KSDLIVENEWS

Real news for everyone

പശ്ചിമേഷ്യൻ യുദ്ധം ചായക്കടയിൽ വരെയെത്തി; ചായയ്ക്കും പൊറോട്ടയ്ക്കും ചപ്പാത്തിക്കും ഉൾപ്പെടെ വില വർധന

SHARE THIS ON

പശ്ചിമേഷ്യൻ യുദ്ധം കാരണം പാചകവാതക വിലയിലുണ്ടായ അനിയന്ത്രിതമായ വർധനയെ തുടർന്ന് ഹോട്ടലുകളിൽ ഭക്ഷണ സാധനങ്ങളുടെ വിലവർധിപ്പിച്ചത് സാധാരണക്കാർക്ക് തിരിച്ചടിയാവുന്നു. ചായയ്ക്കും പൊറോട്ടയ്ക്കും ചപ്പാത്തിക്കും ഉൾപ്പെടെയാണു വില വർധിപ്പിച്ചിരിക്കുന്നത്. മിക്ക ഹോട്ടലുകളിലും ചായയ്ക്ക് 15 രൂപയാണു പുതുക്കിയ നിരക്ക്. 10–12 രൂപയിൽ നിന്നാണ് ഒറ്റയടിക്ക് 15 രൂപയിൽ എത്തിയത്. കാപ്പിയുടെ വില 22–25 രൂപ നിരക്കിലാണ്. നേരത്തെ 20 രൂപയായിരുന്നു.

പൊറോട്ട വില 13ൽ നിന്നു 16 രൂപയായി. ചപ്പാത്തിക്ക് ഒരു രൂപ മുതൽ 5 രൂപ വരെ വർധിപ്പിച്ചിട്ടുണ്ട്. ചപ്പാത്തി കോർണറുകളിലും വില കൂടിയിട്ടുണ്ട്. ഊണ്, ബിരിയാണി എന്നിവയ്ക്ക് 10 മുതൽ 20% വരെ വർധനയുണ്ട്. നേരത്തെ 50 രൂപയ്ക്കു ഉൗൺ നൽകിയിരുന്ന ഹോട്ടലുകളിൽ നിലവിലെ ഇൗടാക്കുന്നത് 70 രൂപയാണ്. ഉൗണിനോടൊപ്പം നൽകിയിരുന്ന വിഭവങ്ങളുടെ എണ്ണം കുറച്ചിട്ടുമുണ്ട്. ബിരിയാണി വിലയിലും വർധനയുണ്ട്. മിക്ക ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ബിരിയാണിക്ക് 20 രൂപ മുതൽ 40 രൂപ വരെ വില വർധിച്ചിട്ടുണ്ട്.

ലഘുഭക്ഷണങ്ങൾ, പലഹാരങ്ങൾ എന്നിവയ്ക്കു 3 രൂപ മുതൽ 8 രൂപ വരെ വർധനയുണ്ട്.ബേക്കറികളിലും ചായയും ചെറുകടികളുമായി വൈകിട്ട് സജീവമാകുന്ന കടകളിലും വില വർധന വരുത്തിയിട്ടുണ്ട്. നേരത്തെ 5 രൂപയ്ക്കു ചെറു എണ്ണക്കടികൾ വിൽപന നടത്തിയ കടകളിൽ നിലവിലെ വില 8 രൂപയായി. ചായയുടെ വില 10 രൂപയായി വർധിച്ചു. ബേക്കറികളിൽ ചായയുടെ വില 15 രൂപയായി.

നഗരമേഖലകളിൽ ജോലി, വിദ്യാഭ്യാസ കാര്യങ്ങൾക്കായി ഒറ്റയ്ക്കും സംഘമായും താമസിക്കുന്നവരെയാണു കൂടുതലായും വില വർധന ബാധിക്കുക. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ഹോർമുസ് കടലിടുക്കു വഴിയുള്ള ഇന്ധന നീക്കം സ്തംഭിച്ചതിനു തൊട്ടുപിന്നാലെ രാജ്യത്തു വാണിജ്യ പാചകവാതക വിതരണത്തിനു കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ലഭ്യതക്കുറവ് ഏറ്റവും രൂക്ഷമായി ബാധിച്ച ഹോട്ടലുകൾ വിഭവങ്ങളുടെ എണ്ണം പരിമിതപ്പെടുത്തിയും അൽപം വില കൂട്ടിയും സമാന്തരമായി വിറക് ഉപയോഗിച്ചുമൊക്കെ പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് എണ്ണക്കമ്പനികൾ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചത്.

ഇതോടെയാണു വിലവർധന വരുത്താതെ പിടിച്ചുനിൽക്കാനാകില്ലെന്ന സാഹചര്യമുണ്ടായതെന്നു ഹോട്ടലുടമകൾ പറയുന്നു. പാചകവാതകത്തിനു പുറമേ പാൽ, ഭക്ഷ്യ എണ്ണ, പച്ചക്കറി എന്നിവയുടെ വില കൂടിയതും നിരക്ക് കൂട്ടാൻ കാരണമായി. ചെറുകിട ഹോട്ടലുകളെയാണ് സിലിണ്ടർ ക്ഷാമവും വിലക്കയറ്റവും സാരമായി ബാധിച്ചിരിക്കുന്നത്. വാണിജ്യ സിലിണ്ടറുകളുടെ വില കുതിച്ചുയർന്നത് സ്ഥാപനങ്ങളുടെ വരുമാനത്തിലും വലിയ ഇടിവാണ് ഉണ്ടാക്കിയിരിക്കുന്നത്. സിലിണ്ടർ ക്ഷാമം രൂക്ഷമായതോടെ ചില ഹോട്ടലുകൾ വിറകടപ്പിലേക്ക് മാറിയിരുന്നു. എന്നാൽ, സിലിണ്ടർ പ്രതിസന്ധി മറയാക്കി വിറകിനും വില വർധിപ്പിച്ചെന്നു ഹോട്ടലുടമകൾ പറയുന്നു.

ഒരു അട്ടി വിറകിന്റെ വില 1,000 രൂപയിൽ നിന്നു 3,000 രൂപയായാണു വർധിച്ചത്. ഇൻഡക്‌ഷൻ രീതിയിൽ വലിയ തോതിൽ പാചകം ചെയ്യാനുള്ള സംവിധാനമുണ്ടെങ്കിലും അതിനു കൂടുതൽ ചെലവു വരുമെന്നതിനാൽ നിലവിലെ സാഹചര്യത്തിൽ അതും പ്രായോഗികമല്ലെന്ന് ഹോട്ടലുടമകൾ പറയുന്നു. നഗരങ്ങളിൽ തൊഴിലിനെത്തുന്ന പലർക്കും പുറത്തു നിന്നുള്ള ഭക്ഷണത്തെ ആശ്രയിക്കാതെ നിവൃത്തിയില്ല.

വില കൂട്ടിയതോടെ ഹോട്ടലുകളിൽ തിരക്ക് കുറയുമോയെന്ന ആശങ്കയും ഉടമകൾക്കുണ്ട്. പശ്ചിമേഷ്യയിലെ യുദ്ധം തുടങ്ങി 62 ദിവസത്തിനിടെ രാജ്യത്ത് വാണിജ്യ സിലിണ്ടർ വിലയിൽ 1303 രൂപയുടെ വർധനയാണുണ്ടായത്. ഏറ്റവുമൊടുവിലായി കഴിഞ്ഞ 2നാണ് വില വർധിപ്പിച്ചത്. ഒറ്റയടിക്ക് 993 രൂപയാണു അന്നു വർധിപ്പിച്ചത്. കഴിഞ്ഞ മാർച്ചിൽ 114.50 രൂപയും ഏപ്രിലിൽ 195.90 രൂപയും വർധിപ്പിച്ചിരുന്നു. നിലവിൽ 19 കിലോഗ്രാം സിലിണ്ടറിന് 3200 രൂപയാണ് വില. യുദ്ധത്തിനു മുൻപ് 1610 രൂപയായിരുന്നു വില.

error: Content is protected !!