KSDLIVENEWS

Real news for everyone

ഒരാള്‍ രാജ്യത്തെ ഒന്നിപ്പിക്കാന്‍ ഭാരത് ജോഡോ യാത്രയില്‍, മറ്റെയാള്‍ പാര്‍ട്ടിയോടുള്ള കടമ മറന്നു; രണ്ടു മുഖ്യമന്ത്രിമാരുടെ മക്കളുടെ ‘കഥ’ പറഞ്ഞ് ജയ്റാം രമേശ്

SHARE THIS ON

ഡല്‍ഹി: ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’ ഡോക്യുമെന്‍ററി രാജ്യത്തിന്‍റെ പരമാധികാരത്തിനെതിരായ കടന്നാക്രമണമാണെന്ന ട്വീറ്റിലൂടെ വിവാദത്തിലാകുകയും കോണ്‍ഗ്രസിലെ പദവികള്‍ രാജിവെക്കുകയും ചെയ്ത അനില്‍ കെ. ആന്‍റണിയെ പരോക്ഷമായി വിമര്‍ശിച്ചും ചാണ്ടി ഉമ്മനെ പുകഴ്ത്തിയും കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശിന്റെ ട്വീറ്റ്. കോണ്‍ഗ്രസിലെ പദവികള്‍ അനില്‍ ആന്‍റണി രാജിവെച്ചതിന് പിന്നാലെയാണ്, ഒരേ സംസ്ഥാനത്ത് നിന്നുള്ള രണ്ട് മുഖ്യമന്ത്രിമാരുടെ രണ്ട് ആണ്‍മക്കളുടെ കഥ എന്നു പറഞ്ഞ് എ.കെ ആന്‍റണിയുടെ മകന്‍ അനില്‍ കെ. ആന്‍റണിയെയും ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെയും ജയ്റാം രമേശ് പരാമര്‍ശിച്ചത്. “ഒരേ സംസ്ഥാനത്ത് നിന്നുള്ള രണ്ട് മുഖ്യമന്ത്രിമാരുടെ രണ്ട് ആണ്‍മക്കളുടെ കഥ. ഒരാള്‍ രാജ്യത്തെ ഒന്നിപ്പിക്കാന്‍ ഭാരത് ജോഡോ യാത്രയില്‍ നഗ്നപാദനായി അക്ഷീണം നടക്കുന്നു. മറ്റെയാള്‍ പാര്‍ട്ടിയോടും യാത്രയോടുമുള്ള കടമകള്‍ മറന്നു”- എന്നാണ് ജയറാം രമേശ് ട്വീറ്റ് ചെയ്തത്. ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിയുടെ നിലപാടുകള്‍ ചോദ്യംചെയ്ത ഡോക്യുമെന്ററിയെ അനില്‍ ആന്‍റണി ഇന്നലെ പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു. രാജ്യത്തിന്‍റെ പരമാധികാരത്തിന് എതിരായ കടന്നാക്രമണമാണ് ഡോക്യുമെന്‍ററിയെന്നാണ് അനില്‍ ആന്‍റണി ട്വീറ്റ് ചെയ്തത്. രാജ്യതാല്‍പര്യമാണ് പാര്‍ട്ടി താല്‍പര്യത്തേക്കാള്‍ വലുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നീട് ട്വിറ്ററിലൂടെ തന്നെ കോണ്‍ഗ്രസ് പദവികളില്‍നിന്നുള്ള രാജിപ്രഖ്യാപനവും നടത്തി. കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍, സമൂഹ മാധ്യമങ്ങളുടെയും ഡിജിറ്റല്‍ മീഡിയയുടെയും ദേശീയ കോഓഡിനേറ്റര്‍ പദവി എന്നിവയാണ് ഒഴിഞ്ഞത്. ഡോക്യുമെന്‍ററിക്കെതിരായ നിലപാട് സ്വീകരിച്ചതോടെ കോണ്‍ഗ്രസിനുള്ളില്‍ നിന്നുതന്നെ കടുത്ത വിമര്‍ശനങ്ങള്‍ അനില്‍ ആന്‍റണിക്കെതിരെ ഉയര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!