KSDLIVENEWS

Real news for everyone

ബേക്കല്‍ ഫെസ്റ്റ് കാസര്‍കോടിന്റെ വികസന മുന്നേറ്റത്തില്‍ നാഴികക്കല്ലാകും: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

SHARE THIS ON



കാസര്‍കോട്: ഭാരതീയ സംസ്‌കാരത്തിന്റെ മഹിതമായ പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന നാടിന്റെ വികസന മുന്നേറ്റവഴിയില്‍ ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ നാഴികകല്ലായി മാറുമെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ഫെസ്റ്റിവലില്‍ ഒരുക്കിയ റോബോട്ടിക് ഷോ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അധിനിവേശത്തിന്റേയും, അതിജീവനത്തിന്റേയും ചരിത്രമുള്ള ഈ മണ്ണ്, ഇന്ന് വികസനക്കുതിപ്പിന്റെ പുതിയ അധ്യായങ്ങള്‍ രചിച്ച് മുന്നേറുകയാണ്. ആ മുന്നേറ്റത്തിന്റെ പട്ടികയിലേക്ക് ഇടം പിടിക്കുകയാണ് ബേക്കല്‍ ബീച്ച് ഫെസ്റ്റ്. പാരമ്പര്യത്തനിമയുടെ വീണ്ടെടുപ്പിനോടൊപ്പം, ഇന്നലെകളില്‍ നമ്മുടെ നാടുകളില്‍ നിലനിന്നിരുന്ന ഐക്യവും സൗഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കാനും ഇത്തരം മേളകള്‍ പ്രചോദനമാകും. കലയും സംഗീതവും സാഹിത്യവും മനുഷ്യമനസ്സുകള്‍ക്ക് ഒരുമയുടെ സന്ദേശം പകരുന്ന നന്‍മകളാണ്. അത്തരം നന്‍മകളെ പോസാഹിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയായി മാറിയിരിക്കുകയാണ്. മനുഷ്യമനസ്സുകള്‍ക്കിടയില്‍ വിദ്വേഷങ്ങളുടേയും വെറുപ്പിന്റേയും മതില്‍ കെട്ടുകള്‍ പണിയാന്‍ ഗൂഢനീക്കങ്ങള്‍ നടക്കുന്ന പുതിയ കാലത്ത്, സ്നേഹ – സൗഹൃദങ്ങളുടെ ഇത്തരം ഉത്സവങ്ങള്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

വിനോദത്തോടൊപ്പം വിജ്ഞാനവും സമന്വയിച്ച മേളയാണിത്. പുതിയ കാലത്ത് ഏറ്റവും കൂടുതല്‍ പ്രചാരം ലഭിച്ച് കൊണ്ടിരിക്കുന്ന ശാസ്ത്ര ശാഖയാണ് ഈ മേളയോടനുബന്ധിച്ച് സംവിധാനിച്ചിരിക്കുന്ന റോബോട്ടിക്ക് ഷോ. മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ് തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന എഞ്ചിനീയറിംഗ്, സയന്‍സ് വിഭാഗങ്ങളുടെ ഒരു അന്തര്‍ദേശീയ ശാഖയാണ് റോബോട്ടിക്സ്. ലോകം നാലാം വ്യാവസായിക വിപ്ലവ ഘട്ടത്തിലൂടെയാണു കടന്നുപോകുന്നത്. ഇതില്‍ ഏറെ പ്രാധാന്യമുള്ള മേഖലകളാണു നിര്‍മിതബുദ്ധിയും റോബോട്ടിക്സും. ഇത്തരം സാങ്കേതിക മുന്നേറ്റങ്ങളെ അടുത്തറിയുന്നതില്‍ കേരളത്തിലെ വിദ്യാര്‍ഥികള്‍ പിന്നിലാകാന്‍ പാടില്ല. നൂതന ആശയങ്ങളിലേക്ക് പുതു തലമുറയ വഴി നടത്താന്‍ ഉപയോഗപ്പെടുത്താവുന്നതായിയി റോബോട്ടിക്ക് ഷോ മാറുമെന്നും മന്ത്രി പറഞ്ഞു. ജയകേരളം നവ കേരളം എന്ന പേരില്‍ തയ്യാറാക്കിയ മലയാള സംഗീത ആല്‍ബവും മന്ത്രി പ്രകാശനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!