KSDLIVENEWS

Real news for everyone

തിരുത്തൽ തുടങ്ങിയത് സുധീരൻ; കപ്പിനും ചുണ്ടിനുമിടയിൽ പലവട്ടം; 2011ൽ കൈവിട്ടുപോയ മന്ത്രിസ്ഥാനം,ഒടുവിൽ ഇത് അർഹതയ്ക്കുള്ള അംഗീകാരം

SHARE THIS ON

ട്വിസ്റ്റുകൾ നിറഞ്ഞതായിരുന്നു വി.ഡി സതീശൻ എന്ന കോൺഗ്രസുകാരന്റെ രാഷ്ട്രീയ ജീവിതം. കെ.എസ്.യു.വിലും യൂത്ത് കോൺഗ്രസിലുമെല്ലാം തിളങ്ങുന്ന നക്ഷത്രമായിരുന്നെങ്കിലും അർഹതപ്പെട്ട കെ.എസ്.യു., യൂത്ത് കോൺഗ്രസ് പ്രസിഡന്റ് പദവികളും 2011-ൽ ഉറപ്പിച്ച മന്ത്രിസ്ഥാനവും അദ്ദേഹത്തിന് നഷ്ടമായിട്ടുണ്ട്. 2011-ൽ മന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അത് ലഭിക്കാത്തതിൽ തനിക്ക് വലിയ വിഷമമുണ്ടായതായി അദ്ദേഹംതന്നെ പിൽക്കാലത്ത് തുറന്നുപറഞ്ഞിട്ടുണ്ട്. പാർട്ടിയിൽ തന്നെ സംരക്ഷിക്കാൻ ‘ഗോഡ്ഫാദർമാർ’ ഇല്ലാതിരുന്നതാണ് പലപ്പോഴും തഴയപ്പെടാൻ കാരണമായതെന്ന തോന്നലും അദ്ദേഹത്തിനുണ്ടായിരുന്നു. അങ്ങനെ കപ്പിനും ചുണ്ടിനുമിടയിൽ പലപ്പോഴായി വഴുതിപ്പോയ സ്ഥാനമാനങ്ങൾക്കൊടുവിൽ കേരളത്തിന്റെ 16-ാം മന്ത്രിസഭയുടെ കപ്പിത്താൻ പദവി അദ്ദേഹത്തെ തേടിയെത്തിയിരിക്കുകയാണ്

യു.ഡി.എഫിനെ മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ താൻ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് ഉറക്കെ പ്രഖ്യാപിച്ചാണ് വി.ഡി. ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഗ്രൗണ്ട് ലെവലിൽ നിലവിലെ രാഷ്ട്രീയ അടിത്തറയൊരുക്കി മുന്നൊരുക്കം നടത്തിയാണ് ആത്മവിശ്വാസത്തോടെയുള്ള അദ്ദേഹത്തിന്റെ ആ പ്രഖ്യാപനം. 100-ലധികം സീറ്റുകൾ നേടി യു.ഡി.എഫ്. അധികാരത്തിൽ വരുമെന്നും ഒരു ഡസനോളം മന്ത്രിമാർ ഇത്തവണ തോൽക്കുമെന്നും പ്രഖ്യാപിച്ചത് അദ്ദേഹംതന്നെ. ആ വാക്കുകളിലെ ആത്മവിശ്വാസം കടമെടുത്താണ് ഇത്തവണ ഓരോ കോൺഗ്രസ് പ്രവർത്തകനും തിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണിക്കായി പണിയെടുത്തത്. പറഞ്ഞ ഓരോ വാക്കും മേയ് നാലാം തീയതി ഫലം വന്നപ്പോൾ അച്ചട്ടായി. വി.ഡി. കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെന്ന് ഓരോരുത്തരും ഉറപ്പിച്ച ഘട്ടത്തിലാണ് അപ്രതീക്ഷിതമായ ചില കുഴഞ്ഞുമറിയലുകൾ സംഭവിക്കുന്നത്.

സതീശനൊപ്പം രമേശ് ചെന്നിത്തലയുടെയും ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ മുഖമായ കെ.സി വേണുഗോപാലിന്റെയും പേരുകൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുകേട്ടു. ഇതോടെ സംസ്ഥാനത്ത് ഓരോരുത്തരേയും പിന്തുണയ്ക്കുന്ന പ്രവർത്തകർ ഫ്‌ളക്‌സ് യുദ്ധമാരംഭിച്ചു. 102 സീറ്റ് നേടി അധികാരത്തിലേറിയ കോൺഗ്രസുകാരെ നോക്കി നാട്ടുകാർ കളിയാക്കാൻ അതുമാത്രം മതിയായിരുന്നു. തർക്കം മുറുകിയതോടെ ഹൈക്കമാൻഡ് നിർദേശമനുസരിച്ച് അജയ് മാക്കനും മുകുൾ വാസ്‌നിക്കും കേരളത്തിലെത്തി എം.എൽ.എ.മാരുടെ അഭിപ്രായം തേടി. എം.എൽ.എ.മാരിൽ ഭൂരിപക്ഷത്തിന്റെ പിന്തുണ കെ.സി. വേണുഗോപാലിനാണെന്ന വാർത്തകൾ വി.ഡി. പക്ഷത്തെ നിരാശരാക്കി.

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ തിരക്കിട്ട രാഷ്ട്രീയചർച്ചകൾക്കും കരുനീക്കങ്ങൾക്കും പിന്നീട് രാജ്യതലസ്ഥാനം വേദിയാകുന്നതാണ് കണ്ടത്. മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള എ.ഐ.സി.സി.യുടെ ഹിതപരിശോധനാറിപ്പോർട്ട് നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് വൈകാതെ കൈമാറി. വി.ഡി. സതീശന്റെ പേര് മുസ്ലിംലീഗ് നിർദേശിച്ചതും എം.എൽ.എ.മാരിൽനിന്ന് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കണമെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ആവശ്യപ്പെട്ടതുമെല്ലാം ഇതിനിടെ ഹൈക്കമാൻഡിന്റെ മുന്നിലെത്തി.

പിന്നീട് കണ്ടത് മാരത്തൺ ചർച്ചകളുടെ ദിനരാത്രങ്ങളാണ്. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുമായി രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഒറ്റയ്‌ക്കൊറ്റയ്ക്ക് സംസാരിച്ചു. ഇതിനിടെ സംസ്ഥാനത്തെ പ്രധാന നേതാക്കളെ ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചും അഭിപ്രായം തേടി. വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസൻ, കെ. മുരളീധരൻ, കെ. സുധാകരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരോടും വർക്കിങ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പിൽ എന്നിവരോടാണ് ഡൽഹിയിലെത്താൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടത്.

നിർണായകമായി വി.എം സുധീരന്റെ നിലപാട്

വി.ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്തെത്തിക്കുന്നതിൽ നിർണായകമായത് വി.എം സുധീരന്റെ നിലപാടായിരുന്നു. ആ നിലപാടിന് ബലമേകി മുൻ കെ.പി.സി.സി. പ്രസിഡന്റുമാരായ മുല്ലപ്പള്ളി രാമചന്ദ്രനും കെ. മുരളീധരനും സതീശനാണ് അർഹത എന്ന് ബോധ്യപ്പെടുത്തി. സംസ്ഥാനത്തെ ജനവികാരം സുധീരൻ രാഹുൽ ഗാന്ധിയെ അറിയിച്ചിരുന്നു. സംസ്ഥാനത്ത് കാണുന്ന പ്രതിഷേധങ്ങൾ ജനവികാരമാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം രാഹുലിനെ അറിയിച്ചു. ഇത് അവഗണിക്കുന്നത് പാർട്ടിക്ക് ദോഷംചെയ്യുമെന്ന മുന്നറിയിപ്പും സുധീരൻ നൽകി. മുഖ്യമന്ത്രി തീരുമാനത്തിനു പിന്നാലെ ഒരു ഉപതിരഞ്ഞെടുപ്പിന് സാഹചര്യമുണ്ടായാൽ അത് പാർട്ടിയെ ദോഷകരമായി ബാധിക്കുമെന്നും സുധീരൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ നിർദേശങ്ങളെല്ലാം വി.ഡി. സതീശൻ എന്ന പേരിലേക്കെത്താൻ ഹൈക്കമാൻഡിനെ സ്വാധീനിച്ചെന്നാണ് റിപ്പോർട്ട്.

error: Content is protected !!