തെരുവുകളില്‍ ആളിക്കത്തി കോണ്‍ഗ്രസ് പ്രതിഷേധം; കല്പറ്റയില് ഇന്ന് യു.ഡി.എഫ് റാലി

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ ഓഫീസിനുനേരെയുള്ള എസ്.എഫ്.ഐ. അക്രമത്തിനെതിരേ സംസ്ഥാനവ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം. വെള്ളിയാഴ്ച വൈകീട്ടോടെ തെരുവിലിറങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം പലയിടത്തും സംഘര്‍ഷമായി. തിരുവനന്തപുരത്ത് എ.കെ.ജി. സെന്ററിനുമുന്നില്‍ കുത്തിയിരിപ്പുസമരം നടത്തിയ വനിതാ കോണ്‍ഗ്രസുകാരെ പുരുഷ പോലീസ് കൈയേറ്റം ചെയ്തെന്ന് പരാതിയുയര്‍ന്നു. പിന്നീട് വനിതാ പോലീസുകാരെത്തി പ്രതിഷേധക്കാരെ നീക്കി. യൂത്ത് കോണ്‍ഗ്രസുകാരും പ്രതിഷേധപ്രകടനവുമായെത്തി.
ബേക്കറി ജങ്ഷനില്‍ സംഘടിപ്പിച്ച പ്രതിഷേധവും സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ചു. നന്ദാവനം പോലീസ് ക്യാമ്പ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. പ്രതിഷേധ പ്രകടനം യൂണിവേഴ്സിറ്റി കോളേജിനു സമീപം സംഘര്‍ഷാന്തരീക്ഷമുണ്ടാക്കി. മുഖ്യമന്ത്രിയുടെ ചിത്രമുള്ള ഫ്ളെക്സുകള്‍ പ്രതിഷേധക്കാര്‍ വലിച്ചുകീറി.
കോട്ടയത്ത് സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിലേക്കുള്ള മാര്‍ച്ചിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡി.വൈ.എഫ്.ഐ., എസ്.എഫ്.ഐ. പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. യൂത്ത്കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യന് ജോയി, കെ.പി.സി.സി. സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി എന്നിവര്‍ക്ക് പരിക്കേറ്റു. കുഞ്ഞിനെ ജില്ലാ ആശുപത്രിയിലേക്കു മാറ്റി

