KSDLIVENEWS

Real news for everyone

ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിനെ എല്ലാ രീതിയിലും ശക്തിപ്പെടുത്തിയ നേതാവ്: മുഖ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസിനെ എല്ലാ രീതിയിലും ശക്തിപ്പെടുത്തിയ നേതാവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കോണ്‍ഗ്രസിന്റെ ചലിക്കുന്ന, ചോദ്യം ചെയ്യപ്പെടാനാകാത്ത നേതാവായിരുന്നു അദ്ദേഹം. ചെറുപ്പകാലം മുതല്‍ കോണ്‍ഗ്രസിന്റെ അതിപ്രധാനിയായി ഉമ്മന്‍ ചാണ്ടി മാറി. കെ പി സി സി തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച്‌ 53 വര്‍ഷം ഉമ്മന്‍ ചാണ്ടി നിലകൊണ്ടു. പാര്‍ലിമെന്ററി പ്രവര്‍ത്തനത്തില്‍ അതൊരു റെക്കോര്‍ഡാണ്. കേരളത്തില്‍ പ്രധാനപ്പെട്ട വിവിധ വകുപ്പുകള്‍ അദ്ദേഹം നല്ല രീതിയില്‍ കൈകാര്യം ചെയ്തു. ഉമ്മന്‍ ചാണ്ടിയുടെ വിയോഗം കോണ്‍ഗ്രസിനും യു ഡി എഫിനും കനത്ത നഷ്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെട്ടിപ്പിടിക്കുന്നതിനെക്കാള്‍ വിട്ടുകൊടുക്കുന്നതിന് പ്രാധാന്യം നല്‍കിയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. തന്നെ കല്ലെറിഞ്ഞവരോടു പോലും ഉമ്മന്‍ ചാണ്ടി ക്ഷമിച്ചു. വന്യമായ ആരോപണങ്ങളാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. തരംതാഴ്ന്ന രീതിയില്‍ ആക്ഷേപിച്ചവരോടു പോലും അതേ രീതിയില്‍ പ്രതികരിച്ചില്ല. ജനപ്രതിനിധിയെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ ഉമ്മന്‍ ചാണ്ടി തിരുത്തിയെഴുതിയെന്നും കെ സുധാകരന്‍ പറഞ്ഞു.

എം എം ഹസന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. നെഞ്ചുലച്ച അഗ്നിപരീക്ഷകളെ ഉമ്മന്‍ ചാണ്ടി അതിജീവിച്ചുവെന്ന് പ്രമേയത്തില്‍ പറഞ്ഞു. രാഷ്ട്രീയ, മത സാമുദായിക മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!