KSDLIVENEWS

Real news for everyone

കപിലും കൈവിട്ടു; 5 മാസത്തിൽ പാർട്ടിവിട്ടത് 5 പേർ; ചിന്തൻ വിധിയൊഴിയാതെ കോൺഗ്രസ്

SHARE THIS ON


ഇലകൾ പൊഴിയുന്ന മരം പോലെ, നേതാക്കളെ ഒന്നൊന്നായി നഷ്ടമാകുകയാണു കോൺഗ്രസിന്. കപിൽ സിബൽ കൂടി ‘കൈ’വിടുമ്പോൾ ഒരു ദേശീയമുഖം കൂടിയാണ് കോൺഗ്രസിന് ഇല്ലാതാകുന്നത്. സഭയിലും പുറത്തും ധീരമായ നിലപാടുകളുമായി നിറഞ്ഞ മുതിർന്ന നേതാവിനെയാണ് പൊടുന്നനെ മുൻനിരയിൽ നിന്ന് കോൺഗ്രസിന് നഷ്ടമാകുന്നതും. 2022ലെ അഞ്ചു മാസത്തിനിടെ പ്രമുഖരായ അഞ്ചു നേതാക്കളെയാണ് കോൺഗ്രസിനു കൈമോശം വന്നത്. അധികാരത്തിനു വേണ്ടിയുള്ള മറുകണ്ടം ചാടൽ എന്നതിനേക്കാൾ, പ്രതീക്ഷ നശിച്ചുള്ള ഇറങ്ങിപ്പോക്കായാകും കപിൽ സിബൽ സ്വയം വിശേഷിപ്പിക്കുക. ഇതോടെ, ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് നേരിടുന്ന പ്രതിസന്ധിയുടെ ആഴം കൂടുതൽക്കൂടുതൽ വലുതാവുകയുമാണ്.


TOP NEWS
മുതിർന്ന നേതാവ് കപിൽ സിബൽ കോൺഗ്രസ് വിട്ടു; എസ്പിയുടെ രാജ്യസഭാ സ്ഥാനാര്‍ഥി
കുറച്ചുനാളുകളായി കോൺഗ്രസിനകത്തെ വിമതശബ്ദമായിരുന്നു സിബൽ. കോൺഗ്രസ് നേതൃത്വത്തിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ രംഗത്തുവന്ന ‘ജി23’ കൂട്ടായ്മയിലെ ഈ പ്രമുഖ നേതാവ് കടുത്ത വിമർശനമാണു ഉയർത്തിവന്നതും. കോൺഗ്രസിലെ നേതൃപദവികളിൽനിന്നു ഗാന്ധി കുടുംബം മാറിനിൽക്കേണ്ട സമയമായെന്നും പാർട്ടിയെ നയിക്കാൻ മറ്റുള്ളവർക്ക് അവസരം നൽകണമെന്നും സിബൽ പറഞ്ഞത് ഒച്ചപ്പാടുണ്ടാക്കി. 2014നു ശേഷം എട്ടു വർഷം കഴിഞ്ഞിട്ടും നിരന്തര തോൽവിയുടെ കാരണങ്ങൾ കണ്ടെത്താൻ ചിന്തൻ ശിബിരം നടത്തണമെന്നു പറയുന്ന പാർട്ടിയും നേതൃത്വവും മൂഢസ്വർഗത്തിലാണു ജീവിക്കുന്നതെന്നും തുറന്നടിച്ചു.


ഒൻപതു വർഷത്തിനുശേഷം ചിന്തൻ ശിബിരത്തിലൂടെ കൈവന്ന തിരിച്ചറിവുകളുടെ ബലത്തിൽ നവോർജം തേടാനൊരുങ്ങുന്ന കോൺഗ്രസിനുള്ള അപ്രതീക്ഷിത അടി കൂടിയായി സിബലന്റെ യാത്രപറച്ചിൽ. സമാജ്‍വാദി (എസ്‍‌പി) പാർട്ടിയുടെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി രാജ്യസഭയിലേക്കു മത്സരിക്കുമെന്ന് അറിയിച്ചാണു സിബൽ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചത്. കലഹിക്കുമ്പോഴും പാർട്ടി വിട്ടുപോകുമെന്ന സൂചന നൽകിയിരുന്നില്ല. കോൺഗ്രസിനെ നന്നാക്കാൻ ശക്തിയുക്തം വാദിച്ചയാൾ, പാർട്ടിയുടെ മുഖമായിരുന്ന നേതാവ്, ബിജെപി പാളയത്തിലേക്കു ചേക്കേറിയില്ല എന്നതിൽ ഹൈക്കമാൻഡിന് ആശ്വസിക്കാം.

∙ ‘ഗാന്ധി കുടുംബം മാറിയേതീരൂ’

കോൺഗ്രസ് നേതൃത്വത്തിന്റെ പ്രവർത്തനരീതി ചോദ്യം ചെയ്ത ‘ജി 23’സംഘത്തിൽനിന്ന്, ഗാന്ധി കുടുംബം മാറണമെന്ന് ആദ്യമായി പരസ്യമായി ആവശ്യപ്പെട്ട പ്രമുഖരിലൊരാൾ സിബലാണ്. വീട്ടിലെ കോൺഗ്രസല്ല (ഘർ കീ കോൺഗ്രസ്) മറിച്ച് ബിജെപിക്കെതിരെ നിലകൊള്ളുന്ന എല്ലാവരുടെയും കോൺഗ്രസ് (സബ് കീ കോൺഗ്രസ്) ആണ് ആവശ്യമെന്നും അതിനുവേണ്ടി അവസാനശ്വാസം വരെ പോരാടുമെന്നുമാണു സിബൽ പറഞ്ഞിരുന്നത്.


കപിൽ സിബൽ, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി
രാഹുൽ ഗാന്ധി വീണ്ടും പ്രസിഡന്റാകണമെന്ന ആവശ്യത്തെ സിബൽ ചോദ്യം ചെയ്തു. ‘‘പദവിയിൽ പ്രസിഡന്റല്ലെങ്കിലും രാഹുൽ തന്നെയാണു പാർട്ടിയിലെ അപ്രഖ്യാപിത പ്രസിഡന്റ്. അദ്ദേഹമാണ് എല്ലാ തീരുമാനങ്ങളുമെടുക്കുന്നത്. അദ്ദേഹം പ്രസിഡന്റാകണമെന്ന് എന്തിനാണ് വീണ്ടും ആവശ്യപ്പെടുന്നത്.’’– സിബൽ ചോദിച്ചതിങ്ങനെ. കോൺഗ്രസിൽ തൽക്കാലം നേതൃമാറ്റം വേണ്ടെന്ന പ്രവർത്തക സമിതിയുടെ തീരുമാനത്തിലുള്ള അതൃപ്തിയും സിബൽ മറച്ചുവച്ചിരുന്നില്ല.


TOP NEWS
കോൺഗ്രസ് ഏറ്റവും കൂടുതൽ ജാതീയത പേറുന്ന പാർട്ടി, അടിമുടി അഴിമതി: ഹാർദിക് പട്ടേൽ
മുന്നിൽനിന്നു നയിക്കാൻ കോൺഗ്രസിനു സാധിക്കുന്നില്ല. താഴെത്തട്ടിൽ സംഘടനാ സംവിധാനമില്ല. പാർട്ടിയിൽ മാറ്റം അനിവാര്യമാണെന്നു നേതൃത്വത്തെ ബോധ്യപ്പെടുത്താൻ കിണഞ്ഞു ശ്രമിച്ചു. ഏതെങ്കിലും വ്യക്തിക്കെതിരെയല്ല സംസാരിക്കുന്നതെന്നും സിബൽ വ്യക്തമാക്കി. ഗാന്ധി കുടുംബം മാറിനിൽക്കണമെന്ന സിബലിന്റെ പരാമർശത്തോടു രാഹുൽ പ്രതികരിച്ചില്ല. എന്നാൽ, ആർഎസ്എസിന്റെയും ബിജെപിയുടെയും ഭാഷയിലാണു സിബൽ സംസാരിക്കുന്നതെന്നു രാഹുൽ പക്ഷക്കാരനും യുവനേതാവുമായ മാണിക്കം ടഗോർ ആരോപിച്ചു. ഗാന്ധി കുടുംബത്തിന്റെ നേതൃത്വമില്ലെങ്കിൽ കോൺഗ്രസ് ജനതാ പാർട്ടിയായി മാറുമെന്നും മാണിക്കം അഭിപ്രായപ്പെട്ടു.

∙ ‘വേണ്ടെങ്കിൽ പാർട്ടിയിൽനിന്ന് പുറത്തുപോകൂ’

2020ൽ ബിഹാറിലെയും ഉപതിരഞ്ഞെടുപ്പു നടന്ന സംസ്ഥാനങ്ങളിലെയും കനത്ത തോൽവിക്കു പിന്നാലെ, പാർട്ടിയിലെ നേതൃപ്രതിസന്ധി പ്രശ്നം ഉന്നയിച്ചു സിബൽ രംഗത്തുവന്നിരുന്നു. പാർട്ടിയുടെ പ്രവർത്തനങ്ങളിൽ അതൃപ്തിയുള്ളവർക്കു യഥേഷ്ടം പുറത്തേക്കു പോകാമെന്നും താൽപര്യമനുസരിച്ചു മറ്റു പാർട്ടിയിൽ ചേരുകയോ സ്വന്തം പാർട്ടി രൂപീകരിക്കുകയോ ചെയ്യാമെന്നുമായിരുന്നു ലോക്സഭാ കക്ഷിനേതാവ് അധിർ രഞ്ജൻ ചൗധരിയുടെ വിമർശനം. തിരഞ്ഞെടുപ്പുകളിൽ പ്രചാരണത്തിനും മറ്റും പോകാതെ എസി മുറിയിലിരുന്ന പ്രബോധനം നടത്തുന്നതുകൊണ്ടു ഫലമില്ലെന്നും അധിർ തുറന്നടിച്ചു.


കപിൽ സിബൽ, അധിർ രഞ്ജൻ ചൗധരി
സംഘടനയുടെ എല്ലാ തലത്തിലും വ്യാപകമായ അഴിച്ചുപണിക്കു കോൺഗ്രസ് സന്നദ്ധമാകണമെന്നു സിബൽ ആവർത്തിച്ചു. മാറ്റങ്ങളോടു പാർട്ടി മുഖം തിരിച്ചുനിൽക്കുകയല്ല എന്നു തെളിയിക്കണം. ബിജെപിക്കെതിരായ ഫലപ്രദമായ രാഷ്ട്രീയ ബദലായി സ്വയം അവതരിപ്പിക്കാൻ ഇതാവശ്യമാണ്. ശക്തമായ രാഷ്ട്രീയ ബദലിന്റെ അഭാവം രാജ്യത്തുണ്ട്. കോൺഗ്രസിന്റെ ഉയിർത്തെഴുന്നേൽപ് അനിവാര്യമാണ്. യുവത്വത്തിനൊപ്പം പരിചയസമ്പന്നത കൂടി നേതൃത്വം പരിഗണിക്കണം. ജോതിരാദിത്യ സിന്ധ്യ, ജിതിൻ പ്രസാദ എന്നിവരടക്കമുള്ളവർ സ്വന്തം രാഷ്ട്രീയതാൽപര്യങ്ങൾക്കായാണു പാർട്ടി വിട്ടതെന്നും പറഞ്ഞ സിബൽ, ഇനി താനെന്തിനാണു പോയതെന്നും വിശദീകരിക്കേണ്ടി വരും.

പഞ്ചാബിലെ പ്രതിസന്ധിക്കു പിന്നാലെയാണ് ജി–23 നേതാക്കൾ കോൺഗ്രസിൽ വീണ്ടും കലാപക്കൊടി ഉയർത്തിയത്. പാർട്ടിക്ക് ഇപ്പോൾ പ്രസിഡന്റില്ലെന്നും ആരാണ് തീരുമാനങ്ങളെടുക്കുന്നതെന്ന് അറിയില്ലെന്നും സിബൽ ആരോപിച്ചു. എന്നാൽ, ‘സിബൽ വേഗം സുഖം പ്രാപിക്കുക’ എന്നെഴുതിയ പ്ലക്കാർഡുകളുമായി അദ്ദേഹത്തിന്റെ വസതിക്കു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു, വീടിനുനേരെ തക്കാളിയെറിഞ്ഞു. പ്രവർത്തകർക്കെതിരെ നടപടിയെടുക്കണമെന്ന് മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും നടപടിയെ അപലപിക്കാൻ നേതൃത്വം തയാറായില്ലെന്നതു ശ്രദ്ധേയമാണ്.


കപിൽ സിബൽ, നരേന്ദ്ര മോദി
‘‘കോൺഗ്രസിന്റെ ഇന്നത്തെ സ്ഥിതി ഹൃദയഭേദകമാണ്. രാജ്യത്തിനു സ്വാതന്ത്ര്യം നേടിത്തന്ന പാർട്ടിക്കു ചരിത്രപരമായ പ്രാധാന്യമുണ്ട്. മുൻകാല നേതാക്കളെക്കുറിച്ച് അഭിമാനമുണ്ട്. ഇപ്പോഴത്തെ സ്ഥിതി അങ്ങനെയല്ല. അധ്യക്ഷ സ്ഥാനത്തേക്കും സിഡബ്ല്യുസിയിലേക്കും േകന്ദ്ര തിരഞ്ഞെടുപ്പു സമിതിയിലേക്കും തിരഞ്ഞെടുപ്പു നടത്തണം. പാർട്ടിയുടെ സംഘടനാ സംവിധാനം ശക്തിപ്പെടുത്താൻ നടപടി വേണമെന്നാണ് മുതിർന്ന നേതാക്കൾ ആവശ്യപ്പെടുന്നത്. പാർട്ടിയുടെ തെറ്റുകൊണ്ടാവാം പല നേതാക്കളും വിട്ടുപോയത്. അവർ തിരികെ വരണം.’’– സിബലിന്റെ വാക്കുകൾ.

∙ എല്ലാവരുടെയും പ്രിയസുഹൃത്ത്

കോൺഗ്രസിനു പുറത്തും നിരവധി സുഹൃത് ബന്ധങ്ങളുള്ള പൊതുപ്രവർത്തകനാണു സിബൽ. 2021ൽ സിബലിന്റെ പിറന്നാൾ ആഘോഷ വിരുന്നിൽ പ്രതിപക്ഷപാർട്ടികൾ മാത്രമല്ല, പ്രതിപക്ഷത്തിന്റെ ഭാഗമല്ലാത്ത ബിജെഡിയും ടിഡിപിയും വൈഎസ്ആർസി‌പിയും ശിരോമണി അകാലിദളും പങ്കെടുത്തു; ബിഎസ്‌പി ഒഴികെ എൻഡിഎയിൽ അംഗമല്ലാത്ത എല്ലാ പാർട്ടികളും അവിടെയുണ്ടായിരുന്നു. 2024ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപിയെ എങ്ങനെ നേരിടും എന്നായിരുന്നു മുഖ്യചർച്ച. പ്രതിപക്ഷ ഐക്യവും കോൺഗ്രസ് രാഷ്ട്രീയവും ചർച്ച ചെയ്യപ്പെട്ടു.


അഖിലേഷ് യാദവ്
പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കളായ ശരദ് പവാർ (എൻസിപി), ലാലു പ്രസാദ് യാദവ് (ആർജെഡി), അഖിലേഷ് യാദവ് (എസ്പി), ഡെറക് ഒബ്രയൻ (തൃണമൂൽ), സഞ്ജയ് റാവത്ത് (ശിവസേന), ഒമർ അബ്ദുല്ല (നാഷനൽ കോൺഫറൻസ്), തിരുച്ചി ശിവ (ഡിഎംകെ), ജയന്ത് ചൗധരി (ആർഎൽഡി) എന്നിവർക്കു പുറമേ കോൺഗ്രസ് എംപിമാരായ പി.ചിദംബരം, ശശി തരൂർ, ആനന്ദ് ശർമ എന്നിവരും പങ്കെടുത്തു. പ്രതിപക്ഷ കൂട്ടായ്മകളിൽനിന്നു പതിവായി വിട്ടുനിൽക്കുന്ന അകാലിദൾ, ബിജെഡി എന്നിവയിലെ നേതാക്കൾ ചടങ്ങിനെത്തിയതും ശ്രദ്ധേയമായി.

അഞ്ചു ദശാബ്‌ദത്തോളം പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അഭിഭാഷകനായിരുന്ന പ്രശസ്ത നിയമജ്ഞനാണു കപിൽ സിബലിന്റെ പിതാവ് ഹിര ലാൽ സിബൽ. പിതാവിന്റെ കർമപാത പിന്തുടർന്ന കപിൽ സിബലും ‘പൊന്നുംവിലയുള്ള’ അഭിഭാഷകനാണ്. കോൺഗ്രസിനു വേണ്ടിയും അല്ലാതെയും ഒട്ടേറെ പ്രമുഖ കേസുകളിൽ സിബലിന്റെ വാദമുഖങ്ങൾ സുപ്രീംകോടതിയടക്കമുള്ള കോടതികളിൽ മുഴങ്ങി.


കപിൽ സിബൽ
∙ ചിന്തൻ ശിബിരത്തിന്റെ ഭാവിയെന്ത്?

രണ്ടു വർഷം കഴിഞ്ഞാൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്നാണ് അടുത്തിടെനടന്ന അഞ്ചു നിയമസഭാ തിരഞ്ഞെടുപ്പുകളെ രാഷ്ട്രീയ വിദഗ്ധർ വിശേഷിപ്പിച്ചത്. ഇതിൽ പഞ്ചാബിലടക്കം കോൺഗ്രസിനുണ്ടായ പരാജയം ആ പാർ‌ട്ടിയിലുണ്ടാവേണ്ട നവീകരണത്തെപ്പറ്റി ഓർമിപ്പിച്ചു. ലോക്സഭയിൽ പ്രതിപക്ഷ നേതൃപദവിക്കുള്ള അംഗബലം പോലുമില്ലാത്ത പാർട്ടിക്ക്, പഞ്ചാബ് കൂടി നഷ്ടപ്പെട്ടതോടെ രാജ്യത്തു രണ്ടിടത്തു മാത്രമാണു സ്വന്തം മുഖ്യമന്ത്രിയുള്ളത്.


സോണിയ ഗാന്ധി
ദുർബലമായ സംഘടനാ സംവിധാനവും കോൺഗ്രസ് മുക്തഭാരതമെന്ന ബിജെപിയുടെ ലക്ഷ്യവുമെല്ലാമായി ആകെ പ്രതിസന്ധിയിലായ വേളയിലായിരുന്നു മേയിൽ ചിന്തൻ ശിബിരം ചേർന്നത്. ദേശീയതലത്തിൽ ശക്തിയുള്ള പാർട്ടിയായിത്തീരണമെങ്കിൽ, തിരഞ്ഞെടുപ്പുകളെ ആത്മവിശ്വാസത്തോടെ നേരിടണമെങ്കിൽ, അടിയന്തരമായി സ്വീകരിക്കേണ്ട മാറ്റങ്ങളെക്കുറിച്ചാണ് രാജസ്ഥാനിലെ ഉദയ്പുരിൽ നടന്ന ശിബിരം ചർച്ച ചെയ്തത്. നയിക്കാൻ ഗാന്ധികുടുംബമല്ലാതെ മറ്റാരുമില്ലെന്ന ചിന്തയാണു ചിന്തൻ ശിബിരവും പങ്കുവച്ചത്. പ്രസിഡന്റ് സ്ഥാനം വീണ്ടും ഏറ്റെടുക്കണമെന്ന ആവശ്യത്തിനു സമ്മതം മൂളിയില്ലെങ്കിലും പാർട്ടിയുടെ നായകൻ രാഹുൽ തന്നെയെന്ന സൂചനയുമുണ്ടായി.

സ്ഥാനാർഥിത്വത്തിനും പാർട്ടി സമിതികളിലും 50% പ്രാതിനിധ്യം 50 വയസ്സിൽ താഴെയുള്ളവർക്കു നൽകുമെന്ന വ്യവസ്ഥയുൾപ്പെടുത്തി. ഒരാൾക്ക് ഒരു പദവി, ഒരു പദവിയിൽ തുടർച്ചയായി പരമാവധി അഞ്ചു വർഷ കാലാവധി എന്ന തീരുമാനവുമുണ്ടായി. ഒരു കുടുംബത്തിൽനിന്ന് ഒരു സ്ഥാനാർഥിയേ പാടുള്ളൂവെങ്കിലും 5 വർഷം പാർട്ടിയിൽ പ്രവർത്തനപരിചയമുണ്ടെങ്കിൽ രണ്ടാമതൊരാൾക്കു പദവി അനുവദിക്കാമെന്ന ഇളവുണ്ട്.


എന്നാൽ, പാർട്ടിക്കുള്ളിലെ ഫോറങ്ങളിൽ 50 ശതമാനം വരെ പ്രാതിനിധ്യം ദലിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങൾക്കു നൽകണമെന്ന ആശയം തത്വത്തിൽ അംഗീകരിച്ചിട്ടുണ്ടെങ്കിലും പാർട്ടി ഭരണഘടനയിലോ നിയമാവലിയിലോ എഴുതിച്ചേർത്തിട്ടില്ല. ചില പരിഷ്കാരങ്ങളിൽ മാത്രമേ പ്രവർത്തകസമിതി ശ്രദ്ധയൂന്നിയുള്ളൂവെന്നും അഴിച്ചുപണിക്കു തയാറായില്ലെന്നും പരാതിയും ഉയരുകയും ചെയ്തു. പുറമേയ്ക്കെങ്കിലും ചില മാറ്റങ്ങൾക്കു കോൺഗ്രസ് തയാറായതിനു പിന്നിൽ സിബലിനെ പോലുള്ളവരുടെ ഇടപെടലുണ്ടെന്നത് ഉറപ്പാണെന്നു ഏവരും സമ്മതിക്കും.

∙ ഫോളോ ചെയ്യുന്നത് ആരെയാകും?

ഗുജറാത്തിലെ യുവാനേതാവ് ഹാർദിക് പട്ടേൽ, പഞ്ചാബ് പിസിസി മുൻ അധ്യക്ഷൻ സുനിൽ ഝാക്കർ, മുൻ കേന്ദ്രമന്ത്രിമാരായ അശ്വനി കുമാർ, ആർ.പി.എൻ. സിങ്… അടുത്തിടെ കോൺഗ്രസ് വിട്ടവരുടെ നിരയിലേക്ക് ഇനി സിബലും ചേരുകയാണ്. 5 മാസത്തിനിടെ പ്രമുഖരായ 5 നേതാക്കളെ കോൺഗ്രസിനു നഷ്ടമായിരിക്കുന്നു. ഒപ്പമുള്ളവരെ പിടിച്ചുനിർത്താനും പ്രവർത്തകരുടെ ആത്മവിശ്വാസം തകരാതിരിക്കാനും കോൺഗ്രസ് ഏറെ വിയർപ്പൊഴുക്കേണ്ടി വരുമെന്നതാണ് ഈ കൊഴിഞ്ഞുപോക്ക് ഓർമിപ്പിക്കുന്നത്.


ഹാർദിക് പട്ടേൽ.
വിമാനയാത്രകളിൽ കപിൽ സിബലിലെ പൊതുപ്രവർത്തകനും നിയമജ്ഞനും മൗനിയാകും, പകരം അദ്ദേഹത്തിലെ കവി സംസാരിച്ചുതുടങ്ങും. യാത്രകളിൽ ഒന്നുകിൽ ഉറങ്ങും അല്ലെങ്കിൽ കവിതയെഴുതും എന്നാണത്രെ കപിൽ സിബലിനെക്കുറിച്ചു ഭാര്യ പ്രോമിളയുടെ പരാതി. ‘ഞങ്ങൾ എപ്പോൾ വഴക്കുണ്ടാക്കിയാലും പിന്നീട് അദ്ദേഹം എനിക്കുവേണ്ടി ഒരു കവിതയെഴുതും!’ കപിലിന്റെ ‘മൈ വേൾഡ് വിതിൻ’ എന്ന സമാഹാരം പ്രോമിളയ്‌ക്കാണു സമർപ്പിച്ചിരിക്കുന്നതും. പുറമേയുള്ള കൊടുങ്കാറ്റുകളിലൊന്നും ഇളകാത്തൊരു മനസ്സ് സിബലിനുണ്ടെന്നു ചുരുക്കം.


കപിൽ സിബൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ (ഫയൽ ചിത്രം)
2017ൽ കപിൽ സിബൽ രാഹുലിനെ ട്വിറ്ററിൽ ‘അൺഫോളോ’ ചെയ്തതു വലിയ വിവാദമായി, വാർത്തയായി. ഉടൻതന്നെ അദ്ദേഹം വീണ്ടും രാഹുലിന്റെ ‘അനുയായി’യായാണു പ്രശ്നം പരിഹരിച്ചത്. സിബലിന്റെ പിന്മാറ്റം ബോധപൂർവമാണെന്നായിരുന്നു ആദ്യവ്യാഖ്യാനം. എന്നാൽ, സിബലിനു വേണ്ടി സമൂഹമാധ്യമങ്ങൾ‌ കൈകാര്യം ചെയ്യുന്നവരുടെ കൈപ്പിഴയാണു പ്രശ്നമായതെന്നു വിശദീകരണം വന്നു. വർഷങ്ങൾക്കിപ്പുറം രാഹുലിനെയും കോൺഗ്രസിനെയും ‘ശരിക്കും അൺഫോളോ’ ചെയ്തിരിക്കുകയാണു സിബൽ. ദേശീയ രാഷ്ട്രീയത്തിൽ വരുംദിവസങ്ങളിലെ ആകാംക്ഷാചോദ്യം ഇതാകും, ആരെയാകും സിബൽ ഇനി ഫോളോ ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!