ് ബുക്കിൽ 18ാം അധ്യായത്തിൽ സൂചിപ്പിച്ചിരിക്കുന്ന എ.എസ്.ഡി (ആബ്സന്റി, ഷിഫ്റ്റഡ്, ഡ്യൂപ്ലിക്കേറ്റ്/ഡെത്ത്) വോട്ടർമാരുടെ പ്രക്രിയ അനുസരിച്ചാകും നടപടികൾ സ്വീകരിക്കുക. ഈ പട്ടികയിലുള്ള വോട്ടർമാർക്ക് കൃത്യമായി വിരലിൽ മഷി പതിപ്പിക്കുകയും മഷി ഉണങ്ങിയശേഷം മാത്രം ബൂത്ത് വിടാൻ അനുവദിക്കുകയും വേണം.
ഏതെങ്കിലും ബൂത്തിൽ കൂടുതൽ അപാകതകൾ പട്ടികയിൽ ശ്രദ്ധയിൽപ്പെടുകയും ആ ബൂത്ത് വെബ്കാസ്റ്റിംഗ്/സി.സി.ടി.വി പരിധിയിൽ വന്നിട്ടുള്ളതുമല്ലെങ്കിൽ ആ ബൂത്തുകൂടി വെബ്കാസ്റ്റിംഗ്/സി.സി.ടി.വി പരിധിയിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കണം.
എല്ലാ രാഷ്ട്രീയ കക്ഷികൾക്കും ആവർത്തന വോട്ടർമാരുടെ പട്ടിക നൽകണം. പോളിംഗ് ഏജന്റുമാർ പരാതിപ്പെട്ടില്ലെങ്കിലും വോട്ടറെ തിരിച്ചറിയേണ്ടത് പോളിംഗ് ഓഫീസറുടെ ഉത്തരവാദിത്തമാണ്. ആൾമാറാട്ടം കണ്ടെത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എതിരെ നടപടിയുണ്ടാകും.
പട്ടികയിൽ ആവർത്തനം സംഭവിക്കുന്നതിൽ ഏതെങ്കിലും ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് അശ്രദ്ധയോ മനഃപൂർവമായ അനാസ്ഥയോ ഉണ്ടായതായി കണ്ടെത്തിയാൽ കർശന നടപടിയും നിയമനടപടിയും സ്വീകരിക്കും.
ഈ നിർദേശങ്ങൾ കർശനമായി പാലിക്കാൻ എല്ലാ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരും വരണാധികാരികളും ശ്രദ്ധിക്കുകയും മേൽനോട്ടം വഹിക്കുകയും വേണം. ഇതു സംബന്ധിച്ച നടപടി റിപ്പോർട്ടുകൾ 30നകം നൽകുകയും വേണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദേശിച്ചു

