യുദ്ധം ആരംഭിച്ചതിനു പിന്നാലെ പുടിനുനേരെ വധശ്രമം നടന്നു; രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന് യുക്രൈന്

മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന് വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടതായി യുക്രൈന് സൈനിക ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. രണ്ട് മാസം മുമ്പ് റഷ്യ-യുക്രൈന് യുദ്ധം ആരംഭിച്ചതിന് പിന്നാലെ കരിങ്കടലിനും കാസ്പിയന്‍ കടലിനും ഇടയിലുള്ള കോക്കസസ് മേഖലയിലാണ് പുതിനെ വധിക്കാനുള്ള ശ്രമം നടന്നതെന്ന് ‘യുക്രൈന്‍സ്ക പ്രവ്ദ’യ്ക്ക് നല്കിയ അഭിമുഖത്തില്‍ യുക്രൈന് ഡിഫന്‍സ് ഇന്റലിജന്‍സ് മേധാവി കിരിലോ ബുദനോവ് പറഞ്ഞു.
റഷ്യ-യുക്രൈന് യുദ്ധം തുടരുന്നതിനിടയിലും പുതിന്റെ ആരോഗ്യസ്ഥിതിയേക്കുറിച്ച് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടയിലാണ് പുതിന് വധശ്രമത്തെ അതിജീവിച്ചതായുള്ള വാര്‍ത്ത യുക്രൈന് പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ ബുദനോവിന്റെ അവകാശവാദം ഇതുവരെ റഷ്യ സ്ഥിരീകരിച്ചിട്ടില്ല. അഞ്ചോളം വധശ്രമങ്ങളില്‍ നിന്ന് താന്‍ രക്ഷപ്പെട്ടതായും തന്റെ സുരക്ഷിതത്വത്തെ കുറിച്ച് ആശങ്കയില്ലെന്നും 2017-ല്‍ പുതിന് അറിയിച്ചിരുന്നു.
വളരെ കുറച്ച് പേര്‍ക്ക് മാത്രമേ പുതിനുമായി ഇടപെടാന്‍ നിലവില്‍ അവസരം ലഭിക്കുന്നുള്ളുവെന്നും ബാക്കിയുള്ളവരുമായി പുതിന് അകലം പാലിക്കുകയാണെന്നും ബുദനോവ് അഭിമുഖത്തില്‍ പറഞ്ഞു. എല്ലാക്കാലവും അധികാരത്തില്‍ തുടരാമെന്നാണ് പുതിന്റെ വ്യാമോഹം. എന്നാല്‍ ലോകത്തിലെ എല്ലാ ഏകാധിപതികള്‍ക്കും സംഭവിച്ചതുതന്നെയാണ് പുതിനേയും കാത്തിരിക്കുന്നതെന്നും ബുദനോവ് കൂട്ടിച്ചേര്‍ത്തു.

