KSDLIVENEWS

Real news for everyone

കേരളം പാഠ്യപദ്ധതി പരിഷ്കരിക്കും; കേന്ദ്രത്തോട് കലഹിക്കേണ്ടതില്ലെന്ന് നിലപാട്

SHARE THIS ON

തിരുവനന്തപുരം:എട്ടുവർഷത്തെ ഇടവേളയ്ക്കുശേഷം ഒന്നുമുതൽ പന്ത്രണ്ടുവരെ ക്ലാസുകളിലെ പാഠ്യപദ്ധതി പരിഷ്കരണ നടപടികളിലേക്ക് സംസ്ഥാനവും കടക്കുന്നു. കേന്ദ്ര വിദ്യാഭ്യാസ നയത്തോട് വിയോജിപ്പ് അറിയിച്ചിരുന്നെങ്കിലും പാഠ്യപദ്ധതിയുടെ കരട് തയ്യാറാക്കി കേന്ദ്രത്തിന് സമർപ്പിക്കാനാണ് ആലോചന.

രാഷ്ട്രീയ വിയോജിപ്പു പ്രകടമാക്കി പശ്ചിമബംഗാളും തമിഴ്‌നാടും കരട് നൽകാതെ കേന്ദ്രനയത്തോടുള്ള എതിർപ്പ് പരസ്യമാക്കിക്കഴിഞ്ഞു. തമിഴ്‌നാടാകട്ടെ സ്വന്തം നിലയ്ക്ക് പാഠ്യപദ്ധതി പരിഷ്കരണനടപടികൾ ആരംഭിച്ചു. നയപരമായ തീരുമാനമെടുത്തിട്ടില്ലെങ്കിലും കേന്ദ്രത്തോട് കലഹിക്കേണ്ടതില്ലെന്നാണ് കേരളത്തിന്റെ പൊതുനിലപാട്.


സംസ്ഥാനത്തിന്റേതായ രീതിശാസ്ത്രം അനുസരിച്ച്‌ തയ്യാറാക്കുകയും കേന്ദ്രം ഏതെങ്കിലും ഘട്ടത്തിൽ തടയിടുന്ന പക്ഷം ഇടപെടുകയും ചെയ്യാമെന്നാണ് ഇപ്പോഴത്തെ ധാരണ.

വിദ്യാഭ്യാസം കേന്ദ്രസംസ്ഥാന സർക്കാരുകൾക്ക് നിയമനിർമാണത്തിന് അവകാശമുള്ള വിഷയമായതിനാൽ ആ സ്വാതന്ത്ര്യം ഉപയോഗിക്കാനായേക്കുമെന്നാണ് കരുതുന്നത്. കേന്ദ്രഫണ്ടുകൾ നഷ്ടമാക്കേണ്ടതില്ലെന്ന നിലപാടും സർക്കാരിനുണ്ട്.


സംസ്ഥാനങ്ങളിൽനിന്നുള്ള കരട് അംഗീകരിച്ച് ദേശീയ പാഠ്യപദ്ധതിയുടെ ചട്ടക്കൂട് തയ്യാറാക്കി സംസ്ഥാനങ്ങൾക്ക് അയച്ചുകഴിഞ്ഞാൽ അതിൽ പിന്നീട് കാര്യമായ മാറ്റംവരുത്താനാകില്ലെന്നതാണ് സംസ്ഥാനങ്ങളുടെ ആശങ്ക. കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ അജൻഡ പാഠ്യപദ്ധതിയിലൂടെ നടപ്പാക്കപ്പെട്ടേക്കുമെന്നും സംശയിക്കുന്നു.

ഫോക്കസ് ഗ്രൂപ്പ് ഉടൻ

പാഠപുസ്തക പരിഷ്കരണത്തിന് ഫോക്കസ് ഗ്രൂപ്പുകളുടെ രൂപവത്കരണത്തിനുള്ള വിദഗ്‌ധരുടെ പാനൽ തയ്യാറാക്കുന്നതിനുള്ള നടപടികൾ എസ്.സി.ഇ.ആർ.ടി.യുടെ നേതൃത്വത്തിൽ ഉടൻ തുടങ്ങും. പാഠ്യപദ്ധതി – പഠനസമീപനം, ഭാഷാവിഷയങ്ങൾ, ലിംഗനീതി തുടങ്ങി ഇരുപതോളം വിഷയങ്ങളിൽ വിദഗ്‌ധരുടെ പാനൽ അടങ്ങിയതാണ് ഫോക്കസ് ഗ്രൂപ്പുകൾ. യു.ഡി.എഫ്. സർക്കാർ നിയോഗിച്ച പി.കെ. അബ്ദുൽ അസീസ് കമ്മിറ്റിയുടെ നിർദേശാനുസരണം 2013-’14, 2014-’15 ഓടെയാണ് അവസാനമായി ഒന്നുമുതൽ പന്ത്രണ്ടുവരെ ക്ലാസുകളിലെ പാഠ്യപദ്ധതി പൂർണമായി പരിഷ്കരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!